തിരുവനന്തപുരം: അഞ്ച് വർഷം മുമ്പ് നേമത്തിന്റെ വോട്ട് എണ്ണുമ്പോൾ ആദ്യ ഘട്ടത്തിൽ ബിജെപിയുടെ ഒ രാജഗോപാൽ ബഹുദൂരം മുന്നിൽ. ഒരു ഘട്ടത്തിൽ നാലായിരം വോട്ട് വരെ ഭൂരിപക്ഷം പോയി. ഇതോടെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് സിപിഎമ്മിന്റെ വി ശിവൻകുട്ടി ഇറങ്ങി പോവുകയും ചെയ്തു. ബിജെപി വിജയാഹ്ലാദവും തുടങ്ങി. എല്ലാം പെട്ടെന്ന് മാറി മറിഞ്ഞു. ന്യൂനപക്ഷ മേഖലയിൽ വോട്ട് എണ്ണിയപ്പോൾ ശിവൻകുട്ടി കുതിച്ചുകയറി. യുഡിഎഫ് സ്ഥാനാർത്ഥിയായ ചാരുപാറ രവിക്ക് കടലോരത്ത് യാതൊരു ചലനവുമുണ്ടായതുമില്ല. ഇതോടെ വോട്ടുകളെല്ലാം സിപിഎമ്മിനായി. രാജഗോപാലിനെ പിന്തള്ളി ശിവൻകുട്ടി ജയിച്ചു കയറുകയും ചെയ്തു. ഇത്തവണ വീണ്ടും രാജഗോപാലും ശിവൻകുട്ടിയും നേമത്ത് മാറ്റുരയ്ക്കാനെത്തുന്നു. യുഡിഎഫിൽ നിന്ന് ആഗോള പ്രശസ്തനായ ടിപി ശ്രീനിവാസനും. ഇതോടെ ഈ നിയമസഭാ തെരഞ്ഞെടുപ്പിലും കേരളത്തിലെ ഗ്ലാമർ മണ്ഡലമായി നേമം മാറുകയാണ്.

സിപിഎമ്മിന് തോൽക്കാൻ മനസ്സിലാത്ത മണ്ഡലമാണ് നേമം. രണ്ട് തവണ തുടർച്ചയായി ജയിച്ചവർക്ക് സീറ്റ് നൽകേണ്ടതില്ലെന്നാണ് സിപിഐ(എം) നിലപാട്. അതു പക്ഷേ നേമത്ത് ബാധകമല്ലാതാകുന്നതും മണ്ഡലത്തിന്റെ പ്രാധാന്യം കൊണ്ടുമാത്രമാണ്. അപ്പോഴും സിപിഎമ്മിന് ഒരുകാര്യമറിയാം. നേമത്തെ രാഷ്ട്രീയ മനസ്സ് മാറിയിരിക്കുന്നു. തിരുവനന്തപുരം കോർപ്പറേഷന്റെ 37 മുതൽ 39 വരേയും 48 മുതൽ 58 വരേയും 61 മുതൽ 68 വരേയും വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണിത്. ഈ വാർഡുകളിൽ എല്ലാം ബിജെപി വലിയ നേട്ടമുണ്ടാക്കി. മുമ്പ് രാജഗോപാലിന് മാത്രം വോട്ട് ചെയ്തിരുന്നവർ ബിജെപിയുടെ മറ്റുള്ള സ്ഥാനാർത്ഥിക്കും വോട്ട് ചെയ്യുന്നു. ഇതോടെ നേമത്ത് ജയിക്കാനാവുന്ന പാർട്ടിയാണ് ബിജെപിയെന്ന പ്രതീതി വളർന്നു. ഈ സാഹചര്യത്തിൽ രാജഗോപാലിന്റെ പ്രതിച്ഛായ കൂടുതൽ പേരെ സ്വാധീനിക്കും.

നേമത്ത് രാജഗോപാലിന്റെ രണ്ടാമത്തെ മത്സരമാണ്. ലോക്‌സഭയിലേക്ക് പലതവണ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചു. അപ്പോഴെല്ലാം രാജഗോപാൽ വിജയിക്കുമെന്ന് വിലയിരുത്തലെത്തി. എന്നാൽ അവസാന റൗണ്ടുകളിൽ പിന്തള്ളപ്പെട്ടു. വാജ്‌പേയ് സർക്കാരിൽ റയിൽവേ മന്ത്രിയായിരുന്ന രാജഗോപാൽ നടത്തിയ വികസനങ്ങൾ തിരുവനന്തപുത്തുകാർക്ക് ഇന്നും ഓർമ്മയുണ്ട്. അതിനപ്പുറത്തേക്ക് ഒരു കേന്ദ്രമന്ത്രിയും ഒന്നും ചെയ്തില്ലെന്നും പറയുന്നു. അതുകൊണ്ട് രാഷ്ട്രീയത്തിന് അപ്പുറം ഒരു വികാരം എന്നും രാജഗോപാലിന് അനുകൂലമായി രൂപപ്പെടാറുണ്ട്. ഇത് ഇത്തവണയും ചർച്ചയാകും. എൺപത്തിയാറ് വയസ്സുകഴിഞ്ഞ രാജഗോപാലിന് ഇത് അവസാന നിയമസഭാ മത്സരമാണ്. തമിഴ്‌നാട് ഗവർണ്ണർ സ്ഥാനം അടക്കം പല ഓഫറുകളും ഉണ്ടായിട്ടും അതൊക്കെ വേണ്ടെന്ന് വച്ചിട്ടാണ് നേമത്ത് മത്സരത്തിനെത്തുന്നത്. അതുകൊണ്ട് തന്നെ അവസാന മത്സരത്തിനെത്തുന്ന രാജഗോപാലിന് അനുകൂല തരംഗം നേമത്ത് ആഞ്ഞടിക്കുമെന്നാണ് വിലയിരുത്തൽ.

കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയതോടെ ക്രൈസ്തവ വിഭാഗവും ബിജെപിയുമായി അടുക്കുന്നു. ഇതും രാജഗോപാലിന് മുൻതൂക്കം നൽകും. എല്ലാത്തിനും ഉപരി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജഗോപാലിന് നേമത്ത് കിട്ടിയത് പന്ത്രണ്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ്. ശക്തമായ ത്രികോണ മത്സരമുണ്ടായാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ട് നിലനിർത്തിയാൽ പോലും രാജഗോപാൽ ജയിക്കും. മണ്ഡലം ഇളക്കിമറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെത്തും. ഇവിടെ കോൺഗ്രസ് പരീക്ഷണത്തിനാണ് തയ്യാറെടുക്കുന്നത്. വിദേശ കാര്യവിദഗ്ധനം മുൻ അംബാസിഡറുമായ ടിപി ശ്രീനിവാസനെയാണ് പരിഗണിക്കുന്നത്. ഈ പരീക്ഷണം ഗുണമാകുമെന്ന് ബിജെപിയും സിപിഎമ്മും കരുതുന്നുവെന്നതാണ് മറ്റൊരു യാഥാർത്ഥ്യം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ചാരുപാറ രവി നേടിയത് ഇരുപതിനായിരം വോട്ട് മാത്രമാണ്. രാജഗോപാലിനെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ന്യൂനപക്ഷ വോട്ടുകളെല്ലാം ശിവൻകുട്ടിക്ക് അനുകൂലമായി പോൾ ചെയ്തിരുന്നു. ഇത് രാജഗോപാലിന്റെ പരാജയത്തേയും സ്വാധീനിച്ചു. ശ്രീനിവാസന്റെ സ്ഥാനാർത്ഥിത്വത്തോട് കോൺഗ്രസുകാർ ഇത്തവണയും മുഖം തിരിക്കും. അതുകൊണ്ട് തന്നെ ടിപി ശ്രീനിവാസന് വലിയ ചലനമുണ്ടാക്കാൻ കഴിയില്ലെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേമത്തെ ന്യൂനപക്ഷം രാജഗോപാലിന് വോട്ട് ചെയ്തു. അതുകൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജഗോപാലിനെതിരായ വോട്ട് കേന്ദ്രീകരണം നടക്കില്ലെന്നാണ് ബിജെപിയുടെ പക്ഷം.

എന്നാൽ ശ്രീനിവാസന്റെ സ്ഥാനാർത്ഥിത്വം അഞ്ചുവർഷം മുമ്പത്തെ സാഹചര്യമുണ്ടാക്കുമെന്നാണ് സിപിഐ(എം) വിലയിരുത്തൽ. ശിവൻകുട്ടി മണ്ഡലത്തിൽ നടപ്പാക്കിയ വികസനത്തിലൂടെ ജയിച്ചു കയറാമെന്നാണ് പ്രതീക്ഷ. കോൺഗ്രസ് വോട്ടുകളും ന്യൂനപക്ഷവും ഇത്തവണയും വോട്ട് ചെയ്യും. ജെഎൻയു പോലുള്ള വിഷയത്തിൽ സിപിഐ(എം) നടത്തിയ ഇടപെടൽ എല്ലാവർക്കും അറിയാവുന്നതാണ്. ഇത് കൂടുതൽ വോട്ടുകളെത്തിക്കും. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ അഴിമതി പോരാട്ടം നടത്തിയതിൽ മുന്നിൽ നിന്നതും ശിവൻകുട്ടിയാണ്. കൺസ്യൂമർ ഫെഡ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശിവൻകുട്ടി സജീവമായി ഇടപെട്ടും. നിയമപോരാട്ടങ്ങൾക്കും മുന്നിൽ നിന്നു. ഈ പോരാട്ട നായകനെന്ന പരിവേഷം ശിവൻകുട്ടിക്ക് വോട്ടുകൾ നൽകുമെന്നാണ് സൂചന.

വിദ്യാ സമ്പന്നർ ഏറെയുള്ള മണ്ഡലത്തിൽ ടി.പി ശ്രീനിവാസന നിർത്തിയാൽ അനായസമായ വിജയം ഉറപ്പാണെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ബിജെപിക്ക് കാര്യമായ വളർച്ചയുള്ള മണ്ഡലം കൂടിയാണ് മുൻ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലം എന്നറിയപ്പെടുന്ന നേമം. കോവളത്ത് നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിനെത്തിയ ശ്രീനിവാസനെ എസ്.എഫ്.ഐക്കാർ അടിച്ചു വീഴ്ചത്തിയ സംഭവം സിപിഎമ്മിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ഇവിടെ ശ്രീനിവാസനെ കോൺഗ്രസ് മത്സരിപ്പിക്കുകയാണെങ്കിൽ സിപിഎമ്മിന് ഒരു തരത്തിലുള്ള പ്രതീക്ഷയും വേണ്ടെന്നാണ് നേമത്തുകാർ ഇതിനകംതന്നെ വ്യക്തമാക്കിയത്. എസ്.എഫ്.ഐയിലെ ചില അവിവേകികൾ ചെയ്ത നടപടി പാർട്ടിക്കും മുന്നണിക്കും ഉണ്ടാക്കുന്ന ദുരന്തം വളരെ വലുതാണെന്ന് മണ്ഡലത്തിലെ മുന്നണി പ്രവർത്തകരും സിപിഐ(എം) നേതാക്കളും പറയുന്നുണ്ട്.

അതുകൊണ്ടുതന്നെ നേമത്ത് യഥാർഥത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലായിരിക്കും യഥാർഥ മത്സരമെന്നാണ് കോൺഗ്രസുകാരുടെ വാദം.