- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആർഎസ്എസ് എന്ന് കേൾക്കുമ്പോൾ ഞെട്ടി ഉണരുന്ന നായനാർ; പേരിനു പോലും ആർ എസ് എസ് ഇല്ലാത്ത പിണറായിയിൽ മുസ്ലിം പള്ളി തകർത്തതും ഖുർആൻ വലിച്ചുകീറിയതും പള്ളികളിൽ ജയ് ആർഎസ്എസ് എന്ന് എഴുതിയതും ആര്? ഉത്തരവാദികൾ സിപിഎമ്മുകാർ; തലശ്ശേരി കലാപത്തിൽ രാജഗോപാലിന്റെ ആത്മകഥ
കോഴിക്കോട്: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാലിന്റെ ആത്കഥയായ 'ജീവിതാമൃതം' ദിവസങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങിയത്. സ്വാതന്ത്ര്യസമരകാലഘട്ടം തൊട്ട് നേമം എംഎൽഎ ആയി പ്രവർത്തിച്ച ഇക്കഴിഞ്ഞ മാസങ്ങൾവരെയുള്ള തന്റെ ജീവിതകഥയ്ക്ക് ഒപ്പം, പാർട്ടിയുടെയും വളർച്ചയും ഇന്ത്യൻ രാഷ്ട്രീയത്തിലെ വിവിധ സംഭവ വികാസങ്ങളുമൊക്കെ ഒ.രാജഗോപാലിന്റെ ആത്മകഥയിൽ കടുന്നുവരുന്നുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യം, ഗാന്ധിവധം, കേരളപ്പറവി, ജനസംഘത്തിന്റെ തുടക്കം, മലപ്പുറം ജില്ല വിരുദ്ധ സമരം, തളിക്ഷേത്ര സമരം, അടിയന്തരാവസ്ഥ, ജനതാപാർട്ടി, ബിജെപിയുടെ ആവിർഭാവം, ആയോധ്യ പ്രശ്നം, വാജ് പേയ് സർക്കാർ, രാജ്യസഭാ എംപി സ്ഥാനം, മന്ത്രി പദവി, നേമത്തെ വിജയം തുടങ്ങി അങ്ങേയറ്റം സംഭവ ബഹുലമായ എട്ട് പതിറ്റാണ്ട് നീളുന്ന അനുഭവങ്ങളാണ്, മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ഈ അത്മകഥയിൽ ഉള്ളത്. ദീൻദയാൽ ഉപാധ്യായയും മന്നത്ത് പത്മനാഭനും തൊട്ട് അദ്വാനിയും, ജോഷിയും, വാജ്പേയിയും, നരേന്ദ്ര മോദിയും വരെ നീളുന്ന ബിജെപി നേതാക്കളുമായുള്ള സൗഹൃദവും ഒന്നിച്ച് പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങളും അദ്ദേഹം ഈ പുസ്തകത്തിൽ എഴുതുന്നുണ്ട്. അതുപോലെ കെ.ആർ നാരായണൺ, എ.പി.ജെ അബ്ദുൽകലാം എന്നിവരെ രാഷ്ട്രപതിയാക്കാൻ താൻ നടത്തിയ ശ്രമങ്ങളും, മന്ത്രിയായിരുന്നപ്പോൾ കേരളത്തിനായി നടത്തിയ പ്രത്യേക സേവനങ്ങളും രാജഗോപാൽ എടുത്തു പറയുന്നുണ്ട്.
അതുപോലെ തന്നെ 'ഒരു രാഷ്ട്രീയ പരീക്ഷണം' എന്ന് പേരിട്ട അധ്യായത്തിൽ 1991ലെ നിയമസഭാ തെരെഞ്ഞടുപ്പിൽ ബിജെപി യു.ഡി.എഫുമായി രഹസ്യബാന്ധവം ഉണ്ടാക്കിയതും അദ്ദേഹം സമ്മതിക്കുന്നുണ്ട്. ബിജെപി വോട്ടുകൾ കൃത്യമായി യു.ഡി.എഫിന് കിട്ടിയെങ്കിലും, യു.ഡി.എഫ് വോട്ടുകൾ പറഞ്ഞ സീറ്റുകളിൽ താമരയ്ക്ക് വീണില്ല. അങ്ങനെ കോലീബീ സഖ്യമെന്ന് അപഖ്യാതിമാത്രം തങ്ങൾക്ക് സമ്മാനിച്ച് ആ രാഷ്ട്രീയ പരീക്ഷണം പരാജയപ്പെട്ടുവെന്നും രാജഗോപാൽ എഴുതുന്നു. പക്ഷേ പുസ്തകത്തിൽ ഏറെ വിവാദമാകുന്നത് തലശ്ശേരി കലാപത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾ ആണ്.
സിപിഎം ശക്തികേന്ദ്രത്തിൽ എങ്ങനെ പള്ളി തകർന്നു?
തലശ്ശേരി കലാപത്തെക്കുറിച്ച് 'ജീവിതാമൃതത്തിൽ' ഒ.രാജഗോപാൽ ഇങ്ങനെ എഴുതുന്നു. ''1971 ഡിസംബറിൽ തലശ്ശേരിയിലെ മുഴുപ്പിലങ്ങാട് ശ്രീകുറുംബ ക്ഷേത്രത്തിലെ ഉത്സവത്തോടെയാണ് തലശ്ശേരി കലാപം ആരംഭിക്കുന്നത്. ക്ഷേത്രാത്സവത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രക്ക് നേരെ ആരോ ചെരുപ്പെറിഞ്ഞത് സംഭവങ്ങൾക്ക് തുടക്കം കുറിച്ചു. എന്നാൽ ഇത്തരം ഒരു അതിക്രമത്തിന് ഒരിക്കലും ഒരു മുസ്ലിം ഒരുങ്ങില്ല എന്നതാണ് വാസ്തവം. ആ പ്രവർത്തിയുടെ ഉത്തരവാദികൾ, സിപിഎമ്മുകാർ ആണെന്ന് സ്വാഭാവികമായും നമുക്ക് ഊഹിക്കാനാവും. ഇതിനുമുമ്പുതന്നെ മുസ്ലിം ലീഗ്, സിപിഐ നയിക്കുന്ന സി അച്യുതമോനോൻ മന്ത്രിസഭയിൽ ചേർന്നിരുന്നു. അതിൽ പ്രതിഷേധിച്ച് മാർക്സിസ്റ്റുകാർ ലീഗുകാർക്കെതിരെ പ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായി അവർ തന്നെ ആസൂത്രണം ചെയ്തതായിരുന്നു ഈ കലാപം. എന്നിട്ട് അതിന്റെ ഉത്തരവാദിത്തം ആർ.എസ്.എസിന്റെയും ജനസംഘത്തിന്റെയും തലയിൽ കെട്ടിവെക്കുക അതായിരുന്നു അവർ അന്ന് സ്വീകരിച്ച തന്ത്രം.
തലശ്ശേരി കലാപം നടക്കുന്ന സമയത്ത്, രാത്രികളിൽ സിപിഎം പ്രവർത്തകർ തെരുവിൽ പ്രകടനം നടത്തും. ആ സമയത്ത് 'ജയ് ജയ് ആർഎസ്എസ്' എന്ന് മുദ്രാവാക്യം വിളിക്കുകയും, മുസ്ലിം പള്ളികൾക്ക് നേരെ കല്ലെറിയുകയും ചെയ്യും. അതുമാത്രമല്ല, പള്ളി ചുമരുകളിൽ ജയ് ജയ് ആർഎസ്എസ് എന്ന് എഴുതിവെക്കാനും അവർ മടിച്ചില്ല. അതോടോപ്പം പുറത്ത്നിന്ന് വരുന്ന പ്രവർത്തകരുടെ നേതൃത്വത്തിൽ മുസ്ലിം വീടുകളിൽ കയറി അക്രമങ്ങൾ കാണിക്കുകയും ഖുർആൻ വലിച്ച് കീറുകയും ചെയ്യും. ഇതൊക്കെ ചെയ്യുന്നത്, ഒരു മാർക്സിസ്റ്റുകാരൻ ആയിരിക്കില്ല മറിച്ച്, ആർഎസ്എസ് കാരനായിരിക്കുമെന്ന് മുസ്ലീങ്ങൾ വിശ്വസിച്ചുകൊള്ളും എന്നായിരുന്നു അവരുടെ ധാരണ. എന്നാൽ അവരെല്ലാം, മാർക്സിസ്റ്റുകാർ ആണെന്നും, ആർ.എസ്.എസുകാർ അല്ലെന്നും അവിടെയുള്ള മുസ്ലീങ്ങൾ മനസ്സിലാക്കിയിരുന്നു എന്നതായിരുന്നു സത്യം.
ഇത്തരത്തിൽ ഉണ്ടായ പല സംഘർഷങ്ങളെക്കുറിച്ചും ഞങ്ങൾ വിശദമായിത്തനെ പഠിക്കാൻ സാധിച്ചിരുന്നു. അതിൽനിന്നൊക്കെ മനസ്സിലായ ഒരു സത്യം, ഇവിടെ മതസ്പർധയുടെ പേരിൽ, ഒരു സംഘർഷവും ഉണ്ടായിട്ടില്ല, എന്നതാണ്. സിപിഎമ്മിന്റെ അസഹിഷ്ണുതാ മനോഭാവത്തിൽനിന്ന് ഉണ്ടാവുന്ന സിപിഎം- ആർഎസ്എസ് സംഘർഷങ്ങളെ സ്വന്തം താൽപ്പര്യ സംരക്ഷണാർഥം സിപിഎമ്മുകാർ, വർഗീയ സംഘർഷമായി ലേബലിട്ട് മുതലെടുക്കുക ആയിരുന്നു. അതാണ് സത്യം.
തലശ്ശേരി കലാപത്തോട് അനുബന്ധിച്ച് പിണറായിയിലെ പുരാതനമായ വലിയ പള്ളി തകർക്കപ്പെട്ടു. സിപിഎമ്മിന്റെ ആടിനെ പട്ടിയാക്കൽ തന്ത്രം ഇതിലും ഞങ്ങൾക്ക് കാണാനായി. കണ്ണൂരിലെ പിണറായി പ്രദേശങ്ങൾ സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ്. ഇവിടെയാണ് പള്ളി തകർക്കപ്പെട്ടത്. അതാകട്ടെ 36 ഇഞ്ച് വ്യാസമുള്ള തൂണുകളും, തടിച്ച ചുമരുകളും ഒക്കെയുള്ള പഴയ രീതിയിലെ ഒരു വലിയ പള്ളിയായിരുന്നു. ഒരു ആവേശത്തിന് വന്ന് ആക്കെങ്കിലും പെട്ടെന്ന് തകർത്തിട്ട് പോകാൻ കഴിയാത്ത മട്ടിൽ ഉറപ്പുള്ള പള്ളി. അതിനു ചുറ്റും താമസിക്കുന്നവരിൽ ഏറിയ പങ്കും മാർക്സിറ്റ് പാർട്ടിയിൽ അംഗത്വം തന്നെയുള്ള ബീഡിത്തൊഴിലാളികൾ ആണ്. ആ പ്രദേശത്തുതന്നെ ഒരു ആർഎസ്എസ് കാരനോ, ജനസംഘം പ്രവർത്തകനോ ഇല്ല, എന്ന് മാത്രമല്ല അവിടുത്തെ പ്രാദേശിക സഹായം ഇല്ലാതെ ഒരാളിന് അവിടെ വന്ന് ഇത്തരം ഒരു നശീകരണ പ്രവർത്തനം നടത്താനുമാവില്ല. പാർട്ടി നിയോഗിച്ച കമ്മീഷനുവേണ്ടി പിണറായി സന്ദർശിച്ച് ഞാൻ കണ്ടെത്തിയ വസ്തുത ഇതായിരുന്നു. ഇത് സംബന്ധിച്ച് പിന്നീട് അന്വേഷണം നടത്തിയ ജസ്റ്റിസ് വിതയത്തിൽ കമ്മീഷന്റെ നിഗമനവും ഇതിന് സമാനമായിരുന്നു. ഈ കലാപത്തിൽ രാഷ്ട്രീയ പരിഗണനക്ക് അപ്പുറം എല്ലാപേരും മതപരമായ ചേരി തിരിവോടെ പങ്കെടുത്തുവെന്നും, എല്ലാ രാഷ്ട്രീയ കക്ഷികളിലെയും ആൾക്കാർ പങ്കാളികൾ ആയി എന്നും, അദ്ദേഹം രേഖപ്പെടുത്തി. ഇവിടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വേണ്ടത്ര തുറന്നുകാണിക്കപ്പെടാത്ത ഒരു മുഖമാണ് വ്യക്തമാവുന്നത്. ''- ഒ. രാജഗോപാൽ ചൂണ്ടിക്കാട്ടുന്നു.
പാനുണ്ട ചന്ദ്രനെ വധിച്ചത് കുട്ടികളുടെ മുന്നിലിട്ട്
അടിയന്തരവസ്ഥയെ ശക്തമായി എതിർത്തതിന്റെ പേരിൽ ജനസംഘത്തിനും ആർ.എസ്്.എസിനും കിട്ടിയ വലിയ പിന്തുണ കണ്ട് ഭയന്നാണ് സിപിഎം കണ്ണൂരിൽ അക്രമരാഷ്ട്രീയത്തിലേക്ക് തിരിഞ്ഞതെന്നും ഒ രാജഗോപാൽ ആരോപിക്കുന്നു.
''അടിയന്തരാവസ്ഥക്കെതിരായ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ കഠിനമായ പീഡനങ്ങൾ നേരിടേണ്ടി വന്നെങ്കിലും ജനങ്ങളുടെ ഇടയിൽ അതിന് കിട്ടിയ അംഗീകാരത്തിൽ സംഘം പ്രവർത്തകർ കൃതാർഥരായിരുന്നു. ജനസംഘത്തിന്റെ ഈ മട്ടിലുള്ള പ്രവർത്തനങ്ങളിൽ ആ കൃഷ്ടരായ സാധാരണ ജനങ്ങൾ കൂടുതലായി ഞങ്ങളോട് സഹകരിക്കാൻ ആരംഭിച്ചു. ഒട്ടേറെ മാർക്സിസ്റ്റുകാർ ഇത്തരത്തിൽ സംഘത്തോട് സഹകരിക്കാൻ മുന്നോട്ടുവന്നു. അവർ സംഘ ശാഖകളിൽപോലും പങ്കെടുക്കാൻ തയ്യാറായി. കാൽച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്നത് മുൻകൂട്ടി കാണാൻ മാർക്സിസ്റ്റ് നേതാക്കൾക്ക് ആയി. അതു തടയാനുള്ള നടപടിയായാണ് അവർ സംഘത്തിനെതിരെ നുണ പ്രചാരണം ആരംഭിച്ചതും, സംഘം പ്രവർത്തകരെ ആക്രമിക്കാനും കൊലപ്പെടുത്താനും തുടങ്ങിയതും.
1969ൽ തലശ്ശേരിയിൽ ആയിരുന്നു ഇതിന്റെ തുടക്കം. വാടിക്കൽ രാമകൃഷ്ണൻ എന്ന ജനസംഘം പ്രവർത്തകനെ വധിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടി കണ്ണൂരിലെ അതിന്റെ കൊലപാതക രാഷ്ട്രീയം ആരംഭിക്കുന്നത്്. ആ ഹീന കൃത്യത്തിന്റെ പ്രതിപ്പട്ടികയിൽ പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനുമൊക്കെ ഉണ്ടായിരുന്നു.
കണ്ണൂർ ജില്ലയിലെ പാനുണ്ടയിലെ സാഹചര്യം, വ്യത്യസ്തമായിരുന്നു. അവിടെ സംഘ ശാഖ തുടങ്ങിയതു മുതൽ മുഖ്യശിക്ഷക് ആയിരുന്നു പാനുണ്ട ചന്ദ്രൻ. അവിടുത്തെ ചിട്ടയായ പ്രവർത്തനങ്ങൾ കമ്യൂണിസ്റ്റ് കുടുംബങ്ങളിലെ കുട്ടികളെപ്പോലും ആകർഷിച്ചു. അവർ ശാഖയിലെത്താൻ തുടങ്ങി. പാരമ്പര്യ കമ്യൂണിസ്റ്റുകളെപ്പോലും ആകർഷിച്ച് അടുപ്പിക്കുന്ന ഈ ആർ.എസ്്.എസ് മാന്ത്രികത അവരെ വിറളിപിടിപ്പിക്കുക തന്നെ ചെയ്തു. ശാഖ നടക്കുന്ന സമയത്ത്, അവർ മാരകായുധങ്ങളുമായി അവിടെ കടന്നുചെന്ന് കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ പാനുണ്ട ചന്ദ്രനെ വധിച്ചു. ഇത്തരത്തിൽ മാർക്സിസ്റ്റ് ആക്രമണത്തിന്റെ ഒട്ടേറെ സംഭവങ്ങൾ കണ്ണൂരിൽ ആകമാനം ഉണ്ടായി.
ആർഎസ്എസ് എന്ന് കേൾക്കുമ്പോൾ ഞെട്ടി ഉണരുന്ന നായനാർ
''തലശ്ശേരി, പാനുർ, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി കൊലപാതകങ്ങൾ ഇത്തരത്തിൽ ഉണ്ടായി. അപ്പോഴേക്കും ജനാത പാർട്ടിയിലൂടെ ഇടതുമുന്നണിയുടെ ഭാമായി കഴിഞ്ഞുരുന്ന ഞങ്ങൾ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായി കഴിയുമ്പോൾ അത് ഇടതുപക്ഷ ഏകോപന സമിതിയിൽ ഉന്നയിക്കും. പൊതുവേ ഏകോപന സമിതി ചർച്ചകളിൽ ഉറക്കംതൂങ്ങിയിരിക്കുന്ന ഇ.കെ നായനാർ ആർഎസ്എസ് എന്ന് കേൾക്കുമ്പോൾ ഞെട്ടി ഉണരും. പിന്നെ അദ്ദേഹം ഘോരഘോരം എതിർവാദങ്ങൾ ഉന്നയിക്കും. ഇത്തരം മനുഷ്യക്കുരുതികളെ സിപിഎം നേതൃത്വം ഒരിക്കലും അപലപിച്ചതായി കണ്ടില്ല. ഇത് അവരുടെ അണികൾക്ക് നൽകുന്ന സൂചന വളരെ വ്യക്തമാണ്. ഇത് ശത്രുവിനെ ഉന്മ്മൂലനം ചെയ്യാൻ നിർദ്ദേശിക്കുന്ന ഉന്മൂലന സിദ്ധാന്തം തന്നൊണ്. സംഘത്തിന്റെയും ജനസംഘത്തിന്റെയും പ്രവർത്തകർക്കുനേരെ യാതൊരു പ്രകോപനവും ഇല്ലാതെ സംഘടിപ്പിക്കുന്ന ഇത്തരം ആക്രമണങ്ങളോട് ആദ്യം സംയമനപരമായ ഒരു നിലപാട് സ്വീകരിച്ചപ്പോൾ, സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം കൂടുതൽ കർക്കശമായി.അവർ എല്ലാവിധത്തിലും സംഘത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ആരംഭിച്ചു.
അതനുസരിച്ച് സംഘം പ്രവർത്തകരും പ്രതിരോധ സജ്ജരായി. വെട്ടാൻ വരുന്ന പോത്തിനോട് വേദമോതുന്നതിൽ അർഥമില്ലെന്ന് അവർ മനസ്സിലാക്കി. ഇതോടെ കണ്ണൂർ ആക്രമണ- പ്രത്യാക്രമണങ്ങളുടെ വേദിയായി. രാഷ്ട്രീയ കൊലപാതകങ്ങളുടെ കേന്ദ്രമായി. അവരുടെ രാഷ്ട്രീയ അപചയം കാരണവും, സംഘത്തിന്റെ രാഷ്ട്രീയ പക്വത കാരണവും സിപിഎം വിട്ട് ആളുകൾ സംഘത്തിലും ജനസംഘത്തിലും പ്രവർത്തിക്കാൻ സന്നദ്ധരാവുമ്പോൾ സ്വയം വിലയിരുത്തി വീഴ്ചകൾ പരിഹരിച്ച് പ്രവർത്തകരെ നില നിർത്താനുള്ള വഴി തേടുന്നതിന് പകരം, അക്രമം കാണിച്ചും കൊല നടത്തിയും, കള്ളക്കേസുകളിൽ കുടുക്കിയും ഭയം വിതച്ച് വിജയിക്കാമെന്ന് കരുതുന്ന സിപിഎം തന്ത്രം ഫാസിസ്റ്റ് പ്രവർത്തന ശൈലിയാണ്''- ഒ. രാജഗോപാൽ ചൂണ്ടിക്കാട്ടുന്നു.
തളിക്ഷേത്ര സമരവും മലപ്പറം ജില്ലാ രൂപീകരണവും
മാറിമാറിവരുന്ന സർക്കാറുകൾ കൃത്യമായ മുസ്ലിം പ്രീണനം നടത്തുകയായിരുന്നെന്നു രാജഗോപാൽ പുസ്തകത്തിൽ പറയുന്നു. മലപ്പുറം പെരിന്തൽമണ്ണയിലെ തളിക്ഷേത്രം പുനരുദ്ധാരണത്തിന് ശ്രമിച്ചപ്പോൾ ഒരു പാട് ദുരനുഭവങ്ങളാണ് ഉണ്ടായത്. കേരളഗാദ്ധി എന്ന് വിളിക്കുന്ന കെ കേളപ്പൻ അടക്കമുള്ളവർ ക്ഷേത്രം പുനുരദ്ധരിച്ച് തുറന്ന് പ്രവർത്തിക്കാനുള്ള പ്രക്ഷോഭ സമരത്തിന് എത്തിയെങ്കിലും ഒരു വിഭാഗം ഇസ്ലാമിക ഗ്രൂപ്പുകളും, ഇ.എം.എസ് സർക്കാറും അത് അനുവദിച്ചില്ല. ആർക്കിയോളജിക്കൽ വകുപ്പിന് ഈ ക്ഷേത്രം വിട്ടുകൊടുക്കയാണ് ഇ.എം.എസ് സർക്കാർ ചെയ്തത്. ബഹുജന പ്രക്ഷോഭംകൊണ്ട് ഫലമില്ലാതെ വന്നതോടെ കോടതിയെ സമീപിച്ചാണ് ഈ വിഷയത്തിൽ അനുകൂല വിധി നേടിയെടുത്തതെന്നും ഒ.രാജഗോപാൽ എഴുതുന്നു.
മുസ്ലീലീഗിന്റെ സമ്മർദത്തിന് വഴങ്ങി മലപ്പുറം ജില്ല രൂപീകരിക്കാൻ 67ലെ ഇ.എം.എസ് സർക്കാർ തീരുമാനിച്ചപ്പോഴും ശക്തമായ പ്രക്ഷോഭം ഉണ്ടായി. അതേക്കുറിച്ച് ഒ.രാജഗോപാൽ ഇങ്ങനെ എഴുതുന്നു-'' എന്തായാലും ഇ.എം.എസ് മന്ത്രിസഭയുടെ ഈ തീരുമാനത്തെ എതിർക്കാൻ തന്നെയായിരുന്നു ജനസംഘത്തിന്റെയും ഹിന്ദു സംഘടനകളുടെയും ഒരുക്കം. മലപ്പുറം ജില്ലാ രൂപീകരണത്തോട് വിയോജിപ്പുള്ളവരുടെ ഒരു യോഗം തിരൂരിൽ അഡ്വ. കുട്ടിശങ്കരമേനോന്റെ വീട്ടിൽ ചേർന്നു. മലപ്പുറം ജില്ലാ വിരുദ്ധ സമിതി എന്ന പേരിൽ ഒരു ആക്ഷൻ കമ്മറ്റി രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമുണ്ടായി. പ്രസിഡന്റായി കുട്ടി ശങ്കര മേനോന്റെയും സെക്രട്ടറിയായി എന്നെയും നിശ്ചയിച്ചു. എന്നാൽ പ്രവർത്തനം രാഷ്ട്രീയ അടിസ്ഥാനത്തിൽ ആകരുത് എന്നായിരുന്നു തീരുമാനം. അതുകൊണ്ട് ആക്ഷൻ കമ്മറ്റിയുടെ രക്ഷാധികാരിയായി കെ കേളപ്പനെ നിശ്ചയിച്ചു. അതിനോട് സഹകരിക്കാൻ അദ്ദേഹം, സർവാത്മനാ സമ്മതിക്കുകയും ഇതുസംബന്ധിച്ച പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.''
മലപ്പുറത്ത് രൂപം കൊള്ളുന്ന മാപ്പിളസ്ഥാന് എതിരായ വികാരം കേരളത്തിൽ മാത്രം ഒതുങ്ങി നിന്ന ഒന്നല്ല. ഇതിനെതിരെയുള്ള പ്രചാരണങ്ങളും പൊതുയോഗങ്ങളും കേരളത്തിന് പുറത്ത് മദിരാശി,ബോംബെ, ഡൽഹി, തുടങ്ങിയ സ്ഥലങ്ങളിലും ഉണ്ടായി. കേളപ്പജി, കുട്ടിശങ്കരമോനോൻ എന്നിവരോടൊപ്പം ഞാനും മലപ്പുറം സമരത്തിന്റെ ഭാഗമായി കേരളത്തിന് അകത്തും പുറത്തും യാത്രചെയ്തു. ജനസംഘത്തിന്റെ സഹായത്തോടെ, ചെന്നൈ ബോംബെ ഡൽഹി എന്നീ നഗരങ്ങളിൽ പൊതുയോഗങ്ങൾ നടത്തി.
കോൺഗ്രസിന് മലപ്പുറം ജില്ലയോട് വിയോജിപ്പ്; പക്ഷേ
''നിലവിലുള്ള എംപിമാരെ കണ്ട് സംസാരിച്ചു. അവരിൽ പനമ്പള്ളി ഗോവിന്ദമേനോൻ ഒഴികെ 19പേരും സപ്തകക്ഷിമുന്നണിയുടെ ടിക്കറ്റിൽ ജയിച്ചവർ ആയിരുന്നു. അതുകൊണ്ടുതന്നെ ഇ.എം.എസ് സർക്കാറിന്റെ നയ സമീപനത്തിന് ഒപ്പം നിൽക്കാൻ ബാധ്യസ്ഥരുമായിരുന്നു. പനമ്പള്ളിലെ കണ്ട് ഞങ്ങൾ വിഷയം ചർച്ച ചെയ്തു. അദ്ദേഹം ഞങ്ങളുടെ ആശങ്ക പങ്കുവെച്ചു. പക്ഷേ പരസ്യമായി ഒരു എതിർ അഭിപ്രായം പറയാൻ സന്നദ്ധനായില്ല. കെ ദാമോദരൻ എം.ഗോവിന്ദൻ തുടങ്ങിയ ബുദ്ധിജീവികളെ കണ്ടും, ഞങ്ങൾ സംസാരിച്ചു. അവരും ഇതേ നിലപാടാണ് സ്വീകരിച്ചത്.
ഇവിടെ മറ്റൊരുകാര്യം ശ്രദ്ധിക്കപ്പെടണം. മേൽപ്പറഞ്ഞ പ്രമുഖ വ്യക്തികൾ എല്ലാം ഇക്കാര്യത്തോട് തത്വത്തിൽ യോജിക്കുകയും പരസ്യമായി നിശബ്ദർ ആവുകയും ചെയ്തു. അതായത് സ്വന്തം അഭിപ്രായത്തിനുമേൽ മുഖം മൂടി അണിഞ്ഞുകൊണ്ട് പ്രതികരിച്ചു. അവരെല്ലാം മതനിരപേക്ഷ വാദികൾ ആയും സഹിഷ്ണുതയുടെ പ്രതീകങ്ങൾ ആയും വാഴ്ത്തപ്പെട്ടു. എന്നാൽ കേളപ്പജി തന്റെ മനസാക്ഷിക്ക് അനുസരിച്ച് മുഖംമൂടിയില്ലാതെ പ്രതികരിച്ചു, സഹകരിച്ചു. സംഭവിച്ചത് അദ്ദേഹം വർഗീയവാദിയായി മുദ്രകുത്തപ്പെട്ടു എന്നതാണ്.
എന്തായാലും മലപ്പുറം ജില്ലാ വിരുദ്ധ സമരം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു പ്രചാരണം ആയി മാറി. വിഭജനകാലത്തെ പാക്കിസ്ഥാൻ മനോഭാവത്തിന്റെ പുതിയൊരു അവതാരം ആയാണ് ഞങ്ങൾ ഇതിനെ കണ്ടത്. ഇത്തവണ ഇതിന് മാർക്വിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തുറന്ന പിന്തുണ കിട്ടിയെന്ന് മാത്രം. കോൺഗ്രസിന് ഇതിനോട് യോജിപ്പ് ഉണ്ടായിരുന്നില്ല. എങ്കിലും ലീഗിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം അവഗണിക്കാൻ ആകാത്തതുകൊണ്ട് അവർ നിശബ്ദരായി. കോഴിക്കോട് കേന്ദ്രീകരിച്ച് സത്യാഗ്രഹ പരിപാടികളും മറ്റുമായി ഞങ്ങൾ പ്രതിഷേധം തുടർന്നു. ഇതിൽ കൂടുതൽ സജീവമാകാൻ വേണ്ടി ഞാൻ താമസം തന്നെ കോഴിക്കോട്ടേക്ക് മാറ്റി. 'ഒരു വർഗ്ഗീയ ജില്ല ഉണ്ടാക്കാനുള്ള കമ്യൂണിസ്റ്റ് നീക്കം അവസാനിപ്പിക്കുക' എന്ന മുദ്രാവാക്യവുമായി ഇന്ത്യയുടെ നാനാഭാഗങ്ങളിൽനിന്ന് വൊളണ്ടറിയാർമാർ വന്നു. ജനസംഘത്തിന്റെ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവർത്തകരും, ഈ സമരത്തിൽ പങ്കെടുക്കാനായി കേരളത്തിലേക്ക് വന്നു. അങ്ങനെ ഒരു അഖിലേന്ത്യാ സ്വഭാവം കൈവരിച്ച ഈ സമരത്തിന് ഉത്തരേന്ത്യൻ പത്ര മാധ്യമങ്ങൾ വലിയ പ്രാധാന്യമാണ് നൽകിയത്.
എന്നാൽ ഇത്രയേറെ പ്രതിഷേധം ഉണ്ടായിട്ടും കമ്യൂണിസ്റ്റ് പാർട്ടി തീരുമാനവുമായി മുന്നോട്ട് പോയി. അന്ന് ലീഗുകാരെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം ആയിരുന്നു, ആത്മഹത്യപരമായ ഈ ഒരു നീക്കം നടത്തിയത്. അതിന്റെ ദൂരവ്യാപകമായ ഭവിഷ്യത്തുകൾ കാണാൻ അന്ന് അവർക്ക് കണ്ണില്ലാതെ പോയി. പിൽക്കാലത്ത് ഇ.എം.എസ് തന്നെ അങ്ങനെ ചെയ്തത് തെറ്റായി പോയി എന്ന് പ്രസ്താവിച്ചിട്ടുണ്ട്. അത് ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളിൽനിന്ന്, എല്ലാവർക്കും ബോധ്യമാവുന്നുണ്ട്. പക്ഷേ പറഞ്ഞിട്ട് എന്ത്കാര്യം. വെള്ളം എല്ലാം വാർന്ന് പോയതിന്ശേഷം അണകെട്ടുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ''- ഒ രാജഗോപാൽ ചോദിക്കുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ