തിരുവനന്തപുരം: ഒ. രാജഗോപാൽ എംഎ‍ൽഎ നടത്തിയ പ്രസംഗമാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്.ശബരിമലയിൽ നടയടച്ചതിന് ശേഷം നാമജപ പ്രതിഷേധം നടത്തിയ സംഘപരിവാർ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന്റെ പിറ്റേ ദിവസം അദ്ദേഹം നടത്തിയ പ്രസംഗത്തിൽ ഹരിവരാസനം എന്ന് ഉച്ചരതിൽ അദ്ദേഹത്തിന് അബദ്ധം പിണയുകയായിരുന്നു.

ഹരിവരാസനം എന്ന വാക്കിന് പകരം ഹരിവാസനം, ഗിരിവാസനം എന്നെല്ലാമാണ് ഒ. രാജഗോപാൽ പറയുന്നത്. അടുത്തുള്ള ചിലരോട് എന്തായിരുന്നു അതെന്ന് രാജഗോപാൽ ചോദിക്കുന്നതും ഹരിവരാസനം എന്ന് അവർ പറയുമ്പോൾ ''ആ..ഹരിവാസനം''- എന്ന് രാജഗോപാൽ വീണ്ടും തെറ്റിച്ചു പറയുന്നതുമാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയത്.

''ശബരിമലയിൽ ഭക്തന്മാർക്ക് ദുരിതമനുഭവിക്കേണ്ട ഗതികേടിലാണ്. ഇന്നലെ രാത്രി നിങ്ങൾ ടിവിയിൽ കണ്ടിട്ടുണ്ടാകും. അവിടെ രാത്രി പത്തരയ്ക്ക് ശേഷം അവിടെ..എന്താണ് ഗിരിവാസനം..എന്ത് വാസനാണ്. ഏ..ആ ഹരിവാസനം പാടിയ ശേഷം അവിടെയുള്ള ഭക്തന്മാരെ അടിച്ചോടിക്കുകയായിരുന്നു പൊലീസ്''- എന്നായിരുന്നു രാജഗോപാൽ പറഞ്ഞത്.

ബിജെപി കൗൺസിലർമാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ കോർപ്പറേഷൻ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു ശബരിമലയിൽ നടയടച്ച് അയ്യപ്പനെ ഉറക്കുന്ന ഹരിവരാസനത്തെ എംഎ‍ൽഎ തെറ്റായി പ്രയോഗിച്ചത്.ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരും ദേവസ്വം മന്ത്രിയും പൂർണമായും പരാജയപ്പെട്ടെന്നും ശബരിമലയിലെ സ്ഥിതി പരിതാപകരമാണെന്നുമായിരുന്നു തുടർന്ന് നടത്തിയ പ്രസംഗത്തിൽ എംഎ‍ൽഎ പറഞ്ഞത്.