- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുമ്മനം തന്റെ പിൻഗാമിയാണെന്ന് പറയാനാകില്ല; പാർട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാൻ കഴിയുമോ എന്നറിയില്ല; മുരളി രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവ്, നേമത്ത് ശക്തനായ പ്രതിയോഗി; പിണറായി ചെയ്ത നല്ല കാര്യങ്ങൾ അംഗീകരിക്കുന്നു; ശോഭാ സുരേന്ദ്രനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണം: നിലപാട് വ്യക്തമാക്കി ഒ രാജഗോപാൽ
തിരുവനന്തപുരം: കേരള ചരിത്രത്തിൽ ബിജെപിയുടെ ആദ്യ എംഎൽഎ എന്ന അംഗീകാരം നേടിയ നേതാവാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ ഒ രാജഗോപാൽ. അഞ്ച് വർഷം എംഎൽഎയായ അദ്ദേഹം ഇനിയൊരു തെരഞ്ഞെടുപ്പു അങ്കത്തിന് ഒരുങ്ങുന്നില്ല. പാർട്ടി വേദികളിൽ തന്നെ കാണമെന്നാണ് ബിജെപിയുടെ ഏറ്റവും ജനകീയനായ നേതാവ് കൂടിയായ രാജഗോപാൽ വ്യക്തമാക്കുന്നത്. അതേസമയം നേമത്ത് ഇക്കുറി രാജഗോപാലിന് പകരം മത്സരിക്കാൻ ഒരുങ്ങുന്നത് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരനാണ്. നേമത്തെ വിജയാസാധ്യതകളിൽ അടക്കം രാജഗോപാൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ തന്റെ പിൻഗാമിയെന്ന് പറയില്ലെന്നാണ് നേമം എംഎൽഎ വ്യക്തമാക്കുന്നത്. കുമ്മനം നല്ല ജനപിന്തുണയുള്ള നേതാവാണ്. എന്നാൽ അദ്ദേഹത്തിന് പാർട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാൻ കഴിയുമോയെന്നറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തവണ മത്സരിക്കാനില്ലെന്ന് ഞാൻ തന്നെയാണ് പാർട്ടിയോട് പറഞ്ഞത്. നേരത്തെ തോൽക്കുമെന്ന് ഉറപ്പായ അവസരത്തിലും മത്സരിക്കുമായിരുന്നു. ചിലപ്പോ കെട്ടിവച്ച കാശ് പോലും കിട്ടാതിരുന്നിട്ടുണ്ട്. പാർട്ടിയുടെ പേരും ചിഹ്നവും ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു അന്നത്തെ ലക്ഷ്യം. ചില മേഖലയിലെ ജനങ്ങൾക്ക് പ്രത്യേക സ്നേഹം ഉണ്ടായിരുന്നു. തനിക്ക് കിട്ടിയ അത്രയും വോട്ട് കുമ്മനത്തിന് കിട്ടുമോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി ശിവൻകുട്ടി പരമാവധി പിടിച്ച് നിൽക്കാൻ നോക്കി പക്ഷെ കഴിഞ്ഞില്ല. അതിന്റെ അരിശമാണ് എംഎൽഎ മണ്ഡലത്തിൽ ഉണ്ടായിരുന്നില്ല എന്നതടക്കം ആക്ഷേപമെന്നും അദ്ദേഹം പറഞ്ഞു. എന്തിനേയും ഏതിനേയും കണ്ണടച്ച് എതിർക്കുന്ന രീതി തനിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം പിണറായി പ്രശംസയെയും ന്യായീകരിച്ചു. പിണറായി ചെയ്ത നല്ല കാര്യങ്ങൾ അംഗീകരിക്കുന്നു. ശോഭാ സുരേന്ദ്രനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണം. ശോഭ കഴിവ് തെളിയിച്ച നേതാവാണ്. മത്സരിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുകയാണ് വേണ്ടത്. ഇനിയും മണ്ഡലങ്ങളിൽ ഒഴിവുണ്ടല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ ശക്തനായ പ്രതിയോഗി ആണെന്നാണ് ഒ രാജഗോപാൽ തന്റെ അനുഗ്രഹം വാങ്ങാൻ എത്തിയ കുമ്മനത്തോട് പറഞ്ഞു. സാക്ഷാൽ കരുണാകരന്റെ മകനാണ് കെ മുരളീധരൻ, ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് അദ്ദേഹമെന്നും രാജഗോപാൽ പറഞ്ഞു. ഇന്ന് മുതലാണ് കുമ്മനം നേമം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. പ്രചരണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സിറ്റിങ് എംഎൽഎയും മുതിർന്ന ബിജെപി നേതാവുമായ ഒ രാജഗോപാലിനെ വസതിയിലെത്തി കുമ്മനം കണ്ടത്. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് കെ മുരളീധരൻ നേമത്ത് ശക്തനായ പ്രതിയോഗിയാണെന്ന പ്രസ്താവന അദ്ദേഹം നടത്തിയത്.
നേമത്ത് ശക്തമായ മത്സരം നടക്കും. കോൺഗ്രസും കമ്മ്യൂണിസ്റ്റുമല്ലാത്തൊരു പാർട്ടി ജയിച്ച മണ്ഡലമാണ് നേമം. അത് രണ്ടു പാർട്ടിക്കും വെല്ലുവിളിയാണ്. ഇത്തവണ നേമത്ത് മത്സരിക്കില്ലെന്ന് സ്വയം തീരുമാനിച്ചതാണ്. പ്രായമായതിനാൽ മാറിനിൽക്കാൻ തീരുമാനിച്ചതാണ്. മത്സരത്തിനില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുക്കുമെന്നും ഒ രാജഗോപാൽ പ്രതികരിച്ചു.
അതേസമയം നേമത്ത് ഇക്കുറി ബിജെപിയും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് ബിജെപി നേതാവ് എസ് സുരേഷും വ്യക്തമാക്കി. ത്രികോണ മത്സരമുണ്ടാവുമെന്ന് കരുതുന്നില്ല. നേമത്തെ സിപിഎം വോട്ടുകൾ ഇത്തവണ യുഡിഎഫിന് പോകും. സിപിഎം വോട്ട് മറിക്കുമെങ്കിലും തോൽപ്പിക്കാനാവില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് പ്രതികരിച്ചു. ത്രികോണമത്സരമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇടതുപക്ഷം ചിത്രത്തിൽ നിന്ന് പോയി. കെ മുരളീധരൻ ശിവൻകുട്ടിയേക്കാൾ നല്ല സ്ഥാനാർത്ഥിയായതിനാൽ സിപിഎം വോട്ടുകൾ കൂടി യുഡിഎഫിന് പോകും.
വട്ടിയൂർക്കാവിലെ ടിഎൻ സീമയുടെ അവസ്ഥയിലാവും നേമത്ത് വി ശിവൻകുട്ടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിഎൻ സീമയെ കുരുതിക്കൊടുത്ത് കെ മുരളീധരനെ വട്ടിയൂർക്കാവിൽ ജയിപ്പിച്ച ധാരണയിൽ നിന്നാവാം ഇക്കുറി നേമത്ത് ശിവൻകുട്ടിയെ കുരുതിക്കൊടുത്ത് കെ മുരളീധരനെ ജയിപ്പിക്കാം എന്ന ധാരണ ഉണ്ടായതെന്നും എസ് സുരേഷ് പറഞ്ഞു. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിലെ ഒരു വാർഡിൽ പോലും കെ മുരളീധരന്റെ കോൺഗ്രസ് ജയിച്ചിട്ടില്ല. സിപിഎമ്മിന്റെ പിന്തുണ ഉണ്ടെങ്കിൽ പോലും കോൺഗ്രസ് ബിജെപിയുടെ വലിയ ഭൂരിപക്ഷത്തെ മറികടക്കില്ലെന്നും വിജയം ബിജെപിക്ക് തന്നെയാവുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ