തിരുവനന്തപുരം: ബിജെപിക്ക് കേരള നിയമസഭയിലുള്ള ഏക എംഎൽഎയാണ് ഒ രാജഗോപാൽ. കേന്ദ്രമന്ത്രിയെന്ന നിലയിൽ കേരളത്തിന്റെ വികസനത്തിൽ കാര്യമായ പങ്കുവഹിക്കാൻ സാധിച്ച രാജഗോപാലിന് എന്നാൽ, എംഎൽഎ എന്ന നിലയിൽ എത്രത്തോളം ശ്രദ്ധിക്കാൻ സാധിച്ചു? നേമത്തുകാരോട് ചോദിച്ചാൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായമാണ്. ഈ അഭിപ്രായം എന്തു തന്നെയായാലും നാല് വർഷം ഇനിയും അദ്ദേഹത്തിന് മണ്ഡലത്തെ സേവിക്കാൻ അവസരമുണ്ട്. ഇതിനിടെയാണ് നിയമസഭയിൽ രാജഗോപാൽ ഉന്നയിച്ച ഒരു ചോദ്യം സോഷ്യൽ മീഡിയിയൽ വൈറലായത്.

ലാവ്ലിൻ കേസ് സംബന്ധിച്ച് നിയമസഭയിൽ ചോദ്യം ഉന്നയിച്ചപ്പോഴാണ് രാജഗോപാലിന് അബന്ധം പിണഞ്ഞത്. ലാവ്ലിൻ കേസ് സുപ്രീം കോടതിയിൽ വാദിക്കുന്നതിന് ഹരീഷ് സാൽവേയ്ക്ക് എത്ര രൂപ ഫീസ് നൽകിയെന്നായിരുന്നു രാജഗോപാലിന്റെ ചോദ്യം. എന്നാൽ കേസ് സുപ്രീം കോടതിയിൽ വാദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമായാണ് രാജഗോപാൽ ചോദ്യം ഉന്നയിച്ചത്. ഇതിനുള്ള മറുപടിയായാണ് കേസ് കേസ് സുപ്രീം കോടതിയിൽ വാദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകിയത്. ഇക്കഴിഞ്ഞ 17ാം തീയ്യതിയാണ് ഹരീഷ് സാൽവെയുടെ ഫീസ് സംബന്ധിച്ച ചോദ്യം രാജഗോപാൽ ഉന്നയിച്ചതും. ലാവ്ലിൻ കേസിൽ വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടതിനെതിരായ സിബിഐ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം രാജഗോപാലിന് വേണ്ടി ചോദ്യം തയ്യാറാക്കിയ സ്റ്റാഫ് എന്തായാലും ഓർത്തില്ലെന്ന കാര്യം ഉറപ്പാണ്.

സംഭവം എന്തു തന്നെയായാലും സോഷ്യൽ മീഡിയിയൽ ബിജെപി വിരുദ്ധർ ചോദ്യം ആഘോഷിക്കുകയാണ്. ബിജെപി എംഎൽഎയ്ക്ക് നേരാംവണ്ണം ചോദ്യം ഉന്നയിക്കാൻ പോലും അറിയില്ലേ എന്ന് ചോദിച്ചാണ് പരിഹാസം. ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ അവസ്ഥയിലാണ് രാജഗോപാൽ എന്നും ചിലർ വിമർശനം ഉന്നയിച്ചു. സോഷ്യൽ മീഡിയയിൽ രാജഗോപാലിന്റെ ചോദ്യവും അതിന് കുറ്റാരോപിതനായ മുഖ്യമന്ത്രി നൽകിയ മറുപടിയും വൈറലായിരിക്കയാണ്.