- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്നാണ് ഇനി സിപിഎമ്മിന്റെ കൊടി പിടിക്കുന്നത്; ഇയാൾ സംഘത്തിന് അപമാനം; നേതൃത്വം ഇടപെട്ട് പുറത്താക്കാനുള്ള നടപടികൾ സ്വീകരിക്കണം'; 'വിജയ' ദിനത്തിൽ സേവ് ബംഗാൾ ദീപം തെളിയിച്ച ഒ. രാജഗോപാലിനെതിരെ രൂക്ഷ വിമർശനം, എൽ.ഡി.എഫിന്റെ വിജയാഘോഷമെന്നും കമന്റുകൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര ജയം കോവിഡിന്റെ പശ്ചാത്തലത്തിൽ വീടുകളിലും സ്ഥാപനങ്ങളിലുമടക്കം ദീപം തെളിയിച്ചാണ് ഇടത്പ്രവർത്തകർ ആഘോഷമാക്കി മാറ്റിയത്. ഇതിനിടെ ദീപം കത്തിച്ച് ഫേസ്ബുക്കിൽ പോസ്റ്റുമായി മുൻ എംഎൽഎയും ബിജെപിയുടെ മുതിർന്ന നേതാവുമായ ഒ. രാജഗോപാലും രംഗത്ത് എത്തി.
തുടർഭരണത്തിലേക്കുള്ള ഇടതുമുന്നണിയുടെ മുന്നേറ്റം നേതാക്കളും പ്രവർത്തകരും ഒരുപോലെ ആഘോഷമാക്കിയ അതേ ദിവസം തന്നെയാണ് രാജഗോപാൽ ബംഗാളിൽ അരങ്ങേറുന്ന അതിക്രമത്തിനെതിരെ പ്രതിഷേധ സൂചകമായി ദീപം തെളിയിച്ചത്.
ബംഗാൾ വയലൻസ്, സേവ് ബംഗാൾ എന്നിങ്ങനെ രണ്ട് ഹാഷ് ടാഗുകൾ നൽകിയാണ് ദീപം തെളിയിച്ച ചിത്രം രാജഗോപാൽ പോസ്റ്റ് ചെയ്തത്.
ഇതിന് പിന്നാലെ നിരവധി വിമർശനങ്ങളും ട്രോളുകളുമാണ് രാജഗോപാലിനെതിരെ സോഷ്യൽ മീഡിയയിൽ നിറയുന്നത്. എൽ.ഡി.എഫിന്റെ വിജയമാണ് രാജഗോപാൽ ആഘോഷിച്ചതെന്നും, എന്നാണ് രാജഗോപാൽ സിപിഎം കൊടി പിടിക്കുന്നതെന്നുമാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന ചോദ്യം.
ഇതിനിടെ ബിജെപി ഇത്തരത്തിൽ ഒരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും ഈ ദിവസം തന്നെ ഒ. രാജഗോപാലിന് ദീപം കത്തിക്കണമായിരുന്നോ എന്നും സംഘപരിവാർ അനുകൂല പ്രൊഫൈലുകളിൽ നിന്ന് കമന്റുകൾ വരുന്നുണ്ട്.
താങ്കൾ ഇപ്പോഴും ബിജെപിക്കാരൻ ആണോ. തൊണ്ണൂറു കഴിഞ്ഞ ഒരാൾക്ക് ഇത്രയും കുശുമ്പും അസൂയയും കാണുന്നത് ആദ്യമായിട്ടാണ് എന്നും കമന്റുകൾ വരുന്നുണ്ട്.
'ഇയാള് സംഘത്തിന് അപമാനം, നേതൃത്വം ഇടപെട്ട് പുറത്താക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണം' എന്നും കമന്റ് വരുന്നുണ്ട്. ഇതിനിടെ ഒ. രാജഗോപാലിന്റെ ദീപം കത്തിക്കൽ ഇടതുപ്രവർത്തകരും ആഘോഷിക്കുകയാണ്.
തങ്ങളുടെ വിജയം ഒ. രാജഗോപാൽ പോലും ആഘോഷിക്കുകയാണെന്നാണ് ഇടതുപക്ഷം പറയുന്നത്. അഞ്ച് വർഷം നിയമസഭയിൽ ഇരുന്ന് ഇങ്ങനെയായെന്നും ഫേസ്ബുക്കിൽ കമന്റുകൾ വരുന്നുണ്ട്.
'ടാഗ് ബംഗാളിനുള്ളതാണേലും ദീപം നമുക്കുള്ളതാ, ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലേ' എന്നുള്ള പരിഹാസങ്ങളും വരുന്നുണ്ട്. നേരത്തെയും ബിജെപിക്ക് തിരിച്ചടിയായ നിലപാടുകൾ ഒ. രാജഗോപാൽ എടുത്തിരുന്നു.
നേമത്ത് തനിക്ക് ലഭിച്ച വോട്ടുകൾ കുമ്മനത്തിന് ലഭിക്കില്ലെന്ന് ഒ. രാജഗോപാൽ പറഞ്ഞിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതുകൊണ്ടായിരുന്നു ഇടതുപക്ഷത്തിന്റെ വിജയാഘോഷം വീടുകളിൽ ദീപം കത്തിച്ച് ആഘോഷിക്കാൻ തീരുമാനിച്ചത്.
വീടുകളിൽ പ്രവർത്തകർ മെഴുകുതിരികളും ചെരാതുകളും പന്തവും കൊളുത്തി ആഘോഷിച്ചിരുന്നു. തിരുവനന്തപുരം എ.കെ.ജി സെന്ററിൽ കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു.
അതേ സമയം ബംഗാൾ കലാപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം അവലംബിക്കുന്നത് ലജ്ജാകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. ബംഗാളിൽ സിപിഎമ്മിന്റെ അതേ പാതയിൽ അക്രമത്തിന്റെ വഴിയേ തന്നെയാണ് മമതയും പോകുന്നത്. പിണറായിയെ പോലെ ജിഹാദികളാണ് മമതയുടേയും ശക്തി. സമാന സ്വാഭാവമുള്ളതു കൊണ്ടാവും പിണറായി മമതയെ പിന്തുണയ്ക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ന്യൂസ് ഡെസ്ക്