ചേർത്തല: അഞ്ച് മിനിറ്റ് വൈകിയെത്തിയതിന്റെ പേരിൽ അദ്ധ്യാപികയ്ക്ക് സ്ഥാപനമുടയുടെ കൊടിയ മർദ്ധനം. സ്ഥാപനം ഉടമയും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനുമായ റെജിമോനാണ് അൽപ്പം വൈകിയെത്തിയതിന്റെ പേരിൽ അദ്ധ്യാപികയെ തല്ലിച്ചതച്ചത്. ഓഫിസ് മുറിയിലിട്ട് തല്ലിയത് കൂടാതെ ക്ലാസ് റൂമിലേക്ക് പോയ ടീച്ചറെ പിന്തുടർന്നെത്തിയ ഇയാൾ പിള്ളേരുടെ മുമ്പിലിട്ടും തല്ലി.

ചേർത്തല നാഗംകുളങ്ങരയിൽ പ്രവർത്തിക്കുന്ന ഒയാസിസ് കോളേജ് എന്ന ട്യൂഷൻ സെന്ററിലാണ് സംഭവം. സ്ഥാപനത്തിലെ അദ്ധ്യാപികയായിരുന്ന ചേർത്തല സ്വദേശിനി രാജിമോൾ(23) ക്കാണ് ട്യൂഷൻ സെന്റർ ഉടമസ്ഥന്റെ ക്രൂര മർദ്ദനത്തിന് ഇരയാകേണ്ടി വന്നത്. ട്യൂഷൻ സെന്റർ ഉടമയും ചേർത്തല ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ പട്ടണക്കാട് സ്വദേശി റെജിമോൻ(41)ാണ് അദ്ധ്യാപികയെ മർദ്ദിച്ചത്.

തിങ്കളാഴ്ച പെയ്ത ശക്തമായ മഴ കാരണം രാജിമോൾ സ്ഥിരമായി ജോലി സ്ഥലത്തേക്ക് പോയിക്കൊണ്ടിരുന്ന ബസ് അഞ്ച് മിനിറ്റ് വൈകി. ഓഫീസിലെത്താൻ വൈകിയെന്ന പേരിൽ അദ്ധ്യാപികയെ ഓഫീസ് മുറിക്കുള്ളിൽ പൂട്ടിയിടുകയും ശാരീരികമായി മർദ്ദിക്കുകയും ചെയ്തു. കുട്ടികളുടെ മുമ്പിൽ വെച്ച് കേട്ടാൽ അറയ്ക്കുന്ന അസഭ്യ വർഷങ്ങൾ കൂടി റെജിമോൻ പറഞ്ഞു. തുടർന്ന് ക്ലാസ് റൂമിലേക്ക് പോയ രാജിയെ പിന്തുടർന്നെത്തിയ റെജിമോൻ കുട്ടികൾ നോക്കി നിൽക്കെ വലിച്ചിഴച്ച് റോഡിലേക്ക് തള്ളുകയും രാജിയുടെ ബാഗും കുടയും റോഡിലേക്ക് വലിച്ചേറിയുകയും ചെയ്തു.

മുറിയിൽ പൂട്ടിയിട്ടതിനു ശേഷം രാജിയെ മർദ്ദിക്കുന്നതിനിടയിൽ ഇയാൾ വെല്ലുവിളി ഉയർത്തുകയും ചെയ്തു. നിന്നെ ഈ മുറിയിലിട്ട് എന്ത് ചെയ്താലും ഒരുത്തനും ചോദ്യം ചെയ്യില്ലാ എന്ന് പറഞ്ഞ് റെജിമോൻ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മുൻപും റെജിമോനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. റെജിമോന്റെ ട്യൂഷൻ സെന്ററായ ഒയാസിസ് കോളേജിലെ വിദ്ദ്യാർത്ഥിനിയുടെ കൈ തല്ലിയൊടിച്ചതടക്കം നിരവധി പരാതികൾ ഇയാൾക്കെതിരെ സ്റ്റേഷനിൽ വന്നിരുന്നു. എന്നാൽ ഈ കേസുകളെല്ലാം ഒത്തുതീർപ്പാക്കിയിരുന്നു. മുൻപുണ്ടായ കേസുകൾ ഒതുക്കി തീർത്തതിന്റെ ധാർഷ്ട്യവും അഹങ്കാരവും സ്റ്റേഷനിൽ വച്ചും തുടർന്നതായി പരാതിക്കാർ പറയുന്നു.

ഒരു സർക്കാർ ജീവനക്കാരനായ ഇയാൾ ചട്ടങ്ങൾ ലംഘിച്ചാണു കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഈ സ്ഥാപനം നടത്തിക്കൊണ്ട് പോകുന്നത്. ചേർത്തല സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സെക്ഷൻസ് 354,341,506(1) വകുപ്പുകളിൽ കേസ് എടുക്കുകയും കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയും ചെയ്തു.