2009നും 2017നും ഇടയിൽ രണ്ട് ടേമുകൾ അമേരിക്കൻ പ്രസിഡന്റായി തിളങ്ങിയ ബരാക് ഒബാമ പുതിയ പ്രസിഡന്റ് ട്രംപിന് വഴി മാറിക്കൊടുത്ത് വൈറ്റ് ഹൗസ് വിട്ടിറങ്ങിയിട്ട് നൂറ് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ലോകതലവന്റെ പണിയിൽ നിന്നും റിട്ടയർ ചെയ്ത ഒബാമ സാധാരണ പൗരനായി ഇപ്പോൾ ഏത് വിധത്തിലാണ് ജീവിക്കുന്നതെന്ന് ഏവരും ആകാംക്ഷയോടെ തിരക്കുന്നതും ചർച്ച ചെയ്യുന്നതുമായ കാര്യമാണ്. നിലവിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഷോപ്പിങ് നടത്തിയും ടൂറടിച്ചും ജീവിതം തള്ളിനീക്കുന്നുവെന്ന് ചില റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. എന്നാൽ വലുതായ പിള്ളേർ അവരുടെ വഴിക്ക് സഞ്ചരിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

ഇത്രയും കാലം ലോകപൊലീസ് തലവനായി അടക്കി വാണിട്ടും ഒരു ചില്ലിക്കാശിന്റെ അഴിമതി ആരോപണം പോലും പുരളാത്ത വ്യക്തിത്വമാണ് ഒബാമയുടേത്. അതിനാൽ റിട്ടയർ ചെയ്തതിന് ശേഷം അഴിമതിയുടെ പേരിൽ പിടിയിലാകുമെന്ന് ഒബാമയ്ക്ക് ഭയക്കേണ്ടതില്ല. അഴിമതിയിൽ മുമ്പന്മാരായ ചില ഇന്ത്യൻ രാഷ്ട്രീയ നേതാക്കന്മാർക്ക് കണ്ടു പഠിക്കാനുള്ള അമേരിക്കൻ മാതൃകയാണ് ഒബാമയെന്ന് തറപ്പിച്ച് പറയാൻ സാധിക്കും. അടുത്തിടെ ഒബാമയും മക്കളും വാഷിങ്ടൺ ഡിസിയിലെ ഒരു ബുക്ക് ഷോപ്പിൽ പുസ്തകങ്ങൾ വാങ്ങാനെത്തിയതിന്റെ വീഡിയോ ദൃശ്യം പുറത്ത് വരുകയും അത് വൈറലാവുകയും ചെയ്തിട്ടുണ്ട്.

ഒബാമയും മക്കളും ബുക്ക് ഷോപ്പിലേക്ക് കടന്ന് വരുന്നത് കണ്ട് ഷോപ്പർമാർ ആവേശത്തോടെ കൈയടിച്ചാണ് അവരെ വരവേൽക്കുന്നത്. ചിലർ അപ്രതീക്ഷിതമായി മുൻ പ്രസിഡന്റിനെ തൊട്ടടുത്ത് കണ്ട് ആവേശമടക്കാനാവാതെ തിക്കിത്തിരക്കി അടുത്തേക്ക് വരാനും ഹസ്തദാനം നടത്താനും ശ്രമിക്കുന്നുണ്ട്. അവരോടെല്ലാം ചിരിക്കുകയും ചിലരുടെ കൈപിടിച്ച് കുലുക്കാനും ഒബാമ തയ്യാറാകുന്നുണ്ട്. ഇതിന് പുറമെ ബില്ലിങ് കൗണ്ടറിലുള്ളവരോട് സുഖവിവരങ്ങൾ തിരക്കാനും മുൻ പ്രസിഡന്റ് മറക്കുന്നില്ല. ഷെൽഫിലെ പുതിയ പുസ്തകങ്ങളെക്കുറിച്ച് അദ്ദേം തിരക്കുകയും ചെയ്യുന്നതായി കാണാം.

പുസ്തകങ്ങൾ വാങ്ങിയ ഒബാമ അതിനുള്ള പണം നൽകുന്നതും ഫൂട്ടേജിൽ കാണാം. ഇത്തരത്തിൽ തന്റെ ഭാര്യ മിഷെലിനൊപ്പം ഒബാമ ഷോപ്പിങ് നടത്തുന്ന ചില ചിത്രങ്ങളും വീഡിയോകളും കുറച്ച് മുമ്പ് പുറത്ത് വന്നിരുന്നു. തന്റെ റിട്ടയർമെന്റ് ജീവിതത്തിൽ പുസ്തകരചനക്കായും ഒബാമ സമയം നീക്കി വയ്ക്കുന്നുണ്ടെന്ന് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നു. പ്രസിഡന്റെന്ന നിലയിൽ തന്റെ ഓർമകൾ പുസ്തകമാക്കുന്ന തിരക്കിലാണ് ഒബാമയെന്നും സൂചകളുണ്ട്. ഇതിനായി 15 മില്യൺ ഡോളർ മുതൽ 20 മില്യൺ ഡോളർ വരെ അദ്ദേഹത്തിന് ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 1995ൽ ഒബാമ എഴുതി തന്റെ ആദ്യ ഓർമ പുസ്തകത്തിലൂടെ അദ്ദേഹം 15 മില്യൺ ഡോളർ നേടിയിരുന്നു. ഡ്രീംസ് ഫ്രം മൈ ഫാദർ എന്നായിരുന്നു അതിന്റെ പേര്. തന്റെ 55ാം വയസിലാണ് ഒബാമ സ്ഥാനം വിട്ടിറങ്ങിയിരിക്കുന്നത്. പുസ്തകമെഴുത്തിന് പുറമെ പ്രസംഗത്തിൽ നിന്നും അദ്ദേഹം നല്ല വരുമാനമാണുണ്ടാക്കുന്നത്. നിരവധി സന്നദ്ധ സംഘടനകൾക്കും അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്. മികച്ച ബാസ്‌കറ്റ് ബോൾ കളിക്കാരനായ ഒബാമ എൻബിഎ ഓണർഷിപ്പിന്റെ ഭാഗമാകാൻ ശ്രമം നടത്തുന്നുവെന്ന റിപ്പോർട്ട് ജനുവരിയിൽ പുറത്ത് വന്നിരുന്നു.