മേരിക്കയിലെ കുടിയേറ്റ നിയമം പരിഷ്‌കരിക്കാൻ പ്രസിഡന്റ് ബരാക് ഒബാമ നിർദ്ദേശിച്ച മാറ്റങ്ങൾ അനധികൃത കുടിയേറ്റക്കാർക്കും തുണയാകും. മതിയായ രേഖകളില്ലാതെ അമേരിക്കയിൽ തുടരുന്ന 1.1 കോടിയോളം അനധികൃത കുടിയേറ്റക്കാർക്ക് ഇതുസഹായകമാകും. അതിർത്തി ലംഘിച്ച് അമേരിക്കയിലേക്ക് കടക്കുന്ന മെക്‌സിക്കോക്കാരാണ് അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിലേറെയും. ഇന്ത്യക്കാരും മോശമല്ല. പല രീതിയിൽ അവിടെയെത്തിയ നാലരലക്ഷത്തോളം ഇന്ത്യക്കാർ അമേരിക്കയിലുണ്ട്.

കുടിയേറ്റ പരിഷ്‌കാരങ്ങൾ ഫേസ്‌ബുക്കിലൂടെയാണ് ഒബാമ അറിയിച്ചത്. പ്രസിഡന്റെന്ന നിലയിൽ ഇക്കാര്യത്തിൽ തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും കുടിയേറ്റ നിയമങ്ങൾ ഫലപ്രദമാകുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുമെന്നുമാണ് ഒബാമയുടെ പ്രഖ്യാപനം. ഫേസ്‌ബുക്കിലൂടെ ഇക്കാര്യം പ്രഖ്യാപിച്ച പ്രസിഡന്റിന്റെ നടപടിയെ വൈറ്റ് ഹൗസ് ന്യായീകരിക്കുകയും ചെയ്തു.

അനധികൃത കുടിയേറ്റക്കാർക്ക് അമേരിക്കയിൽ നിയമവിധേയമായി ജീവിക്കാനുള്ള അവകാശം നൽകാനുള്ള നീക്കങ്ങൾ സംബന്ധിച്ച ഉഭയകക്ഷി നിർദ്ദേശങ്ങൾ സെനറ്റ് പരിഗണിക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയംഗങ്ങളുടെ തീരുമാനത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരുവർഷത്തിലേറെയായി. ഇതിനിടെയാണ് പ്രസിഡന്റ് തന്റെ എക്‌സിക്യുട്ടീവ് അധികാരമുപയോഗിച്ച് നേരിട്ട് നയം പ്രഖ്യാപിച്ചിരിക്കുന്നത്.

അമേരിക്കൻ പൗരത്വം നേടാനുള്ള ഗ്രീൻകാർഡല്ല ഇതിലൂടെ അനധികൃത കുടിയേറ്റക്കാർക്ക് ലഭിക്കുകയെന്ന് സെനറ്റ് അംഗം ഹാരി റീഡ് പറഞ്ഞു. അത് സുരക്ഷിതരായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കും. എന്നാൽ, കോൺഗ്രസ്സിൽ ചർച്ച ചെയ്യാതെ, പ്രസിഡന്റ് നേരിട്ട് തീരുമാനം പ്രഖ്യാപിച്ചതിനെതിരെ റിപ്പബ്ലിക്കൻ അംഗങ്ങൾ പ്രതിഷേധമുയർത്തിയിട്ടുണ്ട്.

കുടിയേറ്റ നിയമപരിഷ്‌കാരം സംബന്ധിച്ച അമേരിക്കയുടെ ആശങ്കകൾ പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് സെനറ്റംഗം ജോൺ കോണിൻ പറഞ്ഞു. പ്രസിഡന്റ് നേരിട്ട് തീരുമാനം പ്രഖ്യാപിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. രാജ്യത്ത് നിലനിൽക്കുന്ന നിയമവ്യവസ്ഥ മറികടന്നുള്ള ഒബാമയുടെ പ്രഖ്യാപനം ഭരണഘടനാ പ്രതിസന്ധിക്ക് വഴിവെക്കുമെന്നും ജോൺ കോണിൻ അഭിപ്രായപ്പെട്ടു.