ടെക്‌സസ്: വീട്ടിൽ നിർമ്മിച്ച ക്ലോക്ക് ബോംബാണെന്ന് സംശയിച്ചായിരുന്നു സ്‌കൂൾ വിദ്യാർത്ഥിയായ  അഹമ്മദ് മുഹമ്മദിനെ ആദ്യം യുഎസ് പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. എന്നാൽ പിന്നീട് അവനെ തേടിയെത്തിയത് ഒബാമയുടെ അഭിനന്ദനമായിരുന്നു.  സ്‌കൂൾ അധികൃതരുടേയും പൊലീസ് ഉദ്ദ്യോഗസ്ഥരുടേയും ഇസ്ലാമോഫോബിയയെ ചെറുത്തു തോൽപ്പിച്ചതിനാണ് ഈ മിടുക്കനെ ഒബാമ അഭിനന്ദിച്ചത്. അതിനു ശേഷം ഗൂഗിളും നാസയും ഫേസ്‌ബുക്കുമടക്കം അവരവരുടെ ആസ്ഥാനത്തേക്ക് ഈ മിടുക്കനെ ക്ഷണിച്ചിരിക്കുകയാണ്.

'ക്ലോക്ക് നന്നായിട്ടുണ്ട് അഹമ്മദ്, വൈറ്റ് ഹൗസിലേക്ക് അതുകൊണ്ടു വരണം നിന്നെ പോലെ സയൻസ് ഇഷ്ടപ്പെടുന്ന നിരവധി കുട്ടികൾക്ക് അത് പ്രചോദനമാവും ' ഒബാമ ട്വിറ്ററിൽ കുറിച്ചു.  

നാസയുടെ ലോഗോ ഉള്ള ടീ ഷർട്ട് ധരിച്ച് കൈ പിന്നിൽ കെട്ടി നിൽകുന്ന അഹമ്മദിന്റെ ചിത്രം ഇതിന് മറുപടിയായി നിരവധിപേർ റി ട്വീറ്റ് ചെയ്തു. സ്റ്റാന്റ് വിത്ത് അഹമ്മദ് എന്ന ഹാഷ് ടാഗ് ഇതിനോടകം തന്നെ ട്വിറ്ററിൽ വൈറലായിക്കഴിഞ്ഞു.

സുഡാനീസ് ദമ്പതികളുടെ മകനാണ് അഹമ്മദ്. സ്വന്തമായി ഉണ്ടാക്കിയ ക്ലോക്ക് സ്‌കൂളിൽ കൊണ്ടു പോയാൽ ടീച്ചർമാരെ ഇംപ്രസ് ചെയ്യാം എന്നാണ് കരുതിയിരുന്നത്. പക്ഷേ അത് വിപരീത ഫലമാണ് ഉണ്ടാക്കിയത്. എല്ലാവരും തെറ്റിദ്ധരിച്ചു. ബോംബുണ്ടാക്കിയെന്ന പേരിൽ അവർ അറസ്റ്റ് ചെയ്തു- അഹമ്മദ് ഡളാസ് മോർണിങ്ങ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ക്ലോക്ക്, എഞ്ചിനിയറിങ്ങ് ടീച്ചറെ കാണിച്ചപ്പോൾ അഹമ്മദ് പ്രതീക്ഷിച്ച പ്രതികരണമല്ല അദ്ധ്യാപകരിൽ നിന്നുണ്ടായത്. മാക് ആർതർ ഹൈ സ്‌കൂൾ വിദ്യാർത്ഥിയാണ് അഹമ്മദ്. ബോംബാണെന്ന് തെറ്റിദ്ധരിച്ച് ഇവർ പൊലീസിനെ അറിയിക്കുകയും അഹമ്മദ് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

അഹമ്മദ് കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവുകയായിരുന്നുവെന്നും പൊലീസ് അധികൃതർ പിന്നീട് അറിയിക്കുകയായിരുന്നു. അഹമ്മദിന്റെ വംശീയതയുമായും ഈ അറസ്റ്റിനു ബന്ധമില്ല. ഇതുപോലുള്ള വസ്തുക്കൾ സ്‌കൂളുകളിൽ കൊണ്ടു പോവാൻ പറ്റാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നതെന്നും ഇർവിങ്ങ് പൊലീസ് ചീഫ് ലാറി ബോണ്ട് വ്യക്തമാക്കി. അഹമ്മദിനെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലടച്ച പൊലീസ് നടപടിയെ അദ്ദേഹം ന്യായീകരിച്ചു.

അഹമ്മദിന്റെ ക്ലോക്ക് കാണുന്നവരാരായാലും അത് ബോംബായി തെറ്റദ്ധരിക്കുമെന്ന് സ്‌കൂൾ അധികൃതരും പ്രതികരിച്ചു.  അഹമ്മദിനെ സ്‌കൂളിൽ നിന്നും സസ്‌പെന്റ് ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്. കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻ സംഭവത്തെ കുറിച്ച്  അപലപിച്ചു.

ഒബാമയെ കൂടാതെ ഫേസ്‌ബുക്ക് സിഇഒ മാർക്ക് സൂക്കർബർഗ് അഹമ്മദിനെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഗൂഗിളും നാസയും ഈ മിടുക്കനെ തങ്ങളുടെ ആസ്ഥാനത്തേക്ക് ക്ഷണിച്ചിട്ടുണ്ട്. 'അഹമ്മദ്, ഈ ആഴ്ചയുടെ അവസാനം നടക്കുന്ന ഗൂഗിൾ സയൻസ് ഫെയറിൽ നിനക്കായി ഞങ്ങൾ ഒരു സീറ്റ് നീക്കി വച്ചിട്ടുണ്ട്... വരണം.. നിന്റെ ക്ലോക്കും കൊണ്ട് വരണം '  ഇങ്ങനെയാണ് ഓൺലൈൻ ഭീമൻ ഗൂഗിൾ ട്വീറ്റ് ചെയ്തത്.  

അഹമ്മദിനെ പിന്തുണയ്ക്കുന്നവർക്ക് നന്ദി അറിയിക്കാൻ അവന്റെ കുടുംബം പുതിയ ട്വിറ്റർ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.