വാഷിങ്ടൺ: ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള വർക്ക് വിസാ അപേക്ഷകളിൽ പകുതിയിലധികവും നിരാകരിക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കേ എൽ1 വിസാ ലഭിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. ഒബാമയുടെ ഈ പ്രഖ്യാപനം ഇന്ത്യൻ ഐടി കമ്പനികൾക്കാണ് ഏറെ സന്തോഷം പകരുന്നത്.

2012-14 കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ള എൽ1 ബി വിസാ അപേക്ഷകളിൽ 56 ശതമാനവും തള്ളിക്കളഞ്ഞുവെന്നാണ് വിർജീനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി (എൻഎഫ്എപി) കണ്ടെത്തിയത്. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ നിന്നു ലഭ്യമായ രേഖകൾ അടിസ്ഥാനമാക്കിയതാണ് എൻഎഫ്എപി റിപ്പോർട്ട് തയാറാക്കിയത്. അതേസമയം ചൈന, മെക്‌സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകളുടെ തിരസ്‌ക്കരണം ഇന്ത്യയുടേതിനേക്കാൾ പകുതിയിൽ താഴെയാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്.

ഐടി കമ്പനികൾ നടത്തുന്ന ഇൻട്രാ കമ്പനി ട്രാൻസ്ഫറുകൾ എൽ1 ബി വിസാ അനുവദിച്ചു കിട്ടിയാൽ മാത്രമേ നടത്താൻ സാധിക്കൂ. എച്ച്1 ബി വിസയിൽ നിന്നു വ്യത്യസ്തമായി, ഒരു വർഷം അനുവദിക്കപ്പെടുന്ന എൽ1 ബി വിസയ്ക്ക് എണ്ണം നിശ്ചയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഐടി കമ്പനികൾ വർക്ക് വിസയിലാണ് ജീവനക്കാരെ അമേരിക്കയിൽ നിയമിക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള എൽ1 ബി അപേക്ഷകരിൽ പകുതിയിലധികം പേരെ തഴയുക മാത്രമല്ല, അപേക്ഷ സമർപ്പിക്കുന്ന വേളയിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരെക്കാൾ കൂടുതലായി രേഖകൾ ആവശ്യപ്പെടുന്നുണ്ടെന്നും ഇന്ത്യൻ ഐടി കമ്പനികൾ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യക്കാരുടെ നേരെ കാട്ടുന്ന ഈ ചിറ്റമ്മ നയത്തിനെതിരേ നാഷണൽ അസോസിയേഷൻ ഫോർ സോഫ്റ്റ് വെയർ ആൻഡ് സർവീസസ് കമ്പനീസും രംഗത്തെത്തിയിരുന്നു.

അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച ഈ റിപ്പോർട്ടിലാണ് ബരാക് ഒബാമ പ്രസ്താവന നടത്തിയിരിക്കുന്നത്. എൽ1 ബി വിസാ കാറ്റഗറിയിൽ ഉടൻ തന്നെ പരിഷ്‌ക്കാരം ഏർപ്പെടുത്തുമെന്നും അമേരിക്കയിലേക്ക് ജീവനക്കാരെ അയയ്ക്കുന്ന വിദേശ കമ്പനികൾക്ക് ഇനി മുതൽ ഇത് കൂടുതൽ എളുപ്പത്തിൽ സാധിക്കുമെന്നും ഒബാമ വ്യക്തമാക്കുന്നു. അമേരിക്കയിൽ വിദേശ നിക്ഷേപം കൂടുതൽ കൊണ്ടുവരാൻ ഇതുമൂലം സാധിക്കുമെന്നും ഒബാമ പ്രത്യാശ പ്രകടിപ്പിച്ചു.

അമേരിക്കയിലേക്കുള്ള വർക്ക് വിസാ അപേക്ഷകൾ നിരസിക്കുന്നത് ശരാശരി 25 ശതമാനമാണെന്നിരിക്കേ ഇന്ത്യയിൽ നിന്നുള്ള അപേക്ഷകരിൽ നിന്നുമാത്രം 56 ശതമാനം അപേക്ഷകൾ തള്ളിക്കളയുകയാണെന്നുള്ള വാർത്ത ഈ രംഗത്തെ വിദഗ്ധരെ ഒട്ടൊന്നുമല്ല അമ്പരപ്പിച്ചത്. അമേരിക്കയിൽ തൊഴിലില്ലായ്മ നിരക്ക് ഏറെ താഴുകയും സാമ്പത്തിക മാന്ദ്യത്തിന് അറുതി വന്നിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നു തന്നെ 56 ശതമാനം വിസാ അപേക്ഷകൾ തള്ളുന്നതിന്റെ പശ്ചാത്തലം എന്താണെന്ന് മനസിലാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഏതായാലും ഒബാമയുടെ പുതിയ പ്രസ്താവന ഐടി മേഖലയിൽ കൂടുതൽ ഉണർവിന് കാരണമാകുമെന്ന് പ്രതീക്ഷിക്കാം.