തൃശ്ശൂർ: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് ഒബിസി മോർച്ച മുൻ ഉപാധ്യക്ഷൻ ഋഷി പൽപ്പു. സംസ്ഥാന അധ്യക്ഷൻ ഫോണിലൂടെയാണ് പുറത്താക്കിയ വിവരം അറിയിച്ചത്. അദ്ദേഹം തന്നെ വിളിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നോയെന്ന് ചോദിച്ചു. താൻ ഇട്ടുവെന്ന് മറുപടി നൽകി.

നിങ്ങളെ ചുമതലയിൽ നിന്നുമാറ്റുന്നതായാണ് അദ്ദേഹം പറഞ്ഞത്. മറ്റൊന്നും പറഞ്ഞില്ല. നോട്ടീസ് നൽകുകയോ വിശദീകരണം ചോദിക്കുകയോ ചെയ്തില്ലെന്നും ഋഷി പൽപ്പു പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തന്റെ വികാരം പങ്കുവയ്ക്കുക മാത്രമാണ് ചെയ്തത്. കുഴൽപ്പണ വിവാദത്തിൽ അണികളെ വിശ്വാസത്തിൽ എടുക്കുന്നതിൽ ബിജെപി ജില്ലാ നേതൃത്വം അമ്പേ പരാജയപ്പെട്ടതായും ഋഷി പൽപ്പു ആരോപിച്ചു.

താൻ പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും തന്റെ വിശദീകരണം പോലും കേൾക്കാതെയാണ് തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്നും ഋഷി പൽപ്പു പറഞ്ഞു. നേതൃത്വം തന്നോട് കാണിച്ചത് അനീതിയാണെന്നും ഋഷി പൽപ്പു ആരോപിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ഋഷി പൽപ്പുവിനെ കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ നിന്ന് പുറത്താക്കിയത്.

കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നായിരുന്നു പൽപ്പുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. കുഴൽപ്പണക്കേസിൽ നേതാക്കൾ പരസ്പ്പരം പഴിചാരുന്ന അവസ്ഥയാണ് ജില്ലയിലെ ബിജെപിയിൽ നിലനിൽക്കുന്നത്. പ്രവർത്തകർ തമ്മിലുള്ള കത്തിക്കുത്തിലേക്ക് പോലും കാര്യങ്ങൾ എത്തിയിരുന്നു.

അതേസമയം, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരി തന്നെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി ഋഷി പൽപ്പു വെസ്റ്റ് പൊലീസിൽ പരാതി നൽകി. കുഴൽപണക്കേസ് സംബന്ധിച്ചുള്ള തർക്കത്തിനിടെ കഴിഞ്ഞ ദിവസം വാടാനപ്പിള്ളിയിൽ ബിജെപി പ്രവർത്തകനു കുത്തേറ്റ സംഭവത്തിൽ 4 ബിജെപി പ്രവർത്തകരെ ഇന്നലെ അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പിനു 3 ദിവസം മുൻപ് കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ കെ.ആർ. ഹരിയെയും ട്രഷറർ സുജയ് സേനനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി പാർട്ടിയിൽ ഉടലെടുത്ത ഗ്രൂപ്പ് പോരിന്റെ തുടർച്ചയാണ് കത്തിക്കുത്തും വധഭീഷണിയും സസ്പെൻഷനും.

ഋഷി പൽപ്പുവിന്റെ പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. എന്നാൽ ഋഷി പൽപ്പുവിനെ ആറുവർഷത്തേക്ക് സസ്‌പെൻഡ് ചെയ്തതായി അറിയിച്ച ബിജെപി ജില്ലാ നേതൃത്വം നടപടിയുടെ പ്രതികാരമാണ് വ്യാജ ആരോപണത്തിന് പിന്നിലെന്നാണ് പ്രതികരിച്ചത്.