ഡബ്ലിൻ: അമിത ഭാരവും പൊണ്ണത്തടിയുമുള്ള ടീനേജുകാർക്ക് ഭാവിയിൽ കുടൽ കാൻസർ പിടിപെടാനുള്ള സാധ്യത കൂടുതലെന്ന് റിപ്പോർട്ട്. പ്രായപൂർത്തിയാകുമ്പോൾ ഇക്കൂട്ടർക്ക് കുടലിൽ കാൻസർ പിടിപെടാനുള്ള സാധ്യത തങ്ങളുടെ അതേ പ്രായത്തിലുള്ള ടീനേജുകാരനെക്കാൾ ഇരട്ടിയാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ബോഡി മാസ് ഇൻഡെക്‌സിനെക്കാൾ 30 ശതമാനം കൂടുതൽ ശരീരഭാരമുള്ളവരെയാണ് പൊണ്ണത്തടിയന്മാർ എന്നു വിശേഷിപ്പിക്കുന്നത്. ബിഎംഐയെക്കൾ 25 ശതമാനത്തിൽ കൂടുതലുള്ളവരെ അമിത ഭാരമുള്ളവർ എന്നും വിശേഷിപ്പിക്കുന്നു. രാജ്യത്ത് മരണകാരണമാകുന്ന അർബുദങ്ങളിൽ ശ്വാസകോശ അർബുദം കഴിഞ്ഞ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നതാണ് കുടൽ കാൻസർ. 1952നും 1956നും മധ്യേ പ്രായമുള്ള 240,000 പുരുഷന്മാരിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഇവരിൽ നിന്നുള്ള പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ടീനേജുകാലത്ത് പൊണ്ണത്തടിയന്മാരായ ആൾക്കാർക്ക് കുടൽ കാൻസർ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് വിലയിരുത്തിയത്. 

പഠനത്തിന് വിധേയരാക്കിയവരിൽ 885 പേർക്ക് 35 വർഷത്തിനു ശേഷം കുടൽ കാൻസർ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇതിൽ തന്നെ അമിതഭാരമുള്ളവരിൽ മറ്റുള്ളവരെക്കാൾ 2.08 മടങ്ങ് രോഗസാധ്യത കൂടുതലാണെന്നും പൊണ്ണത്തടിയുള്ളവരിൽ 2.38 മടങ്ങ് രോഗസാധ്യത കൂടുതലെന്നുമാണ് തെളിഞ്ഞിട്ടുള്ളത്.