മെൽബൺ: ഓസ്‌ട്രേലിയയിലെ കുട്ടികൾക്കിടയിൽ മുമ്പെത്തെക്കാളും ഏറെ പൊണ്ണത്തടി വർധിച്ചുവരുന്നതായി റിപ്പോർട്ട്. കുട്ടികളുടെ ആരോഗ്യത്തെയും രാജ്യത്തെ ആരോഗ്യസംവിധാനത്തേയും സാരമായി ബാധിക്കുന്ന വിധത്തിലാണ് കുട്ടികൾക്കിടയിൽ പൊണ്ണത്തടി പിടിമുറുക്കിയിരിക്കുന്നതെന്നാണ് സർവേ വെളിപ്പെടുത്തുന്നത്.

നിലവിൽ 30,000ത്തിലധികം കുട്ടികളെ പൊണ്ണത്തടി സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലയളവിനുള്ളിൽ പ്രശ്‌നം ഏറെ സങ്കീർണമായിട്ടുണ്ടെന്നുമാണ് വിലയിരുത്തുന്നത്. അമിത വണ്ണക്കാരായ കുട്ടികളുടെ ആനുപാതം 1995-നെക്കാൾ 2012 ആയപ്പോഴേയ്ക്കും ഏറെ വർധിച്ചുവെന്നും വെസ്റ്റ്മീഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ അസോസിയേറ്റ് പ്രഫസർ സാറാ ഗാർനെറ്റ് വ്യക്തമാക്കുന്നു. 1995-ൽ അഞ്ചിൽ ഒന്ന് എന്നതായിരുന്നു പൊണ്ണത്തടിയുള്ള കുട്ടികളുടെ ആനുപാതമെങ്കിൽ 2012-ആയപ്പോഴേയ്ക്കും മൂന്നിൽ ഒന്നായി അതു ചുരുങ്ങിയെന്നും സർവേ വിലയിരുത്തുന്നു.

ഏഴു മുതൽ 15 വയസു വരെ പ്രായമുള്ള 1985 മുതൽ 2012 വരെ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ നടന്നിട്ടുള്ള നാല് സർവേകളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം പൂർത്തീകരിച്ചിരിക്കുന്നത്. ഇക്കാലയളവിൽ കുട്ടികളിലെ പൊണ്ണത്തടി ക്രമാതീതമായ തോതിൽ വർധിച്ചിട്ടുണ്ട്.


2012 ൽ നടന്ന സർവേയിൽ, സർവേയിൽ പങ്കെടുത്ത 20% വീടുകളിലെയും കുട്ടികൾ ശരീര ഭാരം നോക്കുന്നതിനോ പൊണ്ണത്തടി കണക്കാക്കുന്നതിനോ താൽപര്യം കാണിച്ചിരുന്നില്ല. അമിത വണ്ണമുള്ള മറ്റു കുട്ടികളേക്കാൾ പൊണ്ണത്തടിയുള്ള കുട്ടികൾക്ക് പ്രത്യേക ആരോഗ്യ പരിരക്ഷ ആവശ്യമാണ്. ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്നു ഗാർനെറ്റ് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള കുട്ടികളെ ചികിത്സിക്കാതിരിക്കുന്നത് ആ വ്യക്തിക്കും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. ഇത് ആരോഗ്യ രംഗത്തെയും ബാധിക്കും. നിലവിൽ ഇത്തരം കുട്ടികളെ ചികിത്സിക്കുന്നതിനായി പീഡിയാട്രിക് ഒബീസിറ്റി സർവീസ് കേന്ദ്രങ്ങൾ കുറവാണ്.

പൊണ്ണത്തടിയുടെ കാര്യത്തിൽ പാരമ്പര്യം ഒരു ഘടകമാണെങ്കിലും നിലവിൽ കുടുംബങ്ങൾ അനുകരിച്ചുപോരുന്ന ആഹാരരീതിയും വ്യായാമമില്ലായ്മയുമെല്ലാം കുട്ടികളെ പൊണ്ണത്തടിയന്മാരാക്കാൻ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. കുട്ടികളിലെ അമിത വണ്ണം കുറച്ച് അവരെ ആരോഗ്യമുള്ള പൗരന്മാരായി വളർത്താൻ മാതാപിതാക്കൾ വേണ്ടത്ര ശ്രദ്ധ ചെലുത്തണമെന്നും ഗാർനെറ്റ് ചൂണ്ടിക്കാണിക്കുന്നു.