കാലടി : മലയാറ്റൂർ സെന്റ് തോമസ് പള്ളിക്ക് സമീപം ചൈതന്യ വീട്ടിൽ ചാൾസ് സ്വാമികളെ (68) വീടിനുള്ളിൽ മരിച്ച നിലയിൽ താമസസ്ഥലത്ത് കണ്ടെത്തി. സ്വാമി താമസിച്ചിരുന്ന വീടിന് പിറകിൽ പുഴയും മുൻവശത്ത് മറ്റ് വീടുകളുമാണ് ഉള്ളത്. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ കാലടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്ത് എത്തിയ പൊലീസ് വീടിനുള്ളിൽ സ്വാമിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് രണ്ട് മൂന്ന് ദിവസത്തെ പഴക്കമുണ്ടന്നാണ് പൊലീസ് നിഗമനം. പോസ്റ്റ്‌മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും
സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

മരണത്തിൽ അസ്വാഭാവികത ഒന്നും ഇല്ലന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ എന്തങ്കിലും വിവരം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമെ പറയുവാൻ കഴിയുകയുള്ളുവെന്ന് കാലടി പൊലീസ് അറിയിച്ചു. ചെന്നൈ ആസ്ഥാനമാക്കി ഗുരുകുലം എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരികയായിരുന്നു സ്വാമി.

ഇടക്ക് നാട്ടിൽ വന്ന് പോകുന്ന വ്യക്തിയാണ് ഇദ്ദേഹം. ചില ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. നാട്ടിൽ സ്വാമിയുടെ പ്രവർത്തനങ്ങൾ ഒന്നും ഇതുവരെ കണ്ടിട്ടില്ലന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. ആശ്രമം പോലെ രൂപപ്പെടുത്തിയ വീട്ടിലായിരുന്നു സ്വാമി താമസിച്ചു വന്നിരുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്