- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിമ്പ്യൻ എസ്.എസ്.നാരായണൻ അന്തരിച്ചു; വിടവാങ്ങിയത് ഒളിമ്പിക്സിൽ രണ്ട് തവണ ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രതിനിധീകരിച്ച താരം; സംസ്കാരം വെള്ളിയാഴ്ച താനെയിൽ
മുംബൈ: ഒളിമ്പിക്സിൽ രണ്ട് തവണ ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രതിനിധീകരിച്ച എസ്.എസ്.ബാബു നാരായണൻ മുംബൈയിൽ അന്തരിച്ചു. 86 വയസായിരുന്നു. ഒറ്റപ്പാലം സ്വദേശിയാണ്. 1956-ൽ മെൽബണിലും 1960-ൽ റോം ഒളിമ്പിക്സിലുമാണ് അദ്ദേഹം ഇന്ത്യൻ ടീമിന്റെ വല കാത്തത്.
വ്യാഴാഴ്ച വൈകീട്ട് ആശുപത്രിയിൽ നിന്നും താനെയിലുള്ള തന്റെ വീട്ടിലേക്ക് എത്തിയ ഉടനെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഹെർണിയ ശസ്ത്രക്രിയയെ തുടർന്ന് കുറച്ചു ദിവസമായി ആശുപത്രിയിലായിരുന്നു.
മാട്ടുംഗയിൽ ഇന്ത്യൻ ജിംഖാനയിലും മാട്ടുംഗ അത്ലറ്റിക് ക്ലബ്ബിലും ബാസ്കറ്റ്ബോൾ താരമായിരുന്ന അദ്ദേഹം 1964-ൽ മഹരാഷ്ട്രയുടെ ബാസ്കറ്റ്ബോൾ ടീമിൽ അംഗമായിരുന്നു. പിന്നീടാണ് ഫുട്ബോളിലേക്ക് തിരിഞ്ഞത്. മുംബൈയിൽ ടാറ്റാസ് ഫുട്ബോൾ ക്ലബ്ബ്, കാൾട്ടക്സ് തുടങ്ങിയ ടീമുകളിൽ കളിച്ചാണ് അദ്ദേഹം ഇന്ത്യൻ ടീമിലേക്കെത്തിയത്.
പ്രശസ്തനായ ഇന്ത്യൻ ഗോൾ കീപ്പർ പീറ്റർ തങ്കരാജിനൊപ്പമാണ് ശങ്കർ സുബ്രഹ്മണ്യം നാരായണൻ എന്നറിയപ്പെട്ടിരുന്ന ബാബു നാരായണൻ ഇന്ത്യൻ ടീമിന്റെ ഭാഗമായത്. പ്രമുഖ താരങ്ങളായ പി.കെ.ബാനർജി, ചുനിഗോസ്വാമി, ജർണയിൽ സിങ്ങ്, തുടങ്ങി നിരവധി താരങ്ങളാണ് അന്ന് ഇന്ത്യൻ ടീമിലുണ്ടായിരുന്നത്. സംസ്കാരം വെള്ളിയാഴ്ച കാലത്ത് താനെയിൽ നടക്കും
ന്യൂസ് ഡെസ്ക്