- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൽകുന്നത് തുച്ഛമായ നഷ്ടപരിഹാരവും അനുവദിക്കുന്ന റേഷൻ പുഴുത്ത അരിയും; കടബാധ്യതകൾ പെരുകുന്നു... ചെലവ് വർധിക്കുന്നു... സർക്കാരിന്റെ ഭാഗത്തുനിന്ന് ന്യായമായി ഒന്നും ചെയ്യുന്നില്ല; എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് തടിയൂരി തോമസ് ഐസക്കും; അടിമലത്തുറയിൽ ധനമന്ത്രിയെ തടഞ്ഞ് വച്ചത് മത്സ്യത്തൊഴിലാളി സ്ത്രീകൾ; ചെല്ലാനത്ത് ഉമ്മൻ ചാണ്ടിക്കൊപ്പമെത്തിയ കോൺഗ്രസുകാരെ പുറത്താക്കിയും പ്രതിഷേധം
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ കേരളത്തിലെ തീരദേശത്ത് പ്രതിഷേധം തുടരുന്നു. ധനമന്ത്രി തോമസ് ഐസക്കിന്റെ സന്ദർശനത്തിനിടെ അടിമലത്തുറയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തേക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് തൊഴിലാളികളുടെ കുടുംബാംഗങ്ങൾ പ്രതിേഷധവുമായി രംഗത്തെത്തിയത്. ചെല്ലാനത്ത് കടൽഭിത്തി നിർമ്മാണം നടത്തമെന്നാവശ്യപ്പെട്ട് സമരം നടത്തിവന്ന പ്രദേശവാസികളെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളെ പ്രദേശവാസികൾ തടഞ്ഞു. ഉമ്മൻ ചാണ്ടിയെയും ഹൈബി ഈഡൻ എംഎൽഎയും മാത്രമാണ് സമരപ്പന്തലിലേയ്ക്ക് പ്രവേശിപ്പിച്ചത്. ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച മേഖലകളിൽ സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസത്തിൽ അതൃപ്തരാണെന്ന് പറഞ്ഞാണ് അടിമലത്തുറയിൽ തോമസ് ഐസക്കിനെ മത്സ്യത്തൊഴിലാളികൾ തടഞ്ഞത്. നഷ്ടപരിഹാരത്തേക്കുറിച്ച് സംസാരിക്കുന്നതിനിടെ സ്ത്രീകൾ ബഹളം വെക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്ത സൗജന്യ റേഷനരി പഴകി കേടായതാണെന്ന് ചിലർ പരാതിപ്പെട്ടു. പ്രക്ഷുബ്ധരായ ഇവരെ ആശ്വസിപ്പിച്ച ശേഷമാണ് മന്ത്രി തിരിച്ച
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ കേരളത്തിലെ തീരദേശത്ത് പ്രതിഷേധം തുടരുന്നു. ധനമന്ത്രി തോമസ് ഐസക്കിന്റെ സന്ദർശനത്തിനിടെ അടിമലത്തുറയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തേക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് തൊഴിലാളികളുടെ കുടുംബാംഗങ്ങൾ പ്രതിേഷധവുമായി രംഗത്തെത്തിയത്. ചെല്ലാനത്ത് കടൽഭിത്തി നിർമ്മാണം നടത്തമെന്നാവശ്യപ്പെട്ട് സമരം നടത്തിവന്ന പ്രദേശവാസികളെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളെ പ്രദേശവാസികൾ തടഞ്ഞു. ഉമ്മൻ ചാണ്ടിയെയും ഹൈബി ഈഡൻ എംഎൽഎയും മാത്രമാണ് സമരപ്പന്തലിലേയ്ക്ക് പ്രവേശിപ്പിച്ചത്.
ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച മേഖലകളിൽ സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസത്തിൽ അതൃപ്തരാണെന്ന് പറഞ്ഞാണ് അടിമലത്തുറയിൽ തോമസ് ഐസക്കിനെ മത്സ്യത്തൊഴിലാളികൾ തടഞ്ഞത്. നഷ്ടപരിഹാരത്തേക്കുറിച്ച് സംസാരിക്കുന്നതിനിടെ സ്ത്രീകൾ ബഹളം വെക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്ത സൗജന്യ റേഷനരി പഴകി കേടായതാണെന്ന് ചിലർ പരാതിപ്പെട്ടു. പ്രക്ഷുബ്ധരായ ഇവരെ ആശ്വസിപ്പിച്ച ശേഷമാണ് മന്ത്രി തിരിച്ചുപോയത്. കഴിഞ്ഞ ദിവസങ്ങളിൽ ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മേഴ്സിക്കുട്ടിയമ്മ അടക്കമുള്ള മന്ത്രിമാർക്കു നേരേയും മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു.
തോമസ് ഐസക്കിന് നേരേയും സമാന രീതിയിൽ രൂക്ഷ ഭാഷയിലാണ് പ്രതിഷേധം ഒഴൂകിയത്. ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് സർക്കാർ നൽകുന്നത് തുച്ഛമായ നഷ്ടപരിഹാരവും അനുവദിക്കുന്ന റേഷൻ പുഴുത്ത അരിയാണെന്നും ഇവർ പരാതിപ്പെട്ടു. ദുരിതത്തിനുശേഷം ജോലിക്ക് പോാകൻ കഴിഞ്ഞിട്ടില്ല. കുടുംബങ്ങളിൽ വറുതിയാണ്. കടബാധ്യതകൾ പെരുകുന്നു. ചെലവ് വർധിക്കുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് ന്യായമായി ഒന്നും ചെയ്യുന്നില്ലെന്നും അവർ പറഞ്ഞു.
ഇതോടെ വിഴിഞ്ഞം, പൂന്തുറ സന്ദർശനം റദ്ദാക്കി തോമസ് ഐസക് മടങ്ങി. നിലവിൽ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവവരിൽ മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 45 രൂയുമാണ് നൽകുന്നത്. ഒരു കുടുംബത്തിന് പരമാവധി 300 രൂപയാണ്. എന്നാൽ ഇത് അപര്യാപ്തമാണ്. 500 രൂപയെങ്കിലും നൽകണമെന്നും സ്ത്രീകൾ ആവശ്യപ്പെട്ടു. എന്നാൽ പ്രശ്നം പരിഹാരിക്കാമെന്നല്ലാതെ വ്യക്തമായ ഉറപ്പ് നൽകിയിട്ടില്ല. എന്നാൽ ഇത് സ്വഭാവിക രോഷപ്രകടനം മാത്രമാണെന്ന് തോമസ് ഐസക്ക് പ്രതികരിച്ചു. സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാം. മുഖ്യമന്ത്രിയുമായി ആലോചിച്ച് അദ്ദേഹവുമായി സംസാരിക്കാൻ വേണ്ടിവന്നാൽ അവസരമൊരുക്കാം. കടബാധ്യതകൾ തീർക്കാൻ നടപടിയെടുക്കാം. ദുരന്തത്തിനു ശേഷം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികൾ പരിശോധിച്ച ശേഷമേ വിമർശിക്കാവൂവെന്നും തോമസ് ഐസക് പറഞ്ഞു.
എന്നാൽ ഇവിടങ്ങളിൽ എത്തിയ മുന്മന്ത്രി വി എസ് അച്യുതാനന്ദന് മാന്യമായ സ്വീകരണമാണ് ലഭിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും തീരദേശ മേഖല സ്വീകരിച്ചു. കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെതിരെ ആദ്യം നേരിയ പ്രതിഷേധം ഉയർന്നുവെന്നുവെങ്കിലും പിന്നീട് അത് ആറിത്തണുത്തു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും തീരപ്രദേശത്തിന്റെ പ്രതിഷേധച്ചൂട് അറിഞ്ഞിരുന്നു. ചെല്ലാനത്തെത്തിയ നേതാക്കളിൽ ഉമ്മൻ ചാണ്ടി ഒഴികെയുള്ളവരെ രാഷ്ട്രീയം നോക്കാതെ ഒരുപോലെ പ്രദേശവാസികൾ എതിർക്കുകയായിരുന്നു. കടൽഭിത്തി നിർമ്മിക്കുന്നതിൽ അനാസ്ഥ വരുത്തിയതാണ് ഇവരെ പ്രകോപിപ്പിച്ചത്.
കടൽഭിത്തി എന്ന ആവശ്യത്തിൽ കാലാകാലങ്ങളായി നേതാക്കൾ വഞ്ചിക്കുകയായിരുന്നു എന്നാരോപിച്ചാണ് ചെല്ലാനത്ത് കോൺഗ്രസ് നേതാക്കളെ തടഞ്ഞത്. ഉമ്മൻ ചാണ്ടി, ഹൈബി ഈഡൻ എംഎൽഎ, ബെന്നി ബഹന്നാൻ, ഡൊമിനിക് പ്രസന്റേഷൻ തുടങ്ങിയ നേതാക്കളായിരുന്നു സമരപ്പന്തൽ സന്ദർശിക്കാനെത്തിയത്. സമരവേദിയിൽ ഒരു നേതാവിനെയും സംസാരിക്കാൻ അനുവദിക്കില്ലെന്നായിരുന്നു തൊഴിലാളികളുടെ നിലപാട്. തുടർന്ന് ഉമ്മൻ ചാണ്ടി സമരസമിതി നേതാക്കളുമായി ചർച്ച നടത്തി. ചെല്ലാനത്തെ പ്രദേശവാസികൾ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്നും കടൽഭിത്തി നിർമ്മിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി, ധനമന്ത്രി തുടങ്ങിയവരുമായി ചർച്ച നടത്തുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 110 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും തുക അനുവദിക്കുകയും മൂന്നു തവണ ടെണ്ടർ വിളിക്കുകയും ചെയ്തതാണ്. എന്നാൽ ടെണ്ടർ സ്വീകരിക്കാൻ ആരും മുന്നോട്ടുവരാത്തതിനാൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായില്ല. ഇക്കാര്യത്തിൽ തുടർ കാര്യങ്ങൾ ചെയ്യുന്നതിന് ഈ പ്രദേശത്തെ ജനപ്രതിനിധികളുമായി ചർച്ച നടത്തും. തുടർന്ന് പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരമുണ്ടാക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഇന്നലെ പിസി ജോർജ് അടക്കമുള്ള നേതാക്കൾ സമരസ്ഥലത്ത് എത്തിയിരുന്നെങ്കിലും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ സമരക്കാർ നേതാക്കളെ അനുവദിച്ചില്ല. സമരത്തിന് വിവിധ ഇടവകകളിൽനിന്നുള്ള വൈദികർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചാം ദിവസമായ ഇന്നും നിരാഹാര സമരം തുടരുമെന്നും തൊഴിലാളികൾ പറഞ്ഞു.