- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷക സമരത്തിന് പിന്തുണ നൽകിയ വിദേശത്തുള്ളവർ എല്ലാം രാജ്യദ്രോഹികൾ; പ്രതിഷേധിച്ചവരുടെ ദീർഘകാല വിസകളും ഒസിഐ കാർഡും റദ്ദാക്കും; 12 പ്രവാസികളുടെ ആനുകൂല്യങ്ങൾ റദ്ദാക്കി ഇടപെടൽ; എംബസികളിൽ നിന്ന് റിപ്പോർട്ട് തേടി മുഴുവൻ പേരെയും ബ്ലാക് ലിസ്റ്റ് ചെയ്യാൻ മോദി സർക്കാർ; യുകെയിലും കാനഡയിലുമുള്ള നിരവധി പേർക്ക് പണി കിട്ടും
ന്യൂഡൽഹി: കർഷക സമരത്തെ പിന്തുണയ്ക്കുന്ന ഇന്ത്യൻ പൗരത്വമില്ലാത്ത പ്രവാസികൾക്ക് ഇനി നാട്ടിലെത്താനാകില്ല. സമരത്തെ പിന്തുണയ്ക്കുന്നവരുടെ ദീർഘകാല വിസകളും ഒസിഐ (ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ) കാർഡുകളും കേന്ദ്രസർക്കാർ റദ്ദാക്കുന്നു. ഫലത്തിൽ ഇവർക്ക് ഇന്ത്യയിൽ എത്താനാകാത്ത സ്ഥിതിവരും. വിദേശ രാജ്യത്ത് പൗരത്വമുള്ളവർക്ക് ഇന്ത്യ നൽകുന്ന അനുമതി കാർഡാണ് ഒസിഐ.
കർഷക സമരത്തിനെതിരെ ഇന്ത്യയ്ക്ക് പുറത്തും സമരങ്ങൾ നടന്നിരുന്നു. കാനഡയിലും ഇംഗ്ലണ്ടിലുമെല്ലാം പ്രതിഷേധക്കാർ തെരുവിലെത്തി. ഈ സമരങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ രാജ്യദ്രോഹികളായി കാണാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. കേന്ദ്രം പറയുന്നത് ഇവർ ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നാണ്. കർഷകസമരത്തിന് പിന്തുണ നൽകുന്നത് രാജ്യവിരുദ്ധ പ്രവർത്തനമല്ലന്നെ് കർഷകരും പറയുന്നു. ഇത് അംഗീകരിക്കാതെയാണ് കേന്ദ്ര തീരുമാനം.
ഫലത്തിൽ കർഷക സമരത്തെ പിന്തുണച്ച് പരസ്യമായി രംഗത്ത് വന്ന ഇന്ത്യാക്കാർക്കെല്ലാം ഒസിഐ കാർഡ് നഷ്ടമാകും. അതാത് എംബസികളോട് പ്രതിഷേധക്കാരുടെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയം തിരക്കിയിട്ടുണ്ട്. ഇവരുടെ എല്ലാം ഒസിഐ കാർഡ് റദ്ദാക്കാനാണ് നീക്കം. ഇതിനോടകം 12 പേരുടെ ദീർഘകാല വിസ, ഒസിഐ കാർഡ് എന്നിവ റദ്ദാക്കിയിരുന്നു. ഇവർക്ക് ഇനി ഇന്ത്യയിലേക്ക് പ്രവേശിക്കാനാകില്ല. ഇതുസംബന്ധിച്ച നിർദ്ദേശം വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ അധികൃതർക്ക് കൈമാറിയിട്ടുണ്ട്. ഒസിഐ കാർഡുകള്ളവർക്ക് ഇന്ത്യയിൽ എത്തുമ്പോൾ നിരവധി ആനുകൂല്യങ്ങൾ കിട്ടുമായിരുന്നു. കർഷക സമരത്തിൽ പങ്കെടുത്തവർക്ക് ഇനി വിസിറ്റിങ് വിസയിൽ എത്തിയാലും ഇതൊന്നും കിട്ടില്ല.
ഒസിഐ കാർഡുള്ളവർ നാട്ടിലെത്തിയാൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണെമന്ന വ്യവസ്ഥയും ഒഴിവാക്കിയിരുന്നു. മാത്രമല്ല, ഈ കാർഡുള്ളവർക്ക് എന്തുതരത്തിലുള്ള ഇടപാട് നടത്തുന്നതിനും തടസ്സമില്ല. സാമ്പത്തിക ഇടപാടുകൾക്കും വിദ്യാഭ്യാസ സംബന്ധമായ ഇടപാടുകൾക്കും പ്രവാസികൾക്കുള്ള എല്ലാ സ്വാതന്ത്ര്യവും ഇവർക്ക് ലഭിക്കും.
നേരത്തെ, 15 വർഷത്തെ കാലയളവിലേക്കായി പി.ഐ.ഒ കാർഡുകളാണ് കേന്ദ്രം വിദേശത്തുള്ള ഇന്ത്യൻ വംശജർക്കായി അനുവദിച്ചിരുന്നത്. ഈ കാർഡുള്ളവർ ആറുമാസത്തിലേറെ തുടർച്ചയായി ഇന്ത്യയിൽ തങ്ങുകയാണെങ്കിൽ പൊലീസ് സ്റ്റേഷനിലെത്തി റിപ്പോർട്ട് ചെയ്യണമായിരുന്നു. പിഐഒ കാർഡ് പരിഷ്‌കരിച്ചാണ്, ആജീവനാന്ത വിസയുൾപ്പെടെയുള്ള സൗകര്യങ്ങളുമായി 2015-ൽ കേന്ദ്ര സർക്കാർ ഒസിഐ കാർഡുകൾ കൊണ്ടുവന്നത്.
ഒസിഐ, പിഐഒ കാർഡുകളുള്ളവർക്കും വിദേശികൾക്കും ടൂറിസം ഒഴികെ ഏതാവശ്യത്തിനും വിമാനത്തിലോ കപ്പലിലോ ഇന്ത്യയിലേക്കു വരുന്നതിനു നിയന്ത്രണമില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ബിസിനസ്, കോൺഫറൻസ്, തൊഴിൽ, പഠനം, ഗവേഷണം, ചികിത്സ തുടങ്ങിയവയ്ക്ക് ഇന്ത്യയിലെത്താൻ സൗകര്യമൊരുക്കാനാണു നടപടി. താഴെ പറയുന്ന ഗണത്തിലുള്ള വിദേശ പൗരന്മാർക്ക് ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ (ഒസിഐ) കാർഡിന് അർഹതയുണ്ട്.
1950 ജനുവരി 26നോ ശേഷമോ ഇന്ത്യൻ പൗരത്വമുണ്ടായിരുന്ന വിദേശി (പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവർ ഒഴികെ). 1950 ജനുവരി 26നു ശേഷം ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടായിരുന്ന വിദേശി. 1947 ഓഗസ്റ്റ് 15നു ശേഷം ഇന്ത്യയുടെ ഭാഗമായ പ്രദേശത്തുനിന്നുള്ള വ്യക്തി. മേൽപറഞ്ഞ ഗണത്തിൽപെടുന്നവരുടെ മക്കളും കൊച്ചുമക്കൾക്കും ഒസിഐ കാർഡിന് അർഹതയുണ്ട്. ഇന്ത്യൻ പൗരത്വമുള്ള മാതാവോ പിതാവോ ഉള്ള കുട്ടി.
ഇന്ത്യൻ പൗരത്വമോ ഒസിഐ കാർഡോ ഉള്ള വ്യക്തിയുടെ വിദേശിയായ ജീവിതപങ്കാളി. വിവാഹം രജിസ്റ്റർ ചെയ്ത് 2 വർഷം കഴിഞ്ഞ് അപേക്ഷിക്കാം. (പൗരത്വ നിയമത്തിന്റെ 7 എ വകുപ്പു പ്രകാരമാണ് ഒസിഐ കാർഡ് നൽകുന്നത്. ഇതുള്ളവർക്ക് ആജീവനാന്ത ഇന്ത്യൻ വീസയാണു ലഭിക്കുന്നത്.) വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജർക്കാണ് പഴ്സൻ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) കാർഡിന് അർഹതയുള്ളത്:
മറുനാടന് മലയാളി ബ്യൂറോ