തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ആഞ്ഞു വീശിയ കേരളത്തിൽ നിന്നും പുറങ്കടലിൽ പോയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ വേണ്ടി തീരദേശ സേനയും നാവികസേനയും ഇന്നും തിരച്ചിൽ ആരംഭിച്ചു. രക്ഷാപ്രവർത്തനം വൈകുന്നു എന്നാരോപിച്ച് മത്സ്യത്തൊഴിലാളികൾ സ്വന്തം നിലയിൽ തിരച്ചിൽ ആരംഭിച്ചു. കടലിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് മത്സ്യത്തൊഴിലാളികൾ സ്വന്തം വള്ളങ്ങൾ കടലിൽ ഇറക്കി വീണ്ടും കടലിലേക്ക് പോയിത്തുടങ്ങിയത്. അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചു കൊണ്ടാണ് മത്സ്യത്തൊഴിലാളികൾ തിരച്ചിലിനായി രംഗത്തിറങ്ങിയത്.

വിഴിഞ്ഞത്തുനിന്നും പൂന്തുറയിൽനിന്നുമാണ് തിരച്ചിൽ സംഘങ്ങൾ പുറപ്പെട്ടിട്ടുള്ളത്. നാൽപ്പത് വള്ളങ്ങളിലാണ് പൂന്തുറയിൽനിന്ന് മത്സ്യത്തൊഴിലാളികൾ തിരച്ചിലിനായി പോയത്. പൂന്തുറയിൽനിന്ന് പോയ രക്ഷാസംഘം ഒരു മൃതദേഹം കണ്ടെത്തി തീരത്തെത്തിച്ചു. മരിച്ചത് ആരാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം പതിനാലായി. പൂന്തുറയിൽനിന്ന് 33 പേരെ കണ്ടെത്താനുള്ളതായി നാട്ടുകാർ അറിയിച്ചു. ലക്ഷദ്വീപ് വിട്ട് ഓഖി വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി. മണിക്കൂറിൽ പതിനാല് കിലോമീറ്റർ വേഗതയിലാണ് കാറ്റു വീശുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിനോടകം 450 പേരെ രക്ഷിച്ചതായി റവന്യൂ വകുപ്പ് അറിയിച്ചു. 126 പേരെ കൂടി കണ്ടെത്താനുണ്ട്. അതേസമയം നൂറ്റമ്പതിൽ അധികം ആളുകളെ കാണാതായതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. കാണാതായവരുടെ കൃത്യമായ കണക്ക് സർക്കാരിന്റെ പക്കൽ ഇല്ലാത്തത് നാട്ടുകാരെ രോഷാകുലരാക്കിയിട്ടുണ്ട്. കോസ്റ്റ് ഗാർഡും നാവികസേനയും വ്യോമസേനയും ചേർന്നാണ് കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിലുകൾ നടത്തുന്നത്. അതേസമയം ലക്ഷദ്വീപിൽ ജനജീവിതം സാധാരണനിലയിലേക്ക് എത്തിത്തുടങ്ങി. വൈദ്യുതിബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചു. തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്. കനത്ത കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

അതേസമയം തീരദേശങ്ങളിൽ പലയിടത്തും കൂറ്റൻ തിരകൾ തീരത്തേക്ക് അടിച്ചു കയറിയതു പരിഭ്രാന്തി സൃഷ്ടിച്ചു. തീരദേശത്തെ റോഡുകൾ വെള്ളത്തിലായി. കടലാക്രമണം രൂക്ഷമായ സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. ചിലയിടങ്ങളിൽ അപകട മുന്നറിയിപ്പുമായി പൊലീസ് അനൗൺസ്‌മെന്റ് നടത്തുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ കടലുണ്ടി, ബേപ്പൂർ, പൊയിൽക്കാവ്, വടകര, ഭട്ട്‌റോഡ് ശാന്തിനഗർ കോളനി, ചാമുണ്ഡിവളപ്പ് മേഖലകളിൽ വൻ തിരമാലകൾ ഭീഷണിയുയർത്തി. വടകര ചോറോട് പള്ളിത്താഴ ഭാഗത്ത് 36 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പൊയിൽക്കാവിൽ ഒട്ടേറെ കുടുംബങ്ങളെ സമീപത്തെ സ്‌കൂളിലേക്കു മാറ്റി. കണ്ണൂർ ജില്ലയുടെ തയ്യിൽ, പയ്യാമ്പലം, കക്കാടൻചാൽ, നീരൊഴുക്കുംചാൽ എന്നിവിടങ്ങളിൽ രാത്രി പത്തരയോടെ കൂറ്റൻ തിരമാലകൾ കരയിലേക്ക് അടിച്ചു കയറി. കക്കാടൻചാലിൽ അൻപതോളം വീടുകൾ ഭീഷണിയിലാണ്.

തൃശൂർ പുന്നയൂർക്കുളം പെരിയമ്പലം ബീച്ചിൽ 200 മീറ്ററോളം കടൽ കയറി. കാര വാക കടപ്പുറം മുതൽ പേബസാർ വരെ കടൽ കരയിലേക്കു കയറി. പേബസാറിൽ നിന്ന് ഇരുന്നൂറിലേറെ വീട്ടുകാരെ മദ്രസ ഹാളിലേക്കു മാറ്റി. മലപ്പുറം ജില്ലയിൽ വള്ളിക്കുന്ന്, അരിയല്ലൂർ, താനൂർ, പൊന്നാനി, പാലപ്പെട്ടി മേഖലയിലാണ് അതിരൂക്ഷമായ കടലാക്രമണം. താനൂർ എടക്കടപ്പുറം എസ്എംഎം ഹൈസ്‌കൂളിനു സമീപം ഒട്ടേറെ വീടുകളിൽ വെള്ളം കയറി. തുറമുഖത്തിനു തെക്ക് ഭാഗത്ത് ചിലയിടത്ത് 100 മീറ്ററിലധികം വെള്ളം കയറി.

കൊല്ലത്ത് സ്രായിക്കാട്, ചെറിയഴീക്കൽ പ്രദേശത്ത് അര കിലോമീറ്ററോളം കടൽ കരയിലേക്കു കയറി. അഴീക്കൽ, ആലപ്പാട് പ്രദേശത്തു ശക്തമായ കാറ്റും തിരയിളക്കവും അനുഭവപ്പെട്ടു. ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴ മുതൽ അർത്തുങ്കൽ വരെയുള്ള തീരദേശത്തു കടലേറ്റം രൂക്ഷമായി. നേരത്തെ കടൽ ഉൾവലിഞ്ഞിരുന്ന പ്രദേശങ്ങളിൽ ഇരട്ടി ശക്തിയോടെ തിരമാല ഇരച്ചു കയറുകയായിരുന്നു.

കേന്ദ്രപ്രതിരോധ മന്ത്രി ഉച്ചയ്‌ക്കെത്തും

ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമായി കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തും. ഓഖി ചുഴലിക്കാറ്റ് വ്യാപകനാശം വിതച്ച തമിഴ്‌നാട്ടിലെ കന്യാകുമാരി സന്ദർശിച്ചതിനു ശേഷമായിരിക്കും പ്രതിരോധമന്ത്രിയുടെ കേരളാ സന്ദർശനം. ഇന്ന് ഉച്ചകഴിഞ്ഞ് നിർമല സീതാരാമൻ കന്യാകുമാരി സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.