കൊച്ചി : സ്വകാര്യ നഴ്‌സ് റിക്രൂട്ട്‌മെന്റ് രംഗത്തെ തട്ടിപ്പുകൾ തടയാൻ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ അഴിമതിക്ക് വളമാകുന്നത് സർക്കാർ ഏജൻസിക്ക്. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള റിക്രൂട്ട്‌മെന്റ് ഏജൻസിയാണ് ഒഡാപെക്. തൊഴിൽ മന്ത്രി ഷിബു ബേബി ജോണാണ് ചെയർമാൻ. മന്ത്രിയുടെ വിശ്വസ്തനും ലേബർ കമ്മീഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥനുമായ ജിഎൽ മുരളീധരനാണ് എംഡി. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. സ്വകാര്യ ഏജൻസികളെ വെല്ലുന്ന തരത്തിലാണ് ഒഡാപെക്കിലെ തട്ടിപ്പുകൾ.

ഇത്തരം പരാതികൾ വ്യാപകമാകുമ്പോൾ കേന്ദ്ര സർക്കാർ നയത്തിൽ ചിന്തകൾക്ക് തയ്യാറാകും. ഇതിലൂടെ റിക്രൂട്ട്‌മെന്റ് വീണ്ടും സ്വകാര്യ ഏജൻസികളിലേക്ക് എത്തും. ഇതിനുള്ള ഗൂഡ പദ്ധതികളാണ് പുറത്തുവരുന്ന വാർത്തകൾ നൽകുന്ന സൂചന. ഒഡേപെക് നഴ്‌സുമാരിൽനിന്ന് അമിതഫീസ് ഈടാക്കിയതിന്റെ തെളിവുകളാണ് പുറത്ത് വന്നത്. റിക്രൂട്ട്‌മെന്റിന് 60,000-1,00,000 രൂപയാണു നഴ്‌സുമാരിൽനിന്ന് ഇവർ ഈടാക്കുന്നത്. ഇതിനു പുറമേ ഇന്റർവ്യൂവിൽ തിരിമറി നടത്താൻ ഉദ്യോഗസ്ഥരുടെ ബിനാമികളും പിരിവ് നടത്തുന്നതായും നേഴ്‌സുമാർ പറയുന്നു. ഇതോടെ അട്ടിമറിക്കപ്പെടുന്നത് ചൂഷണത്തിൽ നിന്ന് രക്ഷിക്കാനായി നടപ്പാക്കിയ കേന്ദ്ര നിയമമാണ്.

കേന്ദ്രസർക്കാർ തീരുമാനം അനുസരിച്ച് ജി.സി.സി. ഉൾപ്പെടെയുള്ള 17 രാജ്യങ്ങളിലേക്കും റിക്രൂട്ട്‌മെന്റ് നടത്തുമ്പോൾ പരമാവധി 20,000 രൂപ അല്ലെങ്കിൽ നഴ്‌സുമാർക്കു ലഭ്യമാകുന്ന നാലുമാസത്തെ അടിസ്ഥാന ശമ്പളം ഇതിൽ ഏതാണോ കുറഞ്ഞ തുക അതുമാത്രമേ സർവീസ് ചാർജ് ആയി ഈടാക്കാൻ പാടുള്ളു എന്നാണ്. ഇതാണ് ഒഡാപെക് ലംഘിച്ചത്. അഞ്ചുവർഷത്തിനിടെ വിവിധ രാജ്യങ്ങളിലേക്ക് 1256 നഴ്‌സുമാരെയാണ് ഒഡേപെക് റിക്രൂട്ട് ചെയ്തത്. വിവിധ രാജ്യങ്ങളിലേക്ക് ജനറൽ നഴ്‌സുമാരുടെ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഒഡേപെക് അവരെ തഴയുകയാണ്. പുതിയ സർക്കാർ നയം വന്നതിനുശേഷം 5 ജനറൽ നഴ്‌സുമാരെ മാത്രമാണ് ഇവർ വിദേശത്തേക്ക് അയച്ചത്. ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ കുറഞ്ഞ വേതനം ലഭിക്കുന്ന സൗദിയിലേക്കും യു.എ.യിലേക്കും മാത്രമാണ് ഇവർ റിക്രൂട്ട്‌മെന്റുകൾ നടത്തുന്നത്.

ഉതുപ്പ് വർഗ്ഗീസ് പോലുള്ള റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ വരുതിയിലാണ് ഒഡാപെക് എന്നും ആക്ഷേപമുണ്ട്. ഉതുപ്പിനും കൂട്ടാളികൾക്കും വേണ്ടി വിദേശത്തേക്കുള്ള റിക്രൂട്ട്‌മെന്റ് തന്നെ അട്ടിമറിക്കുകയാണ് ഇവർ. പരാതികൾ കിട്ടുമ്പോഴും സർക്കാർ സംവിധാനങ്ങൾ പ്രതികരിക്കുന്നുമില്ല. അതുകൊണ്ട് തന്നെ തൊഴിൽ വകുപ്പിൽ ഉന്നത ബന്ധങ്ങളുള്ളവർ നയിക്കുന്ന ഒഡാപെക്കിന് തട്ടിപ്പുകൾ നടത്താനും കഴിയുന്നു. നേഴ്‌സുമാരുടെ പരാതികൾ കേന്ദ്ര സർക്കാരിന് മുന്നിലുമുണ്ട്. നയം മാറ്റം ഉണ്ടായില്ലെങ്കിൽ നേഴ്‌സുമാർക്ക് വിദേശത്ത് ജോലി കിട്ടാത്ത സാഹചര്യം ഉണ്ടാകും. ഇതിന് തന്നെയാണ് ഒഡാപെക് വഴിയൊരുക്കുന്നത്.

റിക്രൂട്ട്‌മെന്റുകൾ സർക്കാർ ഏജൻസി വഴി നിജപ്പെടുത്തിയപ്പോൾ ആശങ്കകൾ വ്യക്തമായിരുന്നു. ഈ ആശങ്കകളെ ശരിവയ്ക്കുന്ന തരത്തിലാണ് ഒഡാപെക്കിന്റെ പ്രവർത്തനം നിലപാടുകൾ. ഈ സർക്കാർ ഏജൻസി സ്വകാര്യ ഏജന്റുമാരുമായി ചേർന്ന് വലിയ തട്ടിപ്പ് നടത്തിയിരുന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഇതുകൂടാതെ നഴ്‌സുമാരുടെ പരിശീലനത്തിനായി പ്രവർത്തിക്കുന്ന തൊഴിൽ വകുപ്പിന് കീഴിൽ വരുന്ന നൈസ് എസ്.യു.ടി. ഹോസ്പിറ്റൽ വലിയ തുക ഈടാക്കി നഴ്‌സുമാരെ ചൂഷണം ചെയ്യുന്നതിനെതിരേയും വിമർശനം ഉയർന്നിരുന്നു. 20,000 രൂപ ചെലവുവരുന്ന നാല് മാസത്തെ പരിശീലന കോഴ്‌സുകൾക്കാണു തൊഴിൽ വകുപ്പിന്റെ ഒത്താശയോടുകൂടി ഈ ആശുപത്രി ഒരു ലക്ഷം രൂപ വീതം വാങ്ങിയിരുന്നത്.

വിദേശ രാജ്യങ്ങളുടെ നേരിട്ട് റിക്രൂട്ട്‌മെന്റ് നേടി വിദേശത്ത് പോകാനുള്ള നീക്കവും ഉദ്യോഗസ്ഥ ലോബി അട്ടിമറിക്കുന്നുണ്ട്. സർക്കാർ ഏജൻസി വഴിയല്ലാതെ ജോലി നേടിയാൽ എമിഗ്രേഷൻ ക്ലിയറൻസ് നിഷേധിക്കും. ഇതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നാണ് ആക്ഷേപം.