പനാജി: ഐഎസ്എല്ലിൽ ശനിയാഴ്ചത്തെ മത്സരത്തിൽ ഗോൾവർഷം. 11 ഗോളുകൾ പിറന്ന മത്സരത്തിൽ അഞ്ചിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിനെതിരെ ഒഡീഷ എഫ്‌സിയുടെ ജയം. ഈ സീസണിലെ ഇരു ടീമുകളുടെയും അവസാന മത്സരമായിരുന്നു ഇത്.

24-ാം മിനിറ്റിൽ പിൽകിങ്ടണിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം മുന്നിലെത്തിയത്. പിന്നാലെ 33-ാം മിനിറ്റിൽ ലാൽറെസുവാലയിലൂടെ ഒഡീഷ ഒപ്പമെത്തി. തൊടുപിന്നാലെ രവി കുമാറിന്റെ ഓൺ ഗോളിലൂടെ ഈസ്റ്റ് ബംഗാൾ വീണ്ടും ലീഡ് നേടി.രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ പോൾ രാംഫാംഗ്‌സുവയിലൂടെ (49) ഒഡീഷ ഒപ്പമെത്തി. വെറും രണ്ടു മിനിറ്റുകൾക്കുള്ളിൽ ജെറിയിലൂടെ ഒഡീഷ മുന്നിൽ കയറി.

60-ാം മിനിറ്റിൽ ആരോൺ ജോഷ്വയിലൂടെ മൂന്നാം ഗോൾ നേടിയ ഈസ്റ്റ് ബംഗാൾ ഒഡീഷയ്ക്ക് ഒപ്പമെത്തി. 66-ാം മിനിറ്റിൽ പോൾ രാംഫാംഗ്‌സുവയുടെ രണ്ടാം ഗോളിൽ ഒഡീഷ വീണ്ടും മുന്നിലെത്തി. തൊട്ടടുത്ത മിനിറ്റിൽ തന്നെ ജെറി ഒഡീഷയുടെ അഞ്ചാം ഗോളും നേടി. 69-ാം മിനിറ്റിൽ ഡിയഗോ മൗറീസിയോ ഒഡീഷയുടെ ഗോൾ പട്ടിക തികച്ചു. 74-ാം മിനിറ്റിൽ ജെജെയിലൂടെ ഈസ്റ്റ് ബംഗാൾ നാലാം ഗോൾ നേടി. അധികസമയത്ത് ആരോൺ ജോഷ്വയിലൂടെ ഈസ്റ്റ് ബംഗാൾ അഞ്ചാം ഗോളു കണ്ടെത്തി. ജയിച്ചെങ്കിലും അവസാന സ്ഥാനക്കാരായാണ് ഒഡീഷ സീസൺ അവസാനിപ്പിച്ചത്. ഈസ്റ്റ് ബംഗാൾ ഒൻപതാം സ്ഥാനത്താണ്.