ഭുവനേശ്വർ: ധരിച്ചിരിക്കുന്ന ഷൂവിൽ ചെളി പുരളാതിരിക്കാൻ അണികളുടെ തോളിൽ കയറിയ ബിജെഡി എംഎൽഎവിവാദത്തിൽ. മൽകാങ്ഗിരി എംഎൽഎ ആയ മാനസ് മഡ്കാമിയാണ് വിവാദത്തിൽ പെട്ടത്. മാവോയിസ്റ്റ് ബാധിത ജില്ലയാണ് മൽകാങ്ഗിരി. വ്യാഴാഴ്ച ജില്ലയിലെ മോട്ടു എന്ന പ്രദേശം സന്ദർശിക്കാനെത്തിയതാണ് മാനസ് മഡ്കാമി.

സന്ദർശിക്കാൻ പെകേണ്ട സ്ഥലത്തേക്ക് കടത്ത് സർവീസ് നടത്തുന്നുണ്ട്. എന്നാൽ എംഎൽഎ സന്ദർശനത്തിനെത്തിയപ്പോൾ ബോട്ടിലേക്ക് കയറാൻ ചെളിനിറഞ്ഞ സ്ഥലത്തുകൂടി വേണ്ടിയിരുന്നു മുന്നോട്ടുനീങ്ങാൻ. വെളുത്ത ഷുവും പാന്റും ഷർട്ടുമിട്ട് വന്ന എംഎൽഎ തന്റെ ഷൂവിൽ ചെളി പുരളുമെന്ന് പറഞ്ഞ് മാറി നിന്നു.

തുടർന്ന് രണ്ട് അണികളുടെ തോളിൽ കയറിയാണ് എംഎൽഎ ബോട്ടിൽ കയറിയത്. സംഭവം സോഷ്യൽ മീഡിയകളിൽ വലയ വിമർശനത്തിന് ഇടയാക്കി. അതേസമയം എംഎൽഎയ്ക്കൊപ്പം എത്തിയ നബ്രംഗ്പുർ എംപി ബലഭദ്ര മാജി ചെളി കാര്യമാക്കാതെ നദിയിലിറങ്ങിയാണ് ബോട്ടിലേക്ക് കയറിയത്.

അതേസമയം തനിക്കെതിരായ വിമർശനങ്ങൾ മാനസ് മഡ്കാമി തള്ളിക്കളഞ്ഞു. അണികൾക്ക് തന്നോടുള്ള സ്നേഹം അവർ പ്രകടിപ്പിച്ചതാണെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.