കൊച്ചി: യൂട്യൂബിലും ഒടിവെക്കാനിറങ്ങി മാണിക്യൻ. മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ തിയേറ്ററുകൾ കീഴടക്കി മിനിട്ടുകൾക്കകം ചിത്രത്തിലെ ദൃശ്യങ്ങൾ യൂട്യൂബിലും എത്തി. മോഹൻലാലിന്റെ ഇൻട്രോഡക്ഷൻ സീനാണ് ആരാധകൻ യൂട്യൂബിലൂടെ പങ്കുവയ്ച്ചത്. ലാൽ വരുമ്പോൾ തന്നെ ഫാൻസ് എഴുന്നേറ്റ് നിന്ന് ആഹ്ലാദം പങ്കുവയ്ക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ബിജെപി പ്രഖ്യാപിച്ച ഹർത്താൽ സിനിമയെ സാരമായി ബാധിക്കുമോ എന്നും സംശയമുർന്നിരുന്നു. 

എന്നാൽ അതിനെ നിഷ്പ്രഭമാക്കിയാണ് തിയേറ്ററുകൾ ജനസാഗരമായി മാറിയത്. മലയാളത്തിൽ പ്രേക്ഷകർ ഇത്രയധികം കാത്തിരുന്ന ഒരു സിനിമയില്ല എന്ന് തന്നെ പറയാം. പുലർച്ചെ 4.30 മുതൽ തന്നെ ഫാൻസ് ഷോകൾ ആരംഭിച്ചിരുന്നു. ഹർത്താൽ ദിവസം കേരളത്തിലെ തിയേറ്ററുകൾ സാധാരണ തുറക്കാറില്ല. എന്നാൽ ഒടിയന്റെ റിലീസ് ദിവസം ഹർത്താൽ പ്രഖ്യാപിച്ചിട്ടും തിയേറ്ററുകൾ തുറന്നു. മുൻനിശ്ചയിച്ചിരുന്നത് പോലെ തന്നെ വെള്ളിയാഴ്‌ച്ച പുലർച്ചെ 4.30 മുതൽ ഒടിയന്റെ എല്ലാ ഷോകളും തുടങ്ങി. ബിജെപി ഹർത്താലിനെ എതിർത്ത് സിനിമയുടെ രചയിതാവ് ഹരികൃഷ്ണൻ രംഗത്ത് എത്തിയിരുന്നു.

കേരളത്തിലെ സിനിമാ പ്രേമികൾ ഒന്ന് മനസുവച്ചാൽ ഹർത്താലിനെ ചെറുത്തുതോൽപ്പിക്കാൻ പറ്റും എന്ന് ഹരികൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇത് തന്നെയാണ് സംഭവിച്ചത്. ഫാൻസുകാർ തിയേറ്ററുകളിലേക്ക് ഇരച്ചു എത്തി. എല്ലാ ഷോയും ഹൗസ് ഫുൾ. അങ്ങനെ ഒടിയന്റെ ഒടി വിദ്യയിൽ ബിജെപി ഹർത്താല്ഡ പൊളിഞ്ഞു. ബിജെപിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഒടിയൻ ആരാധകരുടെ പ്രതിഷേധം ശക്തമാണ്.

റിലീസിന് എന്തെങ്കിലും മാറ്റം വന്നാൽ അടങ്ങിയിരിക്കില്ല തുടങ്ങി ശകാരവർഷം വരെയാണ് പേജ് നിറയെ. ഇതിന് പിന്നാലെയാണ് കൃത്യ സമയത്ത് തന്നെ റിലീസ് നടക്കുമെന്ന് ഒടിയന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ അറിയിപ്പ് വന്നത്. തിയേറ്റർ തുറന്നാൽ പിന്നെ സംരക്ഷണം ഫാൻസ് എറ്റെടുത്തോളുമെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ എത്തി.

തിയേറ്ററുകൾക്ക് നേരെ എന്തെങ്കിലും പ്രതിഷേധത്തിന് മുതിർന്നാൽ കായികമായി നേരിടുമെന്നും ആരാധകർ വ്യക്തമാക്കി. ബിജെപിയുടെ സമരപ്പന്തലിന് മുന്നിൽ മധ്യവയസ്‌കൻ തീക്കൊളുത്തി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് എന്തിനാണ് ഹർത്താൽ എന്ന് പോലും ചോദ്യമെത്തി. മോഹൻലാൽ ആരാധകരെയും മറ്റ് സിനിമാപ്രേമികളെയും സംബന്ധിച്ച് മാസങ്ങളോളമുള്ള കാത്തിരിപ്പിന്റെ ദിവസമായിരുന്നു ഇന്ന്.

അവിടയ്ക്കാണ് ഇടിവെട്ടുപോലെ ഹർത്താൽ എത്തിയത്. ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ മോഹൻലാൽ ടൈറ്റിൽ കഥാപാത്രമായെത്തുന്ന ഒടിയൻ ലോകമാകമാനം ഒരേദിവസം തിയറ്റർ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമാണ്. ഈ സാഹചര്യത്തിലാണ് ഫാൻസുകാർ അതിശക്തമായി പ്രതികരിക്കാനെത്തിയത്. ഇതിൽ ബിജെപി ഹർത്താൽ പൊളിഞ്ഞു. 35 രാജ്യങ്ങളിലാണ് ചിത്രം പ്രദർശനത്തിയത്. അതിനിടയിലാണ് മോഹൻലാലിന്റെ തട്ടകത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഫാൻസുകാരുടെ തെറികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ബിജെപിയുടെ ഫേസ്‌ബുക്ക് പേജ്. ട്രോളുകളും സജീവമായി കഴിഞ്ഞു.

തിരുവനന്തപുരത്ത് മാത്രം 139 പ്രദർശനങ്ങളാണ് ചിത്രത്തിന് തീരുമാനിച്ചിരുന്നത്. ചിത്രം കാണാൻ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്കും ഹർത്താൽ പ്രതിസന്ധിയായി മാറി. ഇതോടെയാണ് ഫാൻസുകാരുടെ പ്രതികരണമെത്തിയത്. ബിജെപിയുമായി ഏറെ അടുത്തു നിൽക്കുന്ന സിനിമാക്കാരനാണ് മോഹൻലാൽ. ശബരിമല വിഷയത്തിൽ ഉൾപ്പെടെ പരോക്ഷമായി ബിജെപിയെ പിന്തുണച്ച നേതാവ്. എന്നിട്ടും ലാലിന്റെ സിനിമ റിലീസിനെത്തുന്ന ദിവസം തന്നെ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. വേണ്ടത്ര കൂടിയാലോചനകൾ പോലും ചെയ്തില്ല. സിനിമയെ ഹർത്താലിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയതുമില്ല. ഇതെല്ലാമാണ് ഫാൻസുകാരെ പ്രകോപിപ്പിക്കുന്നത്.