തിരുവനന്തപുരം: ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണൻ തിരക്കഥ എഴുതി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനാണ് സിനിമാ ലോകത്തെ പ്രധാന ചർച്ച. ഇതിൽ തന്നെ 40 വർഷത്തെ കരിയറിൽ ആദ്യമായി, തന്റെ 58 ആംമത്തെ വയസിൽ കഠിനമായ ദിനചര്യകളിയുടെ യൗവ്വനയുക്തനായ ഒടിയനായി എത്തുന്ന മോഹൻലാലിനെ കാത്തിരിക്കുകയാണ് ആരാധകർ. തടി കുറച്ച ഫോട്ടോ പുറത്ത് വന്നെങ്കിലും ഒടിയൻ മാണിക്യനായുള്ള രൂപത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്.

നാളെ രാവിലെ പത്ത് മണിക്ക് യൗവ്വനത്തിന്റെ സുന്ദരകാലത്തിലെ ഒടിയൻ മാണിക്യനായി താൻ അവതരിപ്പിക്കുമെന്ന് മോഹൻലാൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ആരാധകരെ അറിയിച്ചത്, മികച്ച പശ്ചാത്തല സംഗീതത്തിൽ മോഹൻലാലിന്റെ ശബ്ദത്തിലുള്ള വീഡിയോയിലാണ് ഒടിയൻ മാണിക്യന്റെ അവതാരം വരുമെന്ന് അറിയിച്ചത്.

'ചില മടക്കങ്ങൾ കാലം കുറിച്ച് വെച്ചതാണ്, വർഷങ്ങൾ പുറകിലേക്ക് പോയി ഞാൻ ഒടിയൻ മാണിക്യം, യൗവ്വനത്തിന്റെ സുന്ദരകാലത്തിലാണിപ്പോൾ, തെങ്കുറിശ്ശിയുടെ രാവിരുട്ടുകളെ സ്‌നേഹിച്ച പ്രഭയുടെ കാത്തിരിപ്പും മുത്തപ്പന്റെ കാത്തിരിപ്പും രാവുണ്ണിയുടെ പകയും കാലത്തിന്റെ കലിയുമൊക്കെ ഏറ്റ് വാങ്ങേണ്ടി വന്ന അതേ മാണിക്യം. ആ മാണിക്യനെ കാണാൻ ഈ പകലും ഒരു രാത്രിയും കൂടി കാത്തിരിക്കൂ...' എന്നാണ് വീഡിയോയിൽ പറയുന്നത്.

ഫ്രാൻസിൽനിന്നുള്ള ഡോക്ടർമാരും ഫിസിയോതെറപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ 51 ദിവസം കൊണ്ടുള്ള പരിശീലനത്തിലാണ് മോഹൻലാൽ തടി കുറച്ചത്. ദിവസേന ആറു മണിക്കൂറിലേറെ നീണ്ട പരിശീലനം തുടരുമെന്നാണ് സൂചന. ജനുവരി ആദ്യം 'ഒടിയൻ' ചിത്രീകരണം പുനരാരംഭിക്കും.