മോഹൻലാൽ എന്ന മലാള സിനിമയിലെ താര രാജാവിന്റെ മേക്ക് ഓവർ കൊണ്ട് ശ്രദ്ധേയമായ സിനിമയാണ് ഒടിയൻ. ചെറുപ്പം വീണ്ടൈടുത്ത് 30 വയസ്സുകാരനായി മോഹൻ ലാൽ എത്തുന്നു എന്നതാണ് ഈ ചിത്രത്തിലെ മോഹൻലാലിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ഒടിയന്റെ റിലീസിനായി കട്ട വേറ്റിങ്ങിലാണ് ആരാധകർ.

ഒടിയനാകാൻ മോഹൻലാൽ ഭാരം കുറച്ചതും മറ്റും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഒടിയൻ മാണിരക്യനാവാൻ വേണ്ടി മോഹൻലാൽ എത്രത്തോളം കഠിന പ്രയത്‌നം എടുത്തു എന്നത് നേരത്തെ തന്നെ വാർത്ത ആയിരുന്നു. എന്നാൽ ആ ചിത്രത്തിനു വേണ്ടി മോഹൻലാൽ എന്ന നടൻ നടത്തിയ കഠിനാധ്വാനം എത്രത്തോളമാണെന്ന് വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ. ഈ പ്രായത്തിലും കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി മോഹൻലാൽ എടുത്ത കഠിന പ്രയത്‌നത്തെ കുറിച്ച് അറിഞ്ഞാൽ ആരും വാ പൊളിച്ചിരുന്നു പോകും.

58കാരനായ മോഹൻലാലിനെ യുവാവായും മധ്യവയസ്‌ക്കനായും അറുപതുകാരനായും ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ചെറുപ്പത്തിലേക്ക് മടങ്ങി വരിക എന്നത് മോഹൻലാലിനെ സംബന്ധിച്ചിടത്തോളം ഒരു കടുത്ത വെല്ലുവിളി തന്നെയായിരുന്നു. അത്തരമൊരു പരിവർത്തനത്തിനായി മോഹൻ ലാൽ കടന്നു പോയത് വളരെ ദുർഘടം നിറഞ്ഞ പാതകളിലൂടെയായിരുന്നു.

ഒരിക്കൽ തുടങ്ങിയാൽ വേണ്ടെന്ന് വെയ്ക്കാൻ പറ്റാത്തത്ര വലിയ കഠിന പ്രയത്‌നം. കാരണം അത്രയും വേദന നിറഞ്ഞ അവസ്ഥയിലൂടെയാകും അത് കടന്ന് പോകുക. ഇതിനായി ആദ്യം മോഹൻലാലിനെ വിശദമായ ചെക്കപ്പിന് ആദ്യം വിധേയമാക്കി. ഫ്രാൻസിൽ നിന്നെത്തിയ 22 അംഗ സംഘം കഠിന പ്രയത്‌നമാണ് മോഹൻലാലിനായി നിർദ്ദേശിച്ചത്.

ഘട്ടം ഘട്ടമായിട്ടായിരുന്നു പരിശീലന മുറകൾ. ആദ്യം നൽകിയത് രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി ഒന്നര മണിക്കൂർ വീതം നീളുന്ന കഠിന വ്യായാമമായിരുന്നു. ഇതിൽ റോപ്പ് ക്‌ളൈമ്പിങ്, വെയ്റ്റ് ലിഫ്റ്റിങ്, ഓട്ടം, നീന്തൽ, ഹർഡിൽസ് എന്നിവയായിരുന്നു.

ഇതൊക്കെ ഈസിയായി തരണം ചെയ്ത ലാലേട്ടന് പിന്നീട് നേരിടേണ്ടി വന്നത് കടുത്ത വെല്ലുവിളിയായിരുന്നു. മണ്ണു കൊണ്ട് ശരീരം മുഴുവൻ മൂടുന്ന പ്രക്രിയയായിരുന്നു. ഇതിനായി രാജസ്ഥാനിൽ നിന്നെത്തിച്ച പ്രത്യേക ക്‌ളേയാണ്ഉപയോഗിച്ചത്. അതിന് ശേഷം 14 ഡിഗ്രി തണുപ്പുള്ള ചേംബറിലേക്കും അവിടെ നിന്നും 30 ഡിഗ്രി താപനിലയുള്ള ചേംബറിലേക്കും ലാലേട്ടനെ മാറ്റും. പിന്നീട് 96,000 ലിറ്റർ ഓക്‌സിജൻ അടങ്ങുന്ന മറ്റൊരു ചേംബറിൽ എത്തിച്ച് ശരീരം പൂർവ സ്ഥിതിയിലെത്തിക്കും.

50 മുതൽ 60 കിലോ വരെ ഭാരമുള്ള പാക്കാണ് ലാലിന്റെ ശരീരത്തിൽ ഇട്ടിരുന്നതെന്ന് സംവിധായകൻ പറഞ്ഞു. പലപ്പോഴും വെട്ടിപ്പൊളിച്ചാണ് ഇത് നീക്കം ചെയ്തതെന്നും ശ്രീകുമാർ മേനോൻ പറയുന്നു.

ഈ സിനിമയിൽ മനുഷ്യൻ മൃഗമായി മാറുകയാണ്. പുലി ആയും കാള ആയും മാൻ ആയും എല്ലാം വേഷം മാറാൻ കഴിയുന്ന മാന്ത്രിക ശക്തിയുള്ള ഒടിയൻ മാണിക്യൻ ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുക. നാലു കാലിൽ ഓടുകയും വലിയ മരങ്ങളിൽ ചാടി കയറുകയും വന്യ മൃഗങ്ങളെ പോലെ ശത്രുക്കളെ ആക്രമിക്കാനും കരുത്തുള്ള ആളാണ് ഒടിയൻ മാണിക്യൻ പ്രത്യക്ഷപ്പെടുന്നത്.