സ്‌പെൻസ് നിറക്കുന്ന ദൃശ്യങ്ങൾ കോർത്തിണക്കി ഒടിയൻ സിനിമയുടെ കഥാപാത്ര വിശേഷണവുമായി നായകൻ മോഹൻലാൽ ഫേസ്‌ബുക്ക് ലൈവിലെത്തി. തല മുതൽ അരക്കെട്ട് വരെ കറുത്ത തുണി കൊണ്ടു മൂടിയ ഒരു മനുഷ്യരൂപത്തെയും ദൃശ്യങ്ങളാണ് താരം ആരാധകർക്ക് മുമ്പിൽ കൊണ്ടുവന്നത്.ഒടിയൻ മാണിക്യൻ എന്നാണ് കഥാപാത്രത്തിന്റെ പേരെന്ന് മോഹൻലാൽ പറയുന്നു.വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ മോഷൻ പോസ്റ്റർ ഇന്ന് പതിനൊന്ന് മണിക്ക് ഇറങ്ങുകയാണ്. ഇതിന് മുന്നോടിയായാണ് നടൻ ഫേസ്‌ബുക്ക് ലൈവിൽ എത്തിയത്.

ലൈവിലെത്തിയ മോഹൻലാലിന്റെ വാക്കുകളിങ്ങനെ:
ഞാൻ ഒടിയൻ. അല്ല ഒടിയൻ മാണിക്യൻ. രാത്രിയുടെ രാജാവിന് രാവിരുട്ടിന്റെ കമ്പളം വിരിക്കാൻ ഞാൻ വരികയാണ്. കറുകറുത്ത ഈ അമാവാസി ഇരുട്ടിലെ എന്റെ ഒടിയൻ രൂപത്തെ നിങ്ങൾ കാണേണ്ടത് ഇങ്ങനെയല്ല. അത് തീയേറ്ററുകളിലാണ്. ആദ്യം കാണുന്നത് പകൽ വെളിച്ചത്തിലാവുന്നതല്ലേ അതിന്റെ ഭംഗി. അപ്പോൾ നാളെ രാവിലെ 11 മണിക്ക് കാണാം. ഹാ ഹാ ഹാ.

കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേയൊരു ഒടിയന്റെ വേഷമാണ് മോഹൻലാലിന്. കുട്ടി സ്രാങ്കിന് വേണ്ടി തിരക്കഥ ഒരുക്കിയ, ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണനാണ് ഒടിയനും തിരക്കഥ രചിക്കുന്നത്. ചിത്രത്തിൽ മഞ്ജു വാര്യരാണ് ലാലിന്റെ നായികയാവുന്നത്. പ്രകാശ് രാജ്, സിദ്ദിഖ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.