ലയാള സിനിമയിലെ എക്കാലത്തെയും വലിയ റിലീസ് ആയി എത്താൻ ഒരുങ്ങുന്ന ചിത്രം ഒടിയന്റെ പ്രൊമോ വീഡിയോ ഒരുക്കാൻ സിനിമാ പ്രേമികൾക്ക് സുവർണാവസരം ഒരുങ്ങുന്നു.മോഹൻലാൽ ആണ് ഇക്കാര്യം അറിയിത്.ഒടിയനെ ക്യാമറക്കണ്ണുകളിലൂടെ പിടിക്കാൻ കാണികൾക്കും അവസരമൊരുക്കുകയാണ് അണിയറപ്രവർത്തകർ.

നിങ്ങൾ ചെയ്യേണ്ടതിനെക്കുറിച്ച് മോഹൻലാൽ വിവരിക്കുന്നത് ഇങ്ങനെ. പതിനഞ്ചു കൊല്ലം കാശിയിൽ ആയിരുന്നു ഒടിയൻ മാണിക്യൻ. തേങ്കുറിശ്ശി വിട്ടു ഒരു രാത്രിയിൽ അയാൾ പോയി. പിന്നീട് ഒരുനാൾ അയാൾ മടങ്ങി വന്നു. ബാക്കി വെച്ച് പോയ പ്രണയവും പകയും പ്രതികാരവുമെല്ലാം മുഴുമിപ്പിക്കാനും കണക്കു തീർക്കാനുമാണ് ഒടിയൻ മാണിക്യൻ തിരിച്ചു വന്നത്. മാണിക്യന്റെ ആ തിരിച്ചു വരവിനെ തേങ്കുറിശ്ശിയിലെ പുതിയ തലമുറയും പഴയ തലമുറയും എങ്ങനെ നോക്കി കാണുന്നു എന്ന ആശയത്തെ മുൻനിർത്തി ഒരു മിനിട്ടു ദൈർഘ്യമുള്ള പ്രോമോ ഫിലിം ഒരുക്കൽ ആണ് മത്സരം. മൊബൈൽ കാമറ ഉപയോഗിച്ച് മാത്രം ഒരുക്കേണ്ട വീഡിയോ ആണിത്.

പ്രേക്ഷകരുടെ സൃഷ്ടികൾ കോണ്ടെസ്റ് അനൗൺസ് ചെയ്തു കൊണ്ടുള്ള വിഡിയോയിൽ ഉള്ള വിലാസത്തിൽ അയച്ചു കൊടുക്കുക. ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി അൻപതിനായിരം രൂപയും മൂന്നാം സമ്മാനമായി ഇരുപത്തയ്യായ്യിരം രൂപയും മോഹൻലാൽ വിജയികൾക്ക് നൽകുന്നതായിരിക്കും.

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷൻ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റർ ഹെയ്നാണ്. മധ്യകേരളത്തിൽ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിർമ്മിക്കുന്നത്. 30 മുതൽ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹൻലാലിന്റെ മാണിക്യൻ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.

ബിഗ് റിലീസായിട്ടാണ് ഒടിയൻ തിയേറ്ററുകളിലേക്ക് എത്തുന്നത്. നരേൻ, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ 14 ന് ചിത്രം തിയറ്ററുകളിലെത്തും.