കൊച്ചി: രണ്ടാമൂഴത്തിന് മുന്നോടിയായി സംവിധായകൻ ശ്രീകുമാർ മേനോനൊപ്പം ചേർന്ന് മോഹൻലാൽ അഭിനയിക്കുന്ന ചിത്രമാണ് ഒടിയൻ. ചിത്രത്തിനായി വലിയ മേക്കോവറുകളാണ് മോഹൻലാൽ നടത്തിയത്. തടി വലിയ രീതിയിൽ കുറച്ചും മീശ വടിച്ചുമുള്ള മോഹൻലാലിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ചിത്രത്തിന്റെ രണ്ട് ഷെഡ്യൂളുകൾ കഴിഞ്ഞ് വലിയൊരു ഇടവേളയായിരുന്നു മോഹൻലാൽ എടുത്തത്, ഇതിനിടയിൽ അജോയ് വർമ സംവിധാനം ചെയ്യുന്ന നീരാളി എന്ന ചിത്രവും നിവിൻ പോളി നായകനായി എത്തുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിൽ ഇത്തിക്കര പക്കിയായും താരം അഭിനയിച്ചു.

തുടർന്നാണ് താരം ഒടിയന്റെ സെറ്റിലേക്ക് എത്തിയത്. സംവിധായകൻ വി എ ശ്രീകുമാർ തന്നെയാണ് ചിത്രം ഇന്ന് വീണ്ടും ആരംഭിക്കുന്നതിനെക്കുറച്ച് വെളിപ്പെടുത്തൽ നടത്തിയത്. ഫേസ്‌ബുക്കിലൂടെയായിരുന്നു താരത്തിന്റെ പോസ്റ്റ്.

സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

'ഒടിയൻ എന്തായി, ഷൂട്ടിങ് എപ്പോൾ തുടങ്ങും?' എന്ന കളിയായും, കാര്യമായും ഒക്കെ കേട്ട ചോദ്യങ്ങൾക്കുള്ള മറുപടിയാണ് എനിക്ക് ഈ ദിവസം. ഞാൻ കണ്ട സിനിമാ സ്വപ്നങ്ങളിലെ ഒരു ബൃഹത്തായ കടമ്പയുടെ അവസാന ഘട്ടത്തിലേക്കാണ് ഇന്ന് മുതൽ ഞാൻ ഉൾപ്പെടുന്ന ഒരു വലിയ സംഘം കാലെടുത്തു വയ്ക്കുന്നത്. ഒടിയന്റെ അവസാന ഷെഡ്യൂൾ ഇന്ന് പുനരാരംഭിക്കുമ്പോൾ നിങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പകർന്നു തന്ന പ്രതീക്ഷയുടേയും ആശംസകളുടേയും ഊർജ്ജമാണ് എനിക്ക്. മോഹൻലാൽ എന്ന വിസ്മയത്തിനുമേലുള്ള നിങ്ങളുടെ സ്‌നേഹപ്രവാഹം മറ്റൊരു ലാലേട്ടൻ ഫാനായ എനിക്ക് നൽകുന്ന ആവേശം വളരെ വലുതാണ്.

ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവ് എനിക്ക് നൽകുന്നത് ഒരു സഹോദരന്റെ കരുതലാണ്. ഷാജിയും, പീറ്റർ ഹെയ്നും, പത്മകുമാറും, പ്രശാന്തും, സജിയും മുതൽ ആർട്ട്, ലൈറ്റ്, കോസ്റ്റ്യൂംസ്, ജിമ്മി ജിബ് പ്രൊഡക്ഷൻ തുടങ്ങി ഡ്രൈവർമാർ ഉൾപ്പെടുന്ന എല്ലാവരും ഇനി മുതൽ രാവും പകലുമില്ലാതെ ഒരു കുടുംബമായി ഒടിയനൊപ്പം ഉണ്ടാവും.

പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കുമൊത്ത് ഒടിയനെ നിങ്ങൾക്ക് മുൻപിൽ എത്തിക്കുക എന്ന കടമയുടെ പര്യവസാനമാണ് ഈ ഷെഡ്യൂൾ, അത് ശുഭമാക്കി തീർക്കുക എന്നത് മാത്രമേ മുന്നിൽ കാണുന്നുള്ളു. കൂടുതൽ വാർത്തകളും ചിത്രങ്ങളും കാണാതെ വരുമ്പോഴുള്ള നിങ്ങളുടെ അക്ഷമയും ആകാംശയും ഞാൻ മനസ്സിലാക്കുന്നു, വരും ദിവസങ്ങളിൽ ഷൂട്ടിങ് പുരോഗതിക്കനുസരിച്ച് വിവരങ്ങൾ നിങ്ങളിൽ എത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നതായിരിക്കും.

നെഞ്ചിനകത്ത് ലാലേട്ടനെ കൊണ്ട് നടക്കുന്ന നിങ്ങൾ ഓരോരുത്തരുടേയും പ്രാർത്ഥന ഞങ്ങൾക്കുമേൽ ഉണ്ടാവും എന്ന വിശ്വാസത്തിൽ ഞാൻ ഉറക്കെ വിളിച്ചു പറയട്ടെ...സ്റ്റാർട്ട് ക്യാമറ, ആക്ഷൻ!

മോഹൻലാലിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായി 'ഒടിയൻ' മാറുമെന്നാണ് സംവിധായകൻ പറയുന്നത്. ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന ചിത്രമായിരിക്കും ഇത്. കൗതുകമുണർത്തുന്ന ഒരു പ്രോജക്ട് ആണത്, ഒപ്പം വെല്ലുവിളിയുമുണ്ടെന്ന് ശ്രീകുമാർ പറഞ്ഞിരുന്നു.

മാജിക്കൽ റിയലിസത്തിന്റെ തലത്തിൽ വരുന്ന സിനിമയാകും ഇത്. മണ്ണിന്റെ മണമുള്ള ഒരു ത്രില്ലറായിരിക്കും. മനുഷ്യൻ മൃഗത്തിന്റെ വേഷം കെട്ടി, ഇരുട്ടിനെ മറയാക്കി ആളുകളെ പേടിപ്പിക്കാൻ ക്വട്ടേഷനെടുക്കുന്ന ഒരു സംഘമുണ്ടായിരുന്നു പണ്ട്. കേരളത്തിലല്ല, തമിഴ്‌നാട്ടിൽ. അവർ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്തുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു. അവരാണ് കേരളത്തിലേക്കെത്തുന്ന ആദ്യത്തെ ക്വട്ടേഷൻ സംഘം. അവരുടെ കഥയാണ് ഒടിയൻ. ജീവിച്ചിരിക്കുന്ന അവസാനത്തെ ഒടിയനാണ് മോഹൻലാലിന്റെ കഥാപാത്രമെന്ന് സംവിധായകൻ പറയുന്നു.

ദേശീയഅവാർഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവർത്തകനുമായ ഹരികൃഷ്ണനാണ് 'ഒടിയ'ന്റെ രചന നിർവഹിച്ചിരിക്കുന്നത്. മഞ്ജുവാര്യർ നായികയാകുന്ന ഈ ചിത്രത്തിൽ കരുത്തുറ്റ പ്രതിനായകനായി പ്രകാശ് രാജാണ് എത്തുന്നത്. സിദ്ദിഖ്,നന്ദു തുടങ്ങുയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. പീറ്റർ ഹെയ്ൻ തന്നെയാണ് ചിത്രത്തിലെ ആക്ഷൻരംഗങ്ങളൊരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കാണാത്ത വിഷ്വൽ ഇഫക്ടുകളുടെ അനന്യാനുഭവമാകും 'ഒടിയനിൽ ഉണ്ടാകുക എന്നതാണ് മറ്റൊരു വാഗ്ദാനം.