കൊച്ചി: ഒടിയൻ ചിത്രീകരണ ആരംഭിച്ചത് മുതൽ വിവാദങ്ങളും തുടങ്ങിയിരുന്നു. ചിത്രീകരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോഴും വിവാദങ്ങൾ അവസാനിക്കുന്നില്ല. സംവിധായകൻ ശ്രീകുമാർ മേനോനെ ഒടിയനിൽ നിന്നും പൂർണമായും മാറ്റിയെന്നും പകരം ചുമതല സംവിധായകൻ പത്മകുമാറിനെ ഏൽപ്പിച്ചെന്നുമുള്ള വാർത്തയാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഒടിയന്റെ ചിത്രീകരണം പുരോഗമിക്കുമ്പോൾ നായകനായ മോഹൻലാലിന് ശ്രീകുമാറിനോട് അതൃപ്തിയുണ്ടെന്നാണ് ഒടുവിൽ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട്.

മോഹൻലാലിന്റെ ശിക്കാർ അടക്കമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത പത്മകുമാറിനെ ചുമതല ഏൽപിക്കാൻ ലാൽ തന്നെ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ തന്റെ ജോലി വെറും 'സഹായിക്കൽ' മാത്രമെന്നാണ് സംവിധായകൻ പത്മകുമാറിന്റെ വിശദീകരണം. ഷൂട്ടിങ് നടക്കുന്നതിനിടയിൽ പത്മകുമാറിനെ കൂടി ഉൾപ്പെടുത്തിയതിൽ ശ്രീകുമാർ മേനോന് അതൃപ്തിയുണ്ടെന്ന് മുൻപ് തന്നെ വാർത്തകൾ പുറത്ത് വന്നിരുന്നു.  അതുകൊണ്ട് തന്നെ ശ്രീകുമാർ മേനോനെ പൂർണമായും ഒഴിവാക്കി പത്മകുമാറിനെ ഒടിയന്റെ ചുമതല ഏൽപ്പിച്ചു എന്ന വാർത്ത മെട്രോ വാർത്തയാണ് ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്.

പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാർ മേനോന്റെ ആദ്യ ചലച്ചിത്രമാണ് ഒടിയൻ. ഒടിയന്റെ ഇരുപത് ദിവസം നീളുന്ന ക്ലൈമാക്സ് ചിത്രീകരണത്തിൽ സംവിധായകനായ എം പത്മകുമാറും ഉണ്ട്. ഇതോടെയാണ് കഥകൾ പ്രചരിക്കാൻ തുടങ്ങിയത്. ശ്രീകുമാർ മേനോനിൽ വിശ്വാസമില്ലാത്ത നിർമ്മാതാവ് പത്മകുമാറിനെ രംഗത്തിറക്കി ചിത്രീകരണം നടത്തുന്നുവെന്നതാണ് അത്. മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനാണ് പത്മകുമാർ. അമ്മക്കിളിക്കൂടും വാസ്തവവും ശിക്കാറും ഒരുക്കിയ സിനിമാക്കാരൻ. എന്നാൽ സ്വതന്ത്ര സംവിധായകനാകുമ്പോഴും അസോസിയേറ്റായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ള സിനിമാക്കാരനാണ് പത്മകുമാർ. രഞ്ജിത്തിന്റെ മോഹൻലാൽ ചിത്രമായ ലോഹത്തിൽ പോലും പത്മകുമാർ സഹകരിച്ചിരുന്നു. 'ഒടിയനിലും' പത്മകുമാർ അസോസിയേറ്റ് സംവിധാകരനാണ്.

ഇതിനിടെ സോഷ്യൽ മീഡിയിയിൽ ഒടിയൻ തരംഗമാവുകയാണ്. മഞ്ജു വാര്യരുടെ നായികാ കഥാപത്രവും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ലാലും മഞ്ജുവും ശ്രീകുമാറും ഒരുമിക്കുന്നതാണ് ഗോസിപ്പുകൾക്ക് അടിസ്ഥാനമെന്നാണ് ഒടിയന്റെ അണിയറക്കാരുടെ വാദം. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. പത്മകുമാർ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറാണ്. സിനിമയുടെ പെർഫെക്ഷന് വേണ്ടി പ്ത്മകുമാറിന്റെ പരിചയവും ഉപയോഗിക്കുന്നുണ്ട്. അത് ശ്രീകുമാർ മേനോന്റെ പ്രശ്നം കാരണമല്ല. വമ്പൻ പ്രോജക്ടുകളിൽ സഹകരിക്കാനുള്ള പത്മകുമാറിന്റെ താൽപ്പര്യം കാരണമാണ്-അണിയറ പ്രവർത്തകരിൽ ഒരാൾ നേരത്തെ തന്നെ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

രാത്രി വെളിച്ചത്തിലാണ് ക്ലൈമാക്സ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്ത്രതിന്റെ മേക്കിങ് വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രഫി ഒരുക്കുന്നതിന്റെ ഏതാനും സെക്കന്റ് മാത്രമുള്ള വീഡിയോയും ഒടിയൻ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. ഈ വിഡിയോയും സുപ്പർഹിറ്റായി. ഇതിന് പിന്നാലെയാണ് ഗോസിപ്പുകൾ പ്രവഹിക്കാൻ തുടങ്ങിയത്.

മാണിക്കൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുക. മഞ്ജു വാര്യർ മോഹൻലാലിന്റെ നായികയായും ചിത്രത്തിലെത്തും. പ്രകാശ് രാജും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. മാധ്യമപ്രവർത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ ഹരി കൃഷ്ണനാണ് തിരക്കഥ. പുലിമുരുകൻ ഛായാഗ്രാഹകനാണ് ഒടിയന് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. കലാസംവിധാനം സാബു സിറിൾ. എം ജയചന്ദ്രനാണ് സംഗീതം. ഒടിയന് ശേഷം രണ്ടാമുഴത്തിലേക്ക് ശ്രീകുമാർ കടക്കും. രണ്ടാമൂഴത്തിന് മുന്നോടിയായി സിനിമയിലെ തന്റെ മികവ് കാട്ടാനാണ് ഒടിയനിലൂടെ ശ്രീകുമാർ ശ്രമിക്കുന്നത്.