കൊച്ചി; ശ്രീകുമാർ മേനോൻ- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്നഒടിയന്റെ ട്രെയിലർ സോഷ്യൽ മീഡിയയിലും സമൂഹമാധ്യമങ്ങളിലും തരംഗം സൃഷ്ടിച്ചു മുന്നേറു. 20 ദിവസങ്ങൾ പിന്നിടുമ്പോൾ 17 ലക്ഷം വ്യൂസാണ് യൂട്യൂബിൽ ഒടിയൻ നേടിയിരിക്കുന്നത്. വെറും 20 ദിവസം കൊണ്ട് 6.5 മില്യൺ ഡിജിറ്റൽ വ്യൂസ് കടന്നിരിക്കുകയാണ്. അതു പോലെ ഫേസ്‌ബുക്കിലും ട്രെയിലറിന് വൻ വരവേൽപ്പാണ് 2.9 മില്ല്യൺ വ്യൂസാണ് മോഹൻലാൽ പങ്കുവെച്ച ട്രെയിലറിനുള്ളത്.

മോഹൻലാലിന്റെ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളും, അത്യുഗ്രൻ ആക്ഷൻ രംഗങ്ങളുമാണ് ട്രെയിലറിനെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കുന്നത്.അതേസമയം, പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം കേരളത്തിലെ തൊണ്ണൂറു ശതമാനം തിയേറ്ററുകളിലും ഒടിയൻ റിലീസ് ചെയ്യുമെന്നാണ് വിവരം. ഇതിനോടകം ഏകദേശം അഞ്ഞൂറോളം സ്‌ക്രീനുകളിൽ ഒടിയൻ കേരളത്തിൽ ചാർട്ട് ചെയ്തു കഴിഞ്ഞു. നിലവിൽ കായംകുളം കൊച്ചുണ്ണിയാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം.

കേരളത്തിൽ മാത്രമല്ല , ലോകമെമ്പാടും ഒരേ ദിവസം തന്നെയാണ് ഒടിയൻ റിലീസ് ചെയ്യുക. ഗൾഫിലും, അമേരിക്ക, യു. കെ, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിൽ എല്ലാം ചരിത്രം കുറിക്കുന്ന റിലീസാണ് ഒടിയൻ ടീം പ്ലാൻ ചെയ്യുന്നത്. സിനിമാപ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഒടിയനും ഇടം നേടിയിരുന്നു. ഇന്റർനെറ്റ് മൂവി ഡാറ്റ ബേസിലെ റിയൽ ടൈം പോപ്പുലാരിറ്റി ചാർട്ട് പ്രകാരം വിജയ് ചിത്രം സർക്കാർ ഒന്നാം സ്ഥാനത്തു എത്തിയപ്പോൾ ഒടിയൻ ആറാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്.

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷൻ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റർ ഹെയ്‌നാണ്. മധ്യകേരളത്തിൽ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിർമ്മിക്കുന്നത്.

വി ഹരികൃഷ്ണൻ രചിച്ച ഈ ചിത്രത്തിൽ പ്രകാശ് രാജ്, മഞ്ജു വാര്യർ, നരെയ്ൻ എന്നിവരും അഭിനയിക്കുന്നു. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായി ഒരുക്കിയിരിക്കുന്ന ഒടിയൻ നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ചിത്രം ഡിസംബർ 14ന് ലോകമെമ്പാടും ഉള്ള തിയറ്ററുകളിൽ എത്തും.