ആരധകർ ആവേശവും ആകാംശയും നിറച്ച് ഇരുട്ടിന്റെ രാജാവ് മാണിക്യനായി മോഹൻലാലെത്തുന്ന ശ്രീകുമാർ ചിത്രം ഒടിയന്റെ ട്രെയിലർ ഇന്നലെയാണ് പുറത്തുവന്നത്. റിലീസായി ഒരു ദിനം പിന്നിടുമ്പോൾ ഗംഭീര പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഇതു വരെ 1.8 മില്ല്യൺ വ്യൂസ് നേടിയ വീഡിയോ 55000ത്തിനോടടുത്ത് ഷെയറുകളും ചെയ്യപ്പെട്ടു. മാസും ക്ലാസുമായ ചിത്രമായിരിക്കും ഒടിയനെന്നാണ് ഒന്നര മിനിട്ട് ദൈർഘ്യമുള്ള ട്രെയിലർ നൽകുന്ന സൂചന.

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച പീറ്റർ ഹെയ്നാണ്. മധ്യകേരളത്തിൽ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിർമ്മിക്കുന്നത്. 30 മുതൽ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹൻലാലിന്റെ മാണിക്യൻ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.

ബിഗ് റിലീസായിട്ടാണ് ഒടിയൻ തിയേറ്ററുകളിലേക്ക് എത്തുന്നത്. നരേൻ, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ 14 ന് ചിത്രം തിയറ്ററുകളിലെത്തും.