രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവധി നിയമത്തിൽ പുതിയ നിയമ ഭേദഗതി. സ്വകാര്യമേഖലയിൽ ആദ്യവർഷം ആറുമാസം പൂർത്തിയാക്കുന്നവർക്ക് വാർഷികാവധിക്ക് അപേക്ഷിക്കാമെന്ന നിയമഭേദഗതിക്കാണ് പാർലമെന്റ് അനുമതി നല്കിയത്.. നിലവിൽ ഒൻപത് മാസത്തിനുശേഷമാണ് വാർഷികാവധിക്ക് അർഹത. മുപ്പത് ദിവസമാണ് വാർഷികാവധി. പ്രതിവാര അവധികൾ, ഔദ്യോഗികമായുള്ള ആഘോഷാവധികൾ, രോഗാവധികൾ എന്നിവ ഉൾപ്പെടാതെയായിരിക്കണം വാർഷികാവധി എന്നും നിയമഭേദഗതിയിൽ പറയുന്നു. 

തൊഴിൽ നിയമം നമ്പർ 6/2010 ലാണ് കുവൈത്ത് പാർലമെന്റ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഇതുവഴി ജീവനക്കാരുടെ വാർഷിക അവധി ദിവസത്തിൽ വർദ്ധനയുണ്ടാകും. സ്വകാര്യ മേഖലയിലെയും ഓയിൽ സെക്ടറിലെയും ജീവനക്കാർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. പ്രതിവർഷം തൊഴിലാളികൾക്ക് 30 അവധി ദിനങ്ങൾ നൽകണം. വെള്ളിയാഴ്ചകൾ, പൊതു അവധി ദിനങ്ങൾ, അസുഖ അവധി എന്നിവയൊന്നും കണക്കിലെടുക്കാതെ വേണം മുപ്പത് അവധി ദിനങ്ങൾ നൽകേണ്ടതെന്നാണ് നാഷണൽ അസംബ്ലിയുടെ ഭേദഗതിയിൽ വ്യക്തമാക്കുന്നത്.

പുതുതായി ജോലിക്ക് കയറുന്ന തൊഴിലാളികൾക്ക് ആറ് മാസങ്ങൾക്ക് ശേഷമോ ഇല്ലെങ്കിൽ തൊഴിലുടമയുമായി ഒപ്പിട്ടിട്ടുള്ള ഉടമ്പടി പ്രകാരമോ ആയിരിക്കും അവധി ലഭിക്കുക. സോഷ്യൽ സെക്യൂരിറ്റിക്ക് വേണ്ടി നൽകിയിരിക്കുന്ന പണം കുറയാതെ തന്നെ ജോലി അവസാനിച്ചു പോകുന്ന തൊഴിലാളിക്ക് അവരുടെ മുഴുവൻ നഷ്ടപരിഹാരവും നൽകണമെന്നാണ് ഭേദഗതിയിൽ വ്യക്തമാക്കുന്ന മറ്റൊരു കാര്യം. ഇത് ബാധകമാകുക കുവൈത്ത് വംശജരായ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് മാത്രമാണ്.