തിരുവനന്തപുരം: മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരിൽ വിവാദത്തിലായ, മുൻ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ അവധിയിൽ പ്രവേശിച്ചിട്ടില്ലെന്ന് ഔദ്യോഗിക വിവരം. ബെഹ്‌റ ഓഫീസിൽ ഉണ്ടെന്നും അദ്ദേഹം അവധിയിൽ പ്രവേശിച്ചിട്ടില്ലെന്നും കെ.എം.ആർ.എൽ വ്യക്തമാക്കി.

അതേസമയം ഒക്ടോബർ ഒന്നു മുതൽ നാലുവരെ കട്ടക്കിൽ നടക്കുന്ന ഒഡിഷ അഡ്‌മിനിസ്ട്രേറ്റീവ് സർവീസിന്റെ അഭിമുഖ പാനലിലേക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അതിന് പോവുകയാണെന്നും കെ.എം.ആർ.എൽ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

ജെ. എൽ. എൻ. സ്റ്റേഡിയം മെട്രോ സ്റ്റേഷന് മുൻപിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടിയ ട്രാഫിക് ഈസ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറെ അഭിനന്ദിക്കുന്ന ബഹ്‌റയുടെ ചിത്രവും കെ.എം.ആർ.എൽ പങ്കുവെച്ചു ച്ചിട്ടുണ്ട്. മെട്രോ കോർപ്പറേറ്റ് ഓഫീസിൽ ഇന്ന് നടന്ന ചടങ്ങിൽ ബെഹ്‌റ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നതാണ് ചിത്രം.

മൂന്ന് ദിവസമായി ബെഹ്‌റ ഓഫീസിലെത്തുന്നില്ല എന്നും അദ്ദേഹം അവധിയിലാണ് എന്നും ചർച്ചകൾ ഉയർന്നിരുന്നു. വിവാദത്തിലായ പശ്ചാത്തലത്തിൽ മോൻസൻ മാവുങ്കൽ കേസ് അന്വേഷണം പൂർത്തിയാകുന്നത് വരെയെങ്കിലും ബെഹ്‌റയെ മാറ്റിനിർത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അദ്ദേഹം ഓഫീസിലെത്തുന്നില്ലെന്ന് വിവരം പുറത്തുവന്നത്.

മോൻസനൊപ്പമുള്ള ബെഹ്‌റയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. പൊലീസിന്റെ ബീറ്റ് ബുക്ക് മോൻസന്റെ വീടിനു മുന്നിൽ സ്ഥാപിച്ചത് ലോക്‌നാഥ് ബെഹ്‌റയുടെ നിർദ്ദേശപ്രകാരമായിരുന്നു എന്ന വിവരവും പുറത്തുവന്നിരുന്നു. വിവാദമായതോടെ ഇത് പൊലീസ് എടുത്തുമാറ്റിയിരുന്നു.

അതിനിടെ, മുഖ്യമന്ത്രി പൊലീസുകാരുടെ വിപുലമായ യോഗം വിളിച്ചിട്ടുണ്ട് . ഞായറാഴ്ചയാണ് യോഗം. സർക്കാരിന്റെ പ്രവർത്തനം അളക്കുന്നതിൽ പൊലീസിന്റെ ഇടപെടലും ഘടകമാകുമെന്ന് മുഖ്യമന്ത്രി സേനയെ ഓർമ്മിപ്പിച്ചു.

മോൺസൺ മാവുങ്കലും മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും തമ്മിലെ ബന്ധത്തിന്റെ കടുതൽ വിവരങ്ങൾ പുറത്ത് വരുന്നത് സർക്കാരിനെ വെട്ടിലാക്കിക്കഴിഞ്ഞു. ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും മോൺസന്റെ വീടുകൾക്ക് സംരക്ഷണം ഒരുക്കാൻ ബെഹ്‌റ നിർദ്ദേശിച്ചതും. മുൻ ഡിഐജി സുരേന്ദ്രനും മോൻസനുമായുള്ള ബന്ധവും കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മൺ ഇടപെട്ടതുമെല്ലാം വിവാദമായിക്കഴിഞ്ഞു. മോൺസനെതിരായ പീഡന പരാതി പൊലീസുകാർ ഒതുക്കിയെന്ന ഇരയുടെ ആരോപണവും സേനക്കാകെ നാണേേക്കടായി മാറി.

പുരാവസ്തു തട്ടിപ്പിനൊപ്പം അടുത്തിടെ ഉയർന്ന പൊലീസ് ഉൾപ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ള ആരോപണങ്ങൾ കൂൂടി പരിഗണിച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഡിജിപി മുതൽ എസ് എച്ച് ഒ മാർ വരെയുള്ളവർ ഓൺലൈൻ യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദ്ദേശം