- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപേക്ഷ നൽകിയിട്ടും വൈദ്യുതി കണക്ഷൻ നൽകാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥർക്ക് 75,000 രൂപ പിഴ; അപേക്ഷ ലഭിച്ചാൽ ഒരു മാസത്തിനകം കണക്ഷൻ നൽകാൻ വൈദ്യുതി ബോർഡ് ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി
കൊച്ചി: വെള്ളവും വൈദ്യുതിയും അടിസ്ഥാന സൗകര്യങ്ങളാണെന്ന് ഹൈക്കോടതി. അപേക്ഷ ലഭിച്ചാൽ ഒരു മാസത്തിനകം കണക്ഷൻ നൽകാൻ വൈദ്യുതി ബോർഡ് ബാധ്യസ്ഥരാണെന്നും ഹൈക്കോടതി വ്യക്തമാക്കി. 300 ചതുരശ്ര അടി മാത്രം വലുപ്പമുള്ള വീട്ടിലേക്ക് വൈദ്യുതി കണക്ഷൻ നൽകാനുള്ള വൈദ്യുതി ഓംബുഡ്സ്മാന്റെ ഉത്തരവ് പാലിക്കാത്തതിനെ തുടർന്ന് നടപടി നേരിട്ട രണ്ട് ഉദ്യോഗസ്ഥരുടെ ഹർജി തള്ളിയാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്. .
എടരിക്കോട് വൈദ്യുതി ഡിവിഷനിൽ 2013 മെയ് 20ന് കുറ്റിപ്പാല സ്വദേശി പി. സൈനുദ്ദീൻ നൽകിയ അപേക്ഷ ലോ ടെൻഷൻ വൈദ്യുതി ലൈനിൽനിന്ന് മൂന്ന് മീറ്റർ അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നിരസിച്ചിരുന്നു. ലൈൻ മാറ്റിയാലേ കണക്ഷൻ നൽകാനാവൂവെന്ന് എ.ഇ മറുപടി നൽകി. ഇതിനെതിരെ ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന് അപേക്ഷകൻ പരാതി നൽകി. അസി. എക്സി. എൻജിനീയറും അസി. എൻജിനീയറും സ്ഥലം സന്ദർശിച്ച് സ്കെച്ച് തയാറാക്കി ലോടെൻഷൻ ലൈൻ മാറ്റാൻ ഓംബുഡ്സ്മാൻ നിർദ്ദേശിച്ചു. 21 ദിവസത്തിനകം കണക്ഷൻ നൽകാനും ഉത്തരവിട്ടു. എന്നാൽ, ഉത്തരവ് പാലിച്ചില്ല.
തുടർന്ന് റെഗുലേറ്ററി കമ്മിഷൻ മുമ്പാകെ പരാതി നൽകി. ഉത്തരവ് നടപ്പാക്കാത്തതിന് മലപ്പുറം കോട്ടക്കൽ അസി. എക്സി. എൻജിനീയർ കെ.എൻ. രവീന്ദ്രനാഥന് 50,000 വും അസി. എൻജിനീയർ കെ. കീരന് 25000 വും രൂപ പിഴ വിധിച്ചു. ഇതിനെതിരെയാണ് ഇരുവരും കോടതിയെ സമീപിച്ചത്. വൈദ്യുതി ആക്ടിലെ 43(1) വകുപ്പ് പ്രകാരം അപേക്ഷ ലഭിച്ചാൽ ഒരു മാസത്തിനകം വിതരണ ഏജൻസി വൈദ്യുതി നൽകാൻ ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കി.
തൊട്ടടുത്ത പറമ്പിൽ സ്റ്റേ നാട്ടേണ്ടതിനാൽ അവരുടെ സമ്മതം വേണമെന്നും ഇത് ഹാജരാക്കാത്തതിനാലാണ് വൈകുന്നതെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. ഓംബുഡ്സ്മാൻ നിർദ്ദേശ പ്രകാരം ഹരജിക്കാർ റൂട്ട് സ്കെച്ച് സമർപ്പിച്ചപ്പോൾ സ്റ്റേ ലെയ്ൻ സ്ഥാപിക്കേണ്ടത് പറഞ്ഞിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മിഷൻ പിഴ വിധിച്ചത്. കമ്മിഷൻ നിഗമനം കോടതിയും ശരിവെച്ചു. ഓംബുഡ്സ്മാൻ ഉത്തരവ് നടപ്പാക്കാത്തത് ലംഘനമായി കണക്കാക്കാമെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ നടപടി സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി പിഴ ഒഴിവാക്കാനുള്ള ഹർജി തള്ളുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ