- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കിഴക്കൻ ജറൂസലം ഫലസ്തീൻ ഭൂമി - അത് തൊടാൻ സമ്മതിക്കില്ല; അവിടുത്തുകാരായ ഫലസ്തീനികളുടെ താമസ കേന്ദ്രങ്ങൾ കൈവശപ്പെടുത്തുന്ന ഇസ്രയേൽ നടപടി തീർത്തും അപലപനീയം': ഓ ഐ സി അടിയന്തര യോഗത്തിൽ സൗദി അറേബ്യ
ജിദ്ദ: ഫലസ്തീൻ സംഘർഷം ചർച്ച ചെയ്യാൻ ആഗോള ഇസ്ലാമിക സംഘടനയായ ഓ ഐ സി (ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ) സൂം പ്ലാറ്റഫോമിൽ അടിയന്തര യോഗം ചേർന്നു. ഇസ്ലാമിക ഉച്ചകോടിയുടെ അധ്യക്ഷ പദവി അലങ്കരിക്കുന്ന സൗദി അറേബ്യയുടെ നിർദേശ പ്രകാരമായിരുന്നു യോഗം. ഫലസ്തീനികൾക്കെതിരെ ഇസ്രയേൽ കടുത്ത നിയമലംഘനങ്ങൾ നടത്തുകയാണെന്നും ജറുസലേമിലെ താമസ കേന്ദ്രങ്ങളിൽ നിന്ന് അവിടുത്തുകാരായ ഫലസ്തീനികളെ ആട്ടിപ്പായിക്കുന്നതിനെ ശക്തമായി അപലപിക്കുന്നതായും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ഫർഹാൻ രാജകുമാരൻ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
'കിഴക്കൻ ജറുസലേം ഫലസ്തീൻ ഭൂമിയാണ്, അതിൽ തൊട്ടു കളിക്കുകയെന്നത് സ്വീകാര്യമല്ല. ഫലസ്തീനികളുടെ അവകാശങ്ങളിൽ ഇസ്രയേൽ നടത്തുന്ന കയ്യേറ്റങ്ങൾ സൗദി അറേബ്യ ഒരുനിലക്കും അംഗീകരിക്കില്ല. ഇസ്രയേൽ നടത്തുന്ന സംഘർഷം ഉടൻ നിർത്തണം' മന്ത്രി ഫൈസൽ ഫർഹാൻ രാജകുമാരൻ സൗദി അറേബ്യയുടെ നിലപാട് ആവർത്തിച്ചു. ഇസ്രയേൽ നടത്തി കൊണ്ടിരിക്കുന്ന നിയമ ലംഘനങ്ങളും അതിക്രമങ്ങളും അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന് ഉത്തരവാദിത്തം ഉണ്ടെന്നും അതിനായി അടിയന്തര ഇടപെടലുകൾ നടത്തണമെന്നും സൗദി അറേബ്യ ആഗോള സമൂഹത്തോട് ആവശ്യപ്പെട്ടു.ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്നതുൾപ്പെടെയുള്ള ഫലസ്തീനികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ള അറബ് സമാധാന രേഖ പരാമർശിച്ചു കൊണ്ട് അത്തരത്തിലുള്ള സമാധാന നീക്കത്തിനുള്ള പിന്തുണ ഫൈസൽ ഫർഹാൻ രാജകുമാരൻ പ്രഖ്യാപിച്ചു.
സമാധാനം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും തങ്ങൾ പിന്തുണക്കുന്നതായും സൗദി വിദേശകാര്യ മന്ത്രി ആവർത്തിച്ചു.ഫലസ്തീന് മേൽ അറബ് - മുസ്ലിം - ക്രിസ്ത്യൻ വിഭാഗങ്ങൾക്കുള്ള അവകാശം അടിയറവെക്കില്ലെന്നും ആയുധങ്ങൾ കാട്ടി ഭയപ്പെടുത്തി തങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാമെന്ന് കരുത്തരുതെന്നും ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് മാലികി യോഗത്തിൽ പറഞ്ഞു. 'ജറുസലേമിൽ ഇസ്രയേൽ നടത്തുന്ന കയ്യേറ്റങ്ങളാണ് ഫലസ്തീൻ ഇൻതിഫാദ സൃഷ്ടിക്കുന്നത്' അദ്ദേഹം തുടർന്നു. ഇസ്രയേലിന് മേൽ സാമ്പത്തികവും രാഷ്ട്രീയവുമായ ഉപരോധം ഏർപ്പെടുത്തണമെന്നും ഫലസ്തീൻ വിദേശകാര്യ മന്ത്രി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ഫലസ്തീൻ ജനതയ്ക്ക് നേരെ നടത്തുന്ന ഇസ്രയേൽ അതിക്രമങ്ങൾക്ക് അന്ത്യം ഉണ്ടാക്കണമെന്നും ഫലസ്തീനികളുടെ നിയമാനുസൃത അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഓ ഐ സി സെക്രട്ടറി ജനറൽ യൂസുഫ് ബിൻ അഹ്‌മദ് അൽഉതൈമീൻ പറഞ്ഞു. ഫലസ്തീനികൾക്ക് 1967 ലെ അതിർത്തികളോടെയുള്ള സ്വതന്ത്ര രാഷ്ട്രത്തിന് ഉള്ള അവകാശം സംഘടന ആവർത്തിക്കുന്നതായും സെക്രട്ടറി ജനറൽ പറഞ്ഞു. ഇസ്രയേൽ കയ്യേറ്റങ്ങളും അതിക്രമങ്ങളും നിർത്താൻ ഐക്യരാഷ്ട്ര സഭാ രക്ഷാസമിതി നടപടികൾ കൈക്കൊള്ളണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇസ്രയേൽ അതിക്രമങ്ങൾ തുടർന്നാലുള്ള ഭവിഷ്യത്തുകൾ സംബന്ധിച്ച് അടിയന്തര യോഗത്തിൽ അവതരിപ്പിച്ച കരട് പ്രമേയം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഗസ്സയിൽ രൂക്ഷമായ സംഘർഷവും യുദ്ധവുമാണ് നടന്നു കൊണ്ടിരിക്കുന്നത്. അതിശക്തമായ ബോംബ് വർഷത്തിലൂടെ ഗസ്സയെ ഇസ്രയേൽ ആക്രമിക്കുമ്പോൾ റോക്കറ്റുകളും മിസൈലുകളും കൊണ്ട് ഫലസ്തീനെ പ്രതിരോധിക്കുന്നത് ഹമാസ് എന്ന സായുധ വിമോചന പ്രസ്ഥാനമാണ്.