മെൽബൺ: ഓസ്‌ട്രേലിയയിൽ കഴിഞ്ഞ നാലു വർഷക്കാലമായി ഇരു വിഭാഗമായി പ്രവർത്തിച്ചിരുന്ന ഒഐസിസികൾ ഒന്നായി പ്രവർത്തിക്കാൻ തീരുമാനിച്ചു.

ഒഐസിസി നാഷണൽ ചെയർമാൻ സി.പി. സാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്ലോബൽ കമ്മിറ്റി അംഗം ബിജു സ്‌കറിയ, ഒഐസിസി മുൻ പ്രസിഡന്റും ഒഐസിസി ന്യൂസ് ചീഫ് എഡിറ്ററുമായ ജോസ് എം. ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണു തീരുമാനമായത്.

ഇരുവിഭാഗവും ചർച്ച ചെയ്ത് പ്രശ്‌നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന കെപിസിസി പ്രസിഡന്റ് വി എം. സുധീരന്റെ നിർദ്ദേശം ഇരുവിഭാഗവും അംഗീകരിക്കുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തിനായി നിയമസഭ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുവാനും ഫെയ്‌സ് ബുക്ക്, ഫോൺ, സ്‌കൈപ്പ് തുടങ്ങിയ ഇലക്‌ട്രോണിക് മാദ്ധ്യമങ്ങളിലൂടെയും നാട്ടിൽ പോകാൻ കഴിയുന്നവർ നേരിട്ട് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും നാട്ടിലുള്ള ഒഐസിസി നാഷണൽ വൈസ് ചെയർമാൻ ഹൈനസ് ബിനോയ് തെരഞ്ഞെടുപ്പു തീരുംവരെ നാട്ടിൽ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

ഒഐസിസി നേതാക്കളായ മാർട്ടിൻ ഉറുമീസ്, സോബൻ തോമസ്, ജോർജ് തോമസ്, ജോസഫ് പീറ്റർ, പി.വി. ജിജേഷ്, ഡോ. ബിജു മാത്യു, ജോജി ജോൺ, ജോജി കാഞ്ഞിരപ്പള്ളി, അനിൽ ജയിംസ്, ഫിന്നി മാത്യു, ജോമോൻ ജോസഫ്, സിബി കുര്യൻ, മിൻസു സാമുവൽ, ഷിജോ, ഷൈങ്കു ദേവസി, ടിജോ ജോസ്, ജസ്റ്റിൻ ജയിംസ്, സിജോ ഏറ്റുമാനൂർ, അരുൺ എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകി.

വിക്‌ടോറിയയിൽ ഒഐസിസിയുടെ പ്രവർത്തനങ്ങൾക്ക് ഒരു സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. മറ്റു സ്റ്റേറ്റുകളിൽ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് അതത് സ്റ്റേറ്റിലെ പ്രവർത്തകരുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നു സി.പി. സാജു പറഞ്ഞു.