തിരുവനന്തപുരം: പത്രധർമ്മം സത്യത്തിന്റെ പാതയിൽ നേരായി നടത്തുന്നവരാണ് യഥാർത്ഥ പത്രധർമ്മം നിറവേറ്റുന്നവരെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ പ്രസ്താവിച്ചു. സമൂഹത്തിൽ മാദ്ധ്യമത്തിന്റെ പങ്ക് വലുതാണെന്നും പ്രശ്‌നങ്ങളെ സങ്കീർണമാക്കലല്ല യഥാർത്ഥ പത്രധർമ്മമെന്നും ഓസ്‌ട്രേലിയയിൽ പ്രസിദ്ധീകരിക്കുന്ന ഓഐസിസി ന്യൂസിന്റെ അഞ്ചാം വാർഷിക ചടങ്ങുകൾ കെ പിസിസി ഓഫീസിൽ നിർവ്വഹിച്ചുകൊണ്ട് സുധീരൻ പറുഞ്ഞു.

പല സങ്കീർണമായ പ്രശ്‌നങ്ങളിലും നിലപാടുകളിൽ വ്യത്യസ്തത പുലർത്തുകയും സത്യത്തെ വളച്ചൊടിക്കുകയും ചെയ്യുന്ന പ്രവണത ശരിയല്ല എന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. മറ്റൊരു രാജ്യത്ത് മലയാളത്തിന്റെ തനിമയിൽ പത്രം അച്ചടി വിതരണം നടത്തുക പ്രയാസമാണ് എന്നും ഓഐസിസി ന്യൂസിന്റെ പ്രവർത്തനവും വാർത്തകളുടെ പ്രസക്തിയും ആണ് അതിനെ അഞ്ചുവർഷവും നിലനിറുത്തിയതെന്നും സുധീരൻ പറഞ്ഞു.

വാർത്തകളിൽ വിരോധം അടിച്ചേല്പിക്കാതെ നേരിന്റെ പാത ഇനിയും പിന്തുടരാൻ ഓഐസിസി ന്യൂസെന്ന ഈ സൗത്ത് ഇന്ത്യൻ പത്രത്തിനാകട്ടെ എന്നും സുധീരൻ ആശംസിച്ചു. ന്യൂസിന്റെ അഞ്ചാം വാർഷികാഘോഷം ഡിസംബറിൽ ഓസ്‌ട്രേലിയയിൽ നടത്തപ്പെടുമെന്നും പ്രശസ്ത സാഹിത്യകാരന്മാരും പൊതുപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കുമെന്നും ചീഫ് എഡിറ്റർ ജോസ് എം ജോർജ് ചടങ്ങിൽ പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാം തമ്പാനൂർ രവി, എന്നിവർ പങ്കെടുത്തു.