ൺഫ്ളവർ ഓയിലും ഫിഷ് ഓയിലും സ്ഥിരമായി ഉപയോഗിക്കുന്നത് കരളിന് ദോഷകരമാണെന്ന് റിപ്പോർട്ട്. സ്ഥിരമായ ഉപയോഗം കാൻസറിന് കാരണമാകാമെന്നും ശാസ്ത്രജഞർ പറയുന്നു. സ്ഥിരമായ ഉപയോഗം ആന്തരികാവയവങ്ങൾക്ക് ദോഷകരമാണെന്നും അത് നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസി(നാഷ്)ന് കാരണമാകുമെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.

നിശബ്ദനായ കൊലയാളിയെന്നാണ് നാഷിനെ വൈദ്യശാസ്ത്രം കാണുന്നത്. ഇത് കരളിന് കേടുപാടുണ്ടാക്കുകയും സിറോസിസിന് കാരണമാകുകയും ചെയ്യും. ചിലപ്പോൾ കരളിന് കാൻസർ ബാധിക്കാനും ഇത് വഴിയൊരുക്കും. പാചകത്തിനായാണ് സൺഫ്ളവർ ഓയിൽ സാധാരണ നാം ഉപയോഗിക്കുന്നത്. ഫിഷ് ഓയിൽ മരുന്നുകളിൽനിന്നും സപ്ലിമെന്റുകളിൽനിന്നുമാണ് ശരീരത്തിലെത്തുന്നത്.

ദോഷകരമല്ലാതെ സ്ഥിരമായി ഉപയോഗിക്കാവുന്ന എണ്ണ ഒലിവെണ്ണ മാത്രമാണെന്ന് ഗവേഷകർ പറയുന്നു. വെളിച്ചെണ്ണയും അപകടകാരിയല്ലാത്ത എണ്ണകളുടെ കൂട്ടത്തിലാണ്. എന്നാൽ, സൺഫ്ളവർ ഓയിലും ഫിഷ് ഓയിലും ഉപയോഗിക്കുന്നത് ശരീരത്തിന് തീർത്തും ഹാനികരമാണെന്ന് സ്പാനിഷ് ഗവേഷകർ എലിയിൽ നടത്തിയ പരീക്ഷണത്തിലൂടെ കണ്ടെത്തി.

ജനിച്ചുവീണതുമുതൽ രണ്ടുവയസ്സുവരെ വിർജിൻ ഒലിവ് ഓയിലും സൺഫ്ളവർ ഓയിലും ഫിഷ് ഓയിലും കൊടുത്ത് വളർത്തിയ 72 എലികളിലായിരുന്നു ഗ്രനാഡ സർവകലാശാലയിലെ ഗവേഷകരുടെ പരീക്ഷണം. എലികളുടെ കരളിന്റെ ഡിഎൻഎയിൽ നടത്തിയ പരീക്ഷണങ്ങളിൽ സൺഫ്ളവർ ഓയിലും ഫിഷ് ഓയിലും കഴിച്ച എലികൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടെന്ന് കണ്ടെത്തി.

സൺഫ്ളവർ ഓയിൽ നാഷ് ഉള്ളവർക്ക് ചികിത്സാർഥം കഴിക്കാവുന്നതാണെന്നായിരുന്നു നേരത്തേയുള്ള നിഗമനം. ഇതിന് നേരെ വിപരീതമാണ് ഇപ്പോഴത്തെ ഗവേഷണഫലം. പുതിയ ഗവേഷണ ഫലങ്ങൾ ന്യൂട്രീഷണൽ ബയോക്കെമിസ്ട്രി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൺഫ്ളവർ ഓയിൽ കഴിച്ച എലികളുടെ കരളിലെ കോശങ്ങൾക്ക് കട്ടികൂടുന്നതായും കോശങ്ങൾക്ക് പോറലേൽക്കുന്നതായും ഗവേഷകർ കണ്ടെത്തി.

കരളിൽ കൊഴുപ്പ് കൂടുതലായി അടിഞ്ഞുകൂടുന്ന സ്ഥിതിവിശേഷമാണ് നാഷ്. ഇത് കരളിൽ നീരുവീഴ്ചയ്ക്കും കോശങ്ങളുടെ നാശത്തിനും കാരണമാകും. ഇത് ലിവർ കാൻസറിനും വഴിവെക്കാനിടയുണ്ട്. അമേരിക്കയിൽ 12 ശതമാനം പേർക്കുവരെയും ബ്രിട്ടനിൽ മൂന്നുശതമാനം പേർക്കുവരെയും നാഷ് ബാധയുണ്ടെന്നാണ് കണക്കാക്കുന്നത്. അമിത വണ്ണമുള്ളവരിലും ടൈപ്പ് 2 പ്രമേഹമുള്ളവരിലുമാണ് ഇത് ബാധിക്കാൻ കൂടുതൽ സാധ്യത.