ദോഹ. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓയിൽ ഗ്യാസ് ന്യൂസ് മറൈൻ പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച ഓയിൽഫീൽഡ് ഡയറക്ടറിയുടെ ജി.സി.സി. എഡിഷൻ ഖത്തറിൽ പ്രകാശനം ചെയ്തു. ദോഹയിൽ നടന്ന ചടങ്ങിൽ ദോഹാ ബാങ്ക് ഗ്രൂപ്പ് സി. ഇ. ഒ. ഡോ. ആർ. സീതാരാമനാണ് പ്രകാശനം നിർവഹിച്ചത്.

ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ നെറ്റ് വർക് പ്രസിഡണ്ട് കെ. എം. വർഗീസ് ഡയറക്ടറിയുടെ ആദ്യപ്രതി ഏറ്റുവാങ്ങി. ഓയിൽ ഗ്യാസ് മേഖല കടുത്ത വെല്ലുവിളികൾ നേരിടുന്ന ലോകത്ത് ഉൽപാദന ഉപഭോഗ വിതരണ ശൃംഖലകളെ ബന്ധിപ്പിക്കുന്ന സംരംഭങ്ങളുടെ പ്രാധാന്യമേറെയാണെന്ന് ഡയറക്ടറി പ്രകാശനം ചെയ്ത് സംസാരിക്കേവേ ഡോ. സീതാരാമൻ പറഞ്ഞു.

മധ്യ പൗരസ്ത്യ ലോകത്തിന്റെ സാമ്പത്തിക പ്രാധാന്യം നിലനിർത്തുന്നതിൽ ഓയിൽ ഗ്യാസ് മേഖല എന്നും മുൻപന്തിയിലാണ്. ധാരാളം തൊഴിലവസരങ്ങളും നിക്ഷേപ സാധ്യതകളുമുള്ള ഓയിൽ ഗ്യാസ് മേഖലകളുടെ വളർച്ചാവികാസവും ഗൾഫ് മേഖലയുടെ വളർച്ചയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഓയിൽ ഗ്യാസ് ന്യൂസ് മറൈൻ പബ്ളിക്കേഷൻസ് മാനേജിങ് ഡയറക്ടർ രേണു ഗിഹാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മീഡിയ പ്ളസ് സിഇഒ. അമാനുല്ല വടക്കാങ്ങര, സൈമ ഫസൽ, ഷറഫുദ്ധീൻ തങ്കയത്തിൽ, മുഹമ്മദ് റഫീഖ്, ഏലിയാസ് ജേക്കബ് എന്നിവർ സംബന്ധിച്ചു.