രാജ്യത്ത് അടുത്തമാസം പെട്രോൾ വില 10 ദിർഹം വർധിക്കും. അതേസമയം, ഡീസൽ വിലയിൽ മാറ്റമില്ല. സബ്‌സിഡി പിൻവലിച്ചതോടെയാണ് രാജ്യത്തെ എണ്ണവിലയിൽ വർധനവ് ഉണ്ടാകുന്നത്. ജനുവരി ആദ്യവാരത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പെട്രോൾ വിലയിൽ നാൽപതു മുതൽ അൻപതു ശതമാനം വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഊർജ്ജ വ്യവസായ മന്ത്രാലയമാണ് പുതിയ വില നിലവാരം പ്രഖ്യാപിച്ചത്. ഈ മാസത്തെ വിലയെ അപേക്ഷിച്ച് 10 ദിർഹത്തിന്റെ വർധനവാണ് ഉള്ളത്. 1.20 റിയാൽ വിലയുള്ള പെട്രോൾ 91-ഒക്ടെയിൻ പ്രീമിയം ഗ്യാസോലിന് ഒരു ലിറ്ററിന് 1.30 റിയാലും 1.40 റിയാൽ വിലയുള്ള സൂപ്പർ 95-ഒക്ടെയിൻ ഗസ്സോലിന് 1.40 റിയാലുമാണ് ജൂലായിലെ വില. അതേസമയം, ഡീസലിന്റെ വില 1.40 റിയാലായി തന്നെ തുടരും.

2016 ജനുവരിയിലാണ് ഖത്തറിൽ പെട്രോൾ വില വർധിപ്പിച്ചത്. അന്താരാഷ്ട്രതലത്തിലെ എണ്ണവില അനുസരിച്ച് എല്ലാ മാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കാൻ ഖത്തറും ഏപ്രിലിൽ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഓരോ മാസവും എണ്ണ വില നിശ്ചയിക്കുന്നത്. സബ്സിഡി പിൻവലിച്ച് ഇന്ധന വില രാജ്യാന്തര ഇന്ധനവിപണിയുമായി ബന്ധപ്പെടുത്തിയതും ഏപ്രിൽ മുതലായിരുന്നു. അതേസമയം, ഇന്ധന വില വർധനയിലൂടെ ഒരു വർഷം 70 കോടി റിയാലിന്റെ അധിക വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.