മസ്‌കറ്റ്: ഒമാനിൽ എണ്ണവില പുതുക്കി നിശ്ചയിച്ചു. അന്താരാഷ്ട്ര മാർക്കറ്റിലെ വില നിലവാരമനുസരിച്ചാണ് വില പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ നിരക്കു മാർച്ച് ഒന്നുമുതൽ നിലവിൽ വരും. പുതിയ നിരക്ക് അനുസരിച്ച് സൂപ്പർ പെട്രോളിന് ലിറ്ററിന് എട്ട് ബൈസയും റെഗുലർ പെട്രോളിന് ഏഴു ബൈസയും കുറഞ്ഞു. അതേസമയം, ഡീസൽ വിലയിൽ മാറ്റമില്ല. നിലവിൽ 153 ബൈസ ഈടാക്കുന്ന സൂപ്പർ പെട്രോളിന് മാർച്ച് ഒന്നുമുതൽ പുതിയ നിരക്ക് അനുസരിച്ച് 145 ബൈസയാകും ഈടാക്കുക. നിലവിൽ 137 ബൈസയുള്ള റെഗുലർ പെട്രോളിന് 130 ബൈസയും ഈടാക്കും. ഡീസൽ വില 146 ബൈസയായി തന്നെ തുടരും.

വിലയിൽ ഉണ്ടായിരിക്കുന്നതു നേരിയ കുറവാണെങ്കിലും വാഹന ഉടമകൾക്കു വിലക്കുറവ് ഏറെ ആശ്വാസം പകരും. ഡീസലിന്റെ വില വർധിക്കാത്തത് ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലവർധന പിടിച്ചു നിർത്താൻ സഹായകമാകും. എണ്ണവിലയൽ വർധന ഉണ്ടായപ്പോൾ ഒമാനിലെ ടാക്‌സി നിരക്കുകൾ കുത്തനെ വർധിപ്പിക്കുകയും ഡ്രൈവർമാർ തോന്നിയ നിരക്കുകൾ ഈടാക്കുകയും ചെയ്തിരുന്നു. താഴ്ന്ന വരുമാനമുള്ള യാത്രക്കാരെ ഇത് ഏറെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു. എന്നാൽ ടാക്‌സി നിരക്കുകൾ ക്രമാതീതമായി ഉയർന്നതോടെ ബസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിക്കുകയും ബസുകളിലെ തിരക്ക് വർധിക്കുകയും ചെയ്തിരുന്നു.