മസ്‌ക്കറ്റ്: കുത്തനെ താഴ്ന്നു നിൽക്കുന്ന എണ്ണവില അടുത്ത രണ്ടു വർഷത്തേക്കു കൂടി ഈ നിലയിൽ തുടരുമെന്ന് ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് വിദഗ്ദ്ധർ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില താഴ്ന്ന സ്ഥിതിക്ക് രാജ്യം ഖജനാവിലേക്ക് വരുമാനം കണ്ടെത്താൻ വിവിധ മാർഗങ്ങൾ തേടണമെന്നും സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

കഴിഞ്ഞ വർഷം മുതൽ തന്നെ എണ്ണവില കുറഞ്ഞതോടെ സർക്കാർ പല കടുത്ത നടപടികളും സ്വീകരിച്ചിരുന്നതാണ്. രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് കോട്ടം തട്ടുന്ന വിധത്തിലാണ് എണ്ണവില കുറഞ്ഞത്. ഫ്യൂവൽ വില വർധിപ്പിക്കുക, സർക്കാർ ജീവനക്കാരുടെ ബെനിഫിറ്റുകൾ വെട്ടിക്കുറയ്ക്കുക തുടങ്ങിയ നടപടികൾ സ്വീകരിച്ചാണ് രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് കോട്ടം തട്ടാതെ സൂക്ഷിച്ചത്.

എന്നാൽ ഇനിയുള്ള നാളുകളിലും ഇതേ രീതിയിൽ തന്നെയാണ് ക്രൂഡ് ഓയിൽ വില തുടരുന്നതെങ്കിൽ ഇതിനെ കവച്ചുവയ്ക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കേണ്ടി വരും. സർക്കാർ സർവീസുകൾക്കുള്ള ഫീസുകൾ വർധിപ്പിക്കുക, കമ്പനികൾക്കുള്ള ഇൻകം ടാക്‌സ് വർധിപ്പിക്കുക, വാറ്റ് ഏർപ്പെടുത്തുക തുടങ്ങിയ നടപടികൾ കൈക്കൊള്ളാൻ സർക്കാർ തയാറായി വരികയാണ്. 2018 അല്ലെങ്കിൽ 2019-ഓടു കൂടി മറ്റു ജിസിസി രാജ്യങ്ങളെ പോലെ തന്നെ ഒമാനും വാറ്റ് ഏർപ്പെടുത്തിയിരിക്കും.

എണ്ണവില പ്രതീക്ഷിക്കുന്നത്ര രീതിയിൽ ഇനി ഉയർന്നു വരുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും ഇൻവെസ്‌കോ ചീഫ് ഇക്കണോമിസ്റ്റ് ജോൺ ഗ്രീൻവുഡ് ചൂണ്ടിക്കാട്ടി. വർധിച്ച ഉത്പദാനവും കുറഞ്ഞ തോതിലുള്ള ഡിമാൻഡുമാണ് എണ്ണവില ഇടിയാൻ കാരണമായിരിക്കുന്നത്. ഏതായാലും രണ്ടു വർഷത്തേക്ക് എണ്ണവിലയിൽ വലിയൊരു വർധന പ്രതീക്ഷിക്കേണ്ടെന്നും പഴയ രീതിയിൽ വില വർധിക്കാൻ ഏറെക്കാലം എടുക്കുമെന്നും ഗ്രീൻവുഡ് വ്യക്തമാക്കി.