കൊച്ചി: ഓഖി ദുരന്തത്തിൽ ജീവനോപാധികൾ പൂർണ്ണമായി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി 120 എഫ്.ആർ.പി ബോട്ടുകൾ വിതരണം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാട്ടുന്നുവെന്ന് ആക്ഷേപം. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര ഫിഷറീസ് വകുപ്പ് നൽകിയ മറുപടി പ്രകാരം പദ്ധതിക്ക് 2017-18 ൽ 1,94,4000 രൂപ കേന്ദ്ര സർക്കാർ നൽകി. ഇതിൽ 79,44,712 രൂപ മാത്രമാണ് സംസ്ഥാനം ഇതു വരെ ചെലവിട്ടത്.

നാല് പേർ വീതമടങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ ഗ്രൂപ്പുകൾക്ക് 120 എഫ്.ആർ.പി ബോട്ടുകൾ നൽകുന്ന പദ്ധതിയാണ് ഇത്. ഓഖി മൂലം കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ തിരുവനന്തപുരത്തിന് അനുവദിച്ച 75 ബോട്ടുകളിൽ 35 എണ്ണം മാത്രമാണ് നൽകിയത്. ബാക്കി ബോട്ടുകൾ വിതരണം ചെയ്യാൻ കാലതാമസം നേരിടുന്നത് എന്തു കൊണ്ടാണ് എന്നു സർക്കാർ വ്യക്തമാക്കണം. ബോട്ട് നിർമ്മാണം വേഗത്തിലാക്കി അർഹരായവർക്ക് എത്രയും പെട്ടെന്ന് ഫിഷറീസ് വകുപ്പ് നൽകണം ഗോവിന്ദൻ നമ്പൂതിരി ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജില്ലയിൽ 100 ബോട്ടുകൾ ആയി വർദ്ധിപ്പിക്കാൻ നടപടിയെടുക്കണം. ബോട്ട് നിർമ്മാണത്തിന് കരാർ നൽകിയതിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം ഗോവിന്ദൻ നമ്പൂതിരി ചൂണ്ടിക്കാട്ടി.

കണക്കുകൾ ഇങ്ങനെ:

9.88 കോടി രൂപ അടങ്കൽ തുക
7.94 കോടി സംസ്ഥാനം അനുവദിച്ചു
1.94 കോടി കേന്ദ്രം നൽകി
ബോട്ട് നൽകിയത്: 35 (2021 ജനുവരിയിൽ ലഭിച്ച കണക്ക് അനുസരിച്ച്)