തിരുവനന്തപുരം: ഒഖി ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ നിന്ന് ഇനിയും മുക്തമാകാതെ കേരളം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തുറകളിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ കണ്ടെത്താൻ കഴിയാത്തത് തീരദേശവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെ കേരള തീരത്ത് ആഞ്ഞുവീശിയ ഓഖി കേരള തീരം വിട്ട് രണ്ടുദിവസം കഴിഞ്ഞെങ്കിലും കടലിൽ പോയ തൊഴിലാളികൾ എല്ലാവരെയും തിരിച്ചെത്തിക്കാൻ കഴിഞ്ഞിട്ടില്ല.

ഇനിയും തൊണ്ണൂറുപേരെ കണ്ടെത്താനുണ്ടെന്നാണ് തീരദേശവാസികൾ നൽകുന്ന വിവരം. സർക്കാർ സംവിധാനവും സൈന്യവും ഒരുവഴിക്ക് തിരച്ചിൽ നടത്തുന്നു. അതിന് പുറമെ സ്വന്തം നിലയ്ക്ക് തൊഴിലാളി സംഘങ്ങളും ആഴക്കടലിൽ കാണാതായവരെ തിരയാൻ ഇറങ്ങിയിട്ടുണ്ട്. കടൽ തെക്കൻ കേരള തീരത്ത് ശാന്തമെങ്കിലും ചുഴലിക്കാറ്റിന്റെ പ്രഭാവം വടക്കൻ തീരങ്ങളിൽ ഉണ്ട്. ശക്തമായ തിരമാലകൾ ഉയരുന്നത് രക്ഷാ പ്രവർത്തനത്തെ ബാധിക്കുന്നു.

കടലിൽ മരിച്ച മൂന്നുപേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കടലിൽ കുടുങ്ങിയ കൂടുതൽ പേരെ തിരച്ചിൽ നടത്തുന്ന സേനകളും സ്വന്തം നിലയിൽ തിരിച്ചിലിന് ഇറങ്ങിയ മത്സത്തൊഴിലാളി സംഘങ്ങളും കണ്ടെത്തുന്നത് ആശ്വാസമാകുന്നുണ്ട്. വിവിധ തുറകളിൽ നിന്ന് കടലിൽ പോയ തൊണ്ണൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക്.

അതേസമയം, സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാപ്രവർത്തനത്തിന് ഊർജം പകരാനും ലക്ഷ്യമിട്ട് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ കേരളത്തിലും തമിഴ്‌നാട്ടിലും സന്ദർശനം നടത്തും. നാലരയോടെ തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ തമിഴ്‌നാട്ടിലും നാളെ കേരളത്തിലും സ്ഥിതിഗതികൾ വിലയിരുത്തും. രക്ഷാ പ്രവർത്തനത്തിൽ സർക്കാർ ഉണർന്നു പ്രവർത്തിക്കുന്നില്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികൾ പ്രതിഷേധം തുടരുകയാണ്. ആലപ്പുഴയിൽ ദേശീയ പാത ഉപരോധിച്ചു. ചെല്ലാനത്തും പൂന്തുറയിലും കടലുണ്ടിയിലും പ്രതിഷേധം തുടരുന്നു.

എന്നാൽ പ്രതികൂല കാലാവസ്ഥ മാറിയത് രക്ഷാപ്രവർത്തകർക്ക് ആശ്വാസം പകർന്നിട്ടുണ്ട്. ഇന്ന് മാനം തെളിഞ്ഞതോടെ കാണാതായവരെ കണ്ടെത്താൻ കുടുതൽ ആവേശത്തോടെ ദൗത്യം തുടരുകയാണ്. ഓഖിയുടെ തീവ്രത കുറഞ്ഞെങ്കിലും അടുത്ത 48 മണിക്കൂർ കൂടി കടൽത്തീരങ്ങളിൽ ഇതിന്റെ പ്രതിഫലനം തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൊല്ലത്ത് രക്ഷാ പ്രവർത്തനത്തിന് അധികൃതർ മുന്നിട്ടിറങ്ങുന്നില്ലെന്ന് ആക്ഷേപമുണ്ട്. വാടി കടപ്പുറത്താണ് ഇന്ന് മൃതദേഹങ്ങൾ എത്തിച്ചത്. നേരത്തെ അധികൃതരോട് പറഞ്ഞിട്ടും തിരിച്ചിലിന് അവർ പോയില്ലെന്ന് തീരവാസികൾ പറയുന്നു. ഇതോടെ തിരച്ചിലിന് സംഘം ഇറങ്ങുകയായിരുന്നു. ഇവരാണ് രണ്ട് മൃതദേഹങ്ങൾ 70 കിലോമീറ്ററോളം അകലെ കണ്ടെത്തിയത്. ഇവർ പറഞ്ഞ സ്ഥലത്തേക്ക് തിരച്ചിൽ നടത്തിയില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.

സർക്കാരിന്റെ അനുവാദമില്ലാതെ തിരച്ചിലിന് ഇറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികളോട്് പറഞ്ഞെങ്കിലും അതു വകവയ്ക്കാതെ ഉറ്റവരെ തേടി തൊഴിലാളികൾ തന്നെ ഇറങ്ങുകയായിരുന്നു. എന്നാൽ ഉച്ചയോടെ മത്സ്യത്തൊഴിലാളികളെ കൂടി പങ്കെടുപ്പിച്ച് രക്ഷാദൗത്യം സജീവമാക്കാൻ മുഖ്യമന്ത്രി തന്നെ നിർദ്ദേശിച്ചു.

കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ നാലരയോടെ തലസ്ഥാനത്ത് എത്തി. നേരത്തെതന്നെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എത്തിയിരുന്നു. മുഖ്യമന്ത്രിയുമായി ഇദ്ദേഹം ചർച്ചയും നടത്തി. നൂറോളം മത്സ്യത്തൊഴിലാളികളെ കാണാനില്ലെന്നാണ് ഇപ്പോഴും സ്ഥിതി. നാളെ ഒമ്പതു മണിക്ക് ശേഷമാണ് കേന്ദ്രമന്ത്രി തലസ്ഥാനത്ത് സ്ഥിതി വിലയിരുത്തുക.

എത്രപേരെ കാണാതായി എന്നതിനെ പറ്റിയും അവരിൽ എത്രപേരെ രക്ഷിച്ച് ഏതൊക്കെ തീരത്ത് എത്തിച്ചെന്നും ഉള്ള കണക്ക് അധികൃതരുടെ പക്കലില്ല. ഇതാണ് തീരദേശവാസികളിലും പ്രതിഷേധം കനക്കാൻ കാരണമാകുന്നത്. ഇതിനിടെ കാണാതായ 22 പേരെ ബേപ്പൂർ കടപ്പുറത്ത് രക്ഷപ്പെടുത്തി എത്തിച്ചിട്ടുണ്ട്. 72 മണിക്കൂറിന് ശേഷവും പലരേയും രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. കോസ്റ്റ് ഗാർഡ് ആണ് രക്ഷാപ്രവർത്തനം നടത്തി ബേപ്പൂരിൽ തൊഴിലാളികളെ എത്തിച്ചത്.

ഇതിൽ ആലപ്പുഴയിൽ നിന്ന് കാണാതായവരും ഉൾപ്പെടുന്നു. മടങ്ങിയെത്തിയവരുടെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പ്രശ്‌നമില്ലെന്നാണ് വിവരം. തത്വമസി എന്ന ബോട്ട് കടലിൽ കുടുങ്ങുകയായിരുന്നു. ഇതിന്റെ പ്രശനം പരിഹരിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ആലപ്പുഴയിൽ നിന്ന് പോയ അഞ്ചുപേർ അടങ്ങുന്ന സംഘത്തെ ചാവക്കാടുനിന്ന് 300 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് കണ്ടെത്തിയത്. ഇവരെ അഭിനവ് എന്ന് കോസ്റ്റ് ഗാർഡ് കപ്പൽ കണ്ടെത്തി തീരത്ത് എത്തിക്കുകയായിരുന്നു.

ഇന്ന് അഞ്ചു പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. രക്ഷാപ്രവർത്തനം ഊർജിതമായി തന്നെ തുടരുകയാണ്. നാലുപേരെ ഇന്നും രക്ഷിക്കാൻ കഴി്ഞ്ഞു എന്നതിനാൽ ഇനിയും കൂടുതൽ പേർ കടലിലുണ്ടാകും എന്ന നിലയിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാ പ്രവർത്തക ദൗത്യത്തിൽ മത്സ്യത്തൊഴിലാളികളെ കൂടി പങ്കെടുപ്പിച്ചാണ് തിരച്ചിൽ തുടരുക. ഇന്നാണ് ഇത്തരത്തിൽ ഒരു മാറ്റം വരുത്തിയത്.

അതേസമയം, തലസ്ഥാനത്ത് എത്തിയെങ്കിലും ഇവിടെ തുറകൾ സന്ദർശിക്കാതെ കേന്ദ്രമന്ത്രി കന്യാകുമാരിയിലേക്ക് പോകുന്നതിനെ ചൊല്ലി പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം, കോഴിക്കോട്, കാസർകോട്, ക്ണ്ണൂർ ജില്ലകളിൽ ഇപ്പോൾ ഓഖിയുടെ പ്രതിഫലനം എന്ന നിലയിൽ ശക്തമായ കടൽക്ഷോഭം തുടരുകയാണ്.