തിരുവനന്തപുരം: കഴിഞ്ഞ ദിവസം കടലിൽ പോയ 200ലേറെ ഓളം മത്സ്യത്തൊഴിലാളികൾ ഇനിയും തിരിച്ചെത്തിയില്ല. ഇതോടെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ ആശങ്ക ഉയരുകയാണ്. അതേസമയം ഇന്ന് രാവിലെ 33 പേർ തിരിച്ചെത്തിയതായി മന്ത്രി മേഴഅസിക്കുട്ടിയമ്മ പറഞ്ഞു.

ഓഖി ചുഴലിക്കാറ്റ് ശക്തമായ സാഹചര്യത്തിലാണ് ബോട്ടുകളിലും വള്ളങ്ങളിലും കടലിൽ പോയവരുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടത്. കന്നാസിലും മറ്റും പിടിച്ച് കടലിൽ പലരും പൊങ്ങിക്കിടക്കാൻ ശ്രമിക്കുന്നതായി രക്ഷപ്പെട്ടവർ പറഞ്ഞു. ചുഴലിക്കാറ്റു കാരണം രക്ഷാപ്രവർത്തനവും തടസ്സപ്പെടുകായണ്. അതേസമയം ആശങ്ക വർധിപ്പിച്ച് തിരുവനന്തപുരത്ത് മത്സ്യബന്ധനബോട്ട് കരയ്ക്കടിഞ്ഞു. വേളിയിൽ സെന്റ് ആൻഡ്രൂസ് പള്ളിക്കുസമീപമാണ് ബോട്ട് കരയ്ക്കടിഞ്ഞത്. ബോട്ടിലുണ്ടായിരുന്നവരെക്കുറിച്ച് വിവരമില്ല.

കടലിൽ ഭീകരാന്തരീക്ഷമാണെന്ന് രക്ഷപ്പെട്ട മുത്തപ്പൻ, ശെൽവൻ എന്നിവർ പറഞ്ഞു. തനിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല, കന്യാകുമാരിയിൽ നിന്നുള്ള ബോട്ടുകാരാണ് തന്നെ കൊല്ലം തീരത്തെത്തിച്ചതെന്ന് ശെൽവൻ പറഞ്ഞു. കനത്ത കാറ്റും മഴയുമാണ്, മറ്റുള്ളവരേക്കുറിച്ച് ഒന്നുമറിയില്ല -അവർ പറഞ്ഞു. കടലിൽ പലരും നീന്തിപ്പോകുന്നത് കണ്ടതായി വിഴിഞ്ഞത്ത് തിരിച്ചെത്തിയവർ പറഞ്ഞു. അഞ്ചുപേരാണ് വിഴിഞ്ഞത്ത് രാവിലെ തിരിച്ചെത്തിയത്. കടലിലേക്ക് ആർക്കും രക്ഷാപ്രവർത്തനത്തിന് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമാണെന്നും അവർ പറഞ്ഞു.

ചുഴലിക്കാറ്റും പേമാരിയും വൻ തിരമാലകളും ഉണ്ടാകുമെന്ന ഒരു മുന്നറിയിപ്പും ലഭിച്ചില്ലെന്നു മൽസ്യത്തൊഴിലാളികൾ പറഞ്ഞു. ഇതു പ്രായോഗികമല്ലെന്നാണു വിദഗ്ധരുടെ വിശദീകരണം. വിദേശരാജ്യങ്ങൾ പലതും കാലവസ്ഥാ വ്യതിയാനങ്ങൾ മുൻകൂട്ടി പ്രവചിക്കുന്ന ഇക്കാലത്ത് തങ്ങൾ കൊടുങ്കാറ്റിനും കടലിനുമിടയിലായത് അധികൃതരുടെ അനാസ്ഥ കൊണ്ടാണെന്നു മൽസ്യത്തൊഴിലാളികൾ ആരോപിക്കുന്നു. 11 മണിയോടെയാണു ന്യൂനമർദം കൊടുങ്കാറ്റായി മാറിയതെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ന്യൂനമർദങ്ങൾ സാധാരണയാണ്; അപൂർവമായി മാത്രമേ കൊടുങ്കാറ്റായി മാറൂ. ഇതിനു പുറമേ, പ്രഭവകേന്ദ്രം തീരത്തോട് അടുത്തായതും (തീരത്തിന് 70 കിലോമീറ്റർ മാത്രം അകലെ) തിരിച്ചടിയായി. ശ്രീലങ്കയുടെ പടിഞ്ഞാറു ഭാഗത്തേക്കു കാറ്റ് നീങ്ങുമെന്നായിരുന്നു ഇന്നലെ രാവിലെ വരെയുള്ള നിഗമനം. എന്നാൽ, പിന്നീടു വടക്കൻ ദിശയിലേക്കു മാറി.

സെപ്റ്റംബർ മുതൽ നവംബർ വരെ കേരള തീരങ്ങളിൽ ന്യൂനമർദം രൂപപ്പെടാറുണ്ടെങ്കിലും നാലു വർഷത്തിനിടെ ഇത്ര അടുത്ത് എത്തുന്നത് ഇതാദ്യമാണ്. ചൊവ്വാഴ്ച രാത്രി കന്യാകുമാരിക്കു തെക്ക് 120 കിലോമീറ്റർ അകലെയെത്തിയതോടെയാണു ന്യൂനമർദം ശക്തി പ്രാപിച്ചത്. തുടർന്നാണു മഴയും ഓഖി ചുഴലിക്കാറ്റിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചതെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. തീരത്തേക്ക് അടുത്തെങ്കിലും കരയിലേക്കു കടക്കാൻ സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. ഇന്നലെ പകൽ 11.30നു തിരുവനന്തപുരം, കന്യാകുമാരി തീരങ്ങൾക്ക് 70 കി.മീ മാത്രം അകലെ കടലിൽ ന്യൂനമർദപാത്തി സ്ഥിരീകരിച്ചിരുന്നു. അപ്പോഴാണു കേരള തീരത്തു കാറ്റും മഴയും ശക്തമായത്. ഈ കടൽക്ഷോഭത്തിലാണ് 200 ഓളം പേർ അകപ്പെട്ടത്.

കേരളത്തിൽ നിന്ന് 18ഉം തമിഴ്‌നാട്ടിൽ നിന്നും ഒരു ബോട്ടും കാണാതായതായി നാവിക സേന അറിയിച്ചു. വേളി സെന്റ് ആൻഡ്രൂസ് പള്ളിക്ക് സമീപം ബോട്ട് കരക്കടിഞ്ഞു. ഇതിലുണ്ടായിരുന്നവരേക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കൊല്ലത്ത് അഞ്ചുപേരും വിഴിഞ്ഞത്ത് അഞ്ചു പേരും തിരിച്ചെത്തി. തിരുവനന്തപുരത്തെ പൂന്തുറയിൽ നിന്നുമാണ് കൂടുതൽ പേരെ കാണാതായത്. വിഴിഞ്ഞത്തു നിന്ന് കടലിൽ പോയ ആറ് ബോട്ടുകളും നൂറിലേറെ വള്ളങ്ങളും കാണാതായി. നാവികസേനയുടെ നാലു കപ്പലുകളും രണ്ട് ഹെലികോപ്റ്ററുകളും ഡോണിയർ വിമാനങ്ങളും ഇന്നലെ മുതൽ തിരച്ചിൽ രംഗത്തുണ്ട്. കോസ്റ്റ് ഗാർഡും തിരച്ചിലിന് ഇറങ്ങിയിട്ടുണ്ട്. പക്ഷേ കടലിലെ മൂടൽ മഞ്ഞ് എല്ലാത്തിനും തടസ്സമാണ്.

കടലിൽപ്പെട്ട പലരേയും രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികൾ തന്നെയാണ്. അതിനാൽ തങ്ങളേക്കൂടി തിരച്ചിലിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൂന്തുറയിൽ കാണാതായവരുടെ ബന്ധുക്കൾ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. മുന്നറിയിപ്പ് നൽകുന്നതിൽ ദുരന്തനിവാരണ അഥോറിറ്റിക്ക് വീഴ്ച പറ്റിയതായി ആരോപണം വ്യാപകമാണ്. മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.