- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഖിയെ നേരിടാൻ സർക്കാർ ഉണർന്നു പ്രവർത്തിച്ചില്ലെന്ന് വരുത്താൻ ആസൂത്രിത ശ്രമം; ദൃശ്യമാധ്യമങ്ങളെ കൂട്ടുപിടിച്ച് നടന്ന പ്രചരണത്തിന്റെ കള്ളത്തരം തിരിച്ചറിഞ്ഞ് മത്സ്യത്തൊഴിലാളികൾ; കാണാതായവർ ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ പ്രാർത്ഥനയോടെ കടലിൽ പോയവരുടെ ഉറ്റവരും ഉടയവരും; വിവിധ തുറകളിൽ നിന്ന് പോയ എൺപതോളം പേരെ പറ്റി വിവരമില്ലെന്ന് മത്സ്യത്തൊഴിലാളി സംഘടനാ നേതാവ് മറുനാടനോട്
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ സർക്കാർ ഉണർന്നു പ്രവർത്തിച്ചില്ലെന്ന് വരുത്താൻ ബോധപൂർവം ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമം ഉണ്ടായതായി വിലയിരുത്തൽ. തീരദേശവാസികളെ സർക്കാരിന് എതിരെ തിരിക്കാൻ ശ്രമം നടന്നതായ വിവരമാണ് ലഭിക്കുന്നത്. ചുഴലിക്കാറ്റിനെ പറ്റി യഥാസമയം അറിയിപ്പ് നൽകിയില്ലെന്നും അതാണ് മത്സ്യത്തൊഴിലാളികൾക്ക് വിനയായതെന്നുമാണ് പ്രചരണം. ദൃശ്യമാധ്യമങ്ങളിൽ ഇത്തരത്തിൽ ഇന്നലെ വാർത്ത വന്നതോടെ സർക്കാരിന് വീഴ്ചപറ്റിയെന്ന് സ്ഥാപിച്ചെടുക്കാൻ ബോധപൂർവമായ ശ്രമമുണ്ടായി. എന്നാൽ സർക്കാർ സംവിധാനം ഉണർന്നു പ്രവർത്തിച്ചതോടെ ആശങ്കകൾ അസ്ഥാനത്തായി. കാണാതായ തൊഴിലാളികളെ കണ്ടെത്താൻ നേവിയും എയർഫോഴ്‌സും ഉൾപ്പെടുന്ന സൈനിക സംവിധാനങ്ങളും കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്‌സ്‌മെന്റും ഒത്തുചേർന്ന രക്ഷാപ്രവർത്തനമാണ് ഇന്ന് നടന്നത്. കടലിൽ പോയ 126 മത്സ്യത്തൊഴിലാളികളെ പറ്റി വിവരങ്ങൾ ഒന്നും ലഭിച്ചില്ലെന്ന് പറയുമ്പോഴും ഇവർ ഏതെങ്കിലും തീരത്ത് എത്തിക്കാണുമെന്ന പ്രതീക്ഷയുണ്ട് നാട്ടുക
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ സർക്കാർ ഉണർന്നു പ്രവർത്തിച്ചില്ലെന്ന് വരുത്താൻ ബോധപൂർവം ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമം ഉണ്ടായതായി വിലയിരുത്തൽ. തീരദേശവാസികളെ സർക്കാരിന് എതിരെ തിരിക്കാൻ ശ്രമം നടന്നതായ വിവരമാണ് ലഭിക്കുന്നത്.
ചുഴലിക്കാറ്റിനെ പറ്റി യഥാസമയം അറിയിപ്പ് നൽകിയില്ലെന്നും അതാണ് മത്സ്യത്തൊഴിലാളികൾക്ക് വിനയായതെന്നുമാണ് പ്രചരണം. ദൃശ്യമാധ്യമങ്ങളിൽ ഇത്തരത്തിൽ ഇന്നലെ വാർത്ത വന്നതോടെ സർക്കാരിന് വീഴ്ചപറ്റിയെന്ന് സ്ഥാപിച്ചെടുക്കാൻ ബോധപൂർവമായ ശ്രമമുണ്ടായി.
എന്നാൽ സർക്കാർ സംവിധാനം ഉണർന്നു പ്രവർത്തിച്ചതോടെ ആശങ്കകൾ അസ്ഥാനത്തായി. കാണാതായ തൊഴിലാളികളെ കണ്ടെത്താൻ നേവിയും എയർഫോഴ്‌സും ഉൾപ്പെടുന്ന സൈനിക സംവിധാനങ്ങളും കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്‌സ്‌മെന്റും ഒത്തുചേർന്ന രക്ഷാപ്രവർത്തനമാണ് ഇന്ന് നടന്നത്.
കടലിൽ പോയ 126 മത്സ്യത്തൊഴിലാളികളെ പറ്റി വിവരങ്ങൾ ഒന്നും ലഭിച്ചില്ലെന്ന് പറയുമ്പോഴും ഇവർ ഏതെങ്കിലും തീരത്ത് എത്തിക്കാണുമെന്ന പ്രതീക്ഷയുണ്ട് നാട്ടുകാർക്ക്. കേന്ദ്ര-സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ ഇന്ന് തീരദേശവാസികൾ രാവിലെ തുടങ്ങിയ സമരം പിൻവലിച്ചു. കടലിൽപോയ ഉറ്റവരെല്ലാം തിരിച്ചെത്താൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് അവർ.
ഇനി 126 പേരെ പറ്റി വിവരം ലഭിക്കാനുണ്ടെന്നാണ് റവന്യൂ അധികൃതർ നൽകുന്ന വിവരം. അതേസമയം, തലസ്ഥാനത്തെ വിവിധ തുറകളിൽ നിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ എൺപതോളം പേരാണ് തിരിച്ചെത്താത്തതെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവ് ടി പീറ്റർ മറുനാടൻ മലയാളിയോട് പറഞ്ഞു.
എന്നാൽ ഇവർ സുരക്ഷിതരായിരിക്കുമെന്ന പ്രതീക്ഷയിലാണ് തീരദേശവാസികൾ. കടൽക്ഷോഭം ഉണ്ടായാൽ അതിനെ അതിജീവിക്കാൻ കായികശേഷിയുണ്ട് തൊഴിലാളികൾക്ക് എന്നതുതന്നെയാണ് എല്ലാവരുടേയും പ്രതീക്ഷ. ഇത് സർക്കാരിനെതിരെ പ്രതിഷേധിക്കാനുള്ള സമയമല്ലെന്നും എല്ലാവരും ഒരുമയോടെ നിന്ന് രക്ഷാപ്രവർത്തനം നടത്തണമെന്നും ഇന്നെല രാവിലെ കടപ്പുറത്ത് ആശ്വാസവചനവുമായി എത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതികരിച്ചിരുന്നു. സർക്കാർ സംവിധാനം ഇടപെട്ടില്ലേ എന്ന ചോദ്യമുയർത്തിയ ചാനൽ പ്രവർത്തകരോട് ആണ് ഉമ്മൻ ചാണ്ടി ഇത്തരത്തിൽ പ്രതികരിച്ചത്.
എൻജിൻ ഘടിപ്പിച്ച ചെറുവള്ളങ്ങളിൽ പോകുന്നവരിൽ ഒരു വിഭാഗം ഒരു ദിവസത്തിൽ തിരിച്ചുവരാൻ തയ്യാറെടുത്ത് പോകുന്നവരാണ്. കൂടുതൽ ദിവസം നിന്ന് കൂടുതൽ മീൻ ശേഖരിച്ച് വരാനുള്ള തയ്യാറെടുപ്പുമായി പോകുന്നവരും ഉണ്ട്. അതിനാൽ തന്നെ കടൽ ക്ഷോഭിക്കുന്നു എന്ന് മനസ്സിലായാൽ അപകടത്തിൽ നിന്ന് മാറി നിൽക്കാൻ പ്രാവീണ്യമുണ്ട് സ്വാഭാവികമായും തൊഴിലാളികൾക്ക്.
അവർക്ക് ഓഖി ചുഴലിക്കാറ്റ് ആപത്ത് ഉണ്ടാക്കിയില്ലെന്ന പ്രതീക്ഷയിലാണ് തീരദേശവാസികൾ. പല ചെറു ബോട്ടുകളിലും വള്ളങ്ങളിലും മൂന്നും അഞ്ചും പേരടങ്ങുന്ന സംഘമായാണ് യാത്ര. ഒന്നോ രണ്ടോ ദിവസത്തേക്ക് ചെറുവള്ളങ്ങളും ഒരാഴ്ചയോളം കടലിൽ കഴിയാൻ വലിയ വള്ളങ്ങളും ഭക്ഷണവും മറ്റും കരുതാറുണ്ട്. അതിനാൽ കടൽക്ഷോഭത്തെ എല്ലാവരും ചെറുത്തുനിൽക്കുമെന്ന പ്രതീക്ഷയാണ് തീരദേശവാസികൾ പങ്കുവയ്ക്കുന്നത്.
എന്നാൽ സർക്കാർ ഉണർന്നു പ്രവർത്തിച്ചില്ലെന്ന ആക്ഷേപമുയർത്താൻ ചില ശ്രമങ്ങൾ നടന്നതോടെയാണ് പലരും കുടുതൽ ആശങ്കയിലായത്. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആപത്ത് പറ്റിയെന്ന നിലയിൽ വാർത്തകൾ വന്നതോടെ ഇത് സർക്കാരിന് എതിരായ പ്രതിഷേധമായി മാറി. അതേസമയം, എല്ലാവരേയും രക്ഷിക്കാൻ കാലാവസ്ഥ പ്രതികൂലമായെന്ന് മനസ്സിലായപ്പോൾ തന്നെ സൈന്യവും തീരസേനയുമെല്ലാം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരുന്നു.
ഇതിനകം നാന്നൂറിലേറെ പേരെ രക്ഷിച്ച് കരയ്‌ക്കെത്തിക്കാൻ കഴിഞ്ഞുവെന്നതു തന്നെ ഈ കൂട്ടായ ശ്രമത്തിന്റെ ഫലമാണ്. അടിമലത്തുറ, പൂന്തുറ, വിഴിഞ്ഞം, വലിയതുറ, വെട്ടുകാട്, കൊച്ചുവേളി, തുമ്പ എന്നീ കടപ്പുറങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് ഇതുവരെ വിവരമൊന്നും ലഭിക്കാത്തവരിൽ ഏറെയും.
ഇവർക്കായി തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇവരെല്ലാം താമസിയാതെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് തീരദേശവാസികൾ. പ്രതീക്ഷിക്കാത്ത രീതിയിലാണ് കാറ്റ് വന്നത് എന്നതിനാൽ എല്ലാവരും ഭയപ്പാടിലുമാണ്. ഉറ്റവർക്ക് ആപത്തൊന്നും വരുത്തരുതേ എന്ന പ്രാർത്ഥനയുമായി കഴിയുകയാണ് എല്ലാവരും.