ഒക്ലഹോമ : ഒക്ലഹോമ പബ്ലിക് സ്‌കൂൾ അദ്ധ്യാപകർ ഏപ്രിൽ 2 ന് ആരംഭിച്ച സമരം 9-ാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ പൊതുവിദ്യാഭ്യാസ രംഗം നിശ്ചലമായി. ശമ്പള വർധനവും സ്‌കൂൾ ഫണ്ടിങ്ങ് വർധനവും ആവശ്യപ്പെട്ടാണ് അദ്ധ്യാപകർ സമരം ആരംഭിച്ചത്.

ഒക്ലഹോമ സംസ്ഥാനത്തെ വലിയ സിറ്റികളെ സമരം സാരമായി ബാധിച്ചു. 50,0000 മുതൽ 70,0000 വരെയുള്ള വിദ്യാർത്ഥികളാണ് സമരത്തിന്റെ ദുരന്ത ഫലങ്ങൾ അനുഭവിക്കുന്നത്.

ഇതിനിടെ ഒക്ലഹോമ ഗവർണർ അദ്ധ്യാപകരുടെ ശമ്പളം 6100 ഡോളർ വർധിപ്പിക്കാനുള്ള നിയമ നിർമ്മാണം നടത്തിയെങ്കിലും മൂന്നു വർഷത്തിനുള്ളിൽ 10,000 ഡോളർ വർധനവ് വേണമെന്നാണ് അദ്ധ്യാപക യൂണിയന്റെ ആവശ്യം. അദ്ധ്യാപകരും ആവശ്യം അംഗീകരിക്കുന്നില്ലെങ്കിൽ, ഒക്ലഹോമയിലെ ഏറ്റവും വലിയ അദ്ധ്യാപക സംഘടനയിലെ നേതാക്കൾ സമരം തുടരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സമരം ഒൻപതാം ദിവസത്തേക്കു പ്രവേശിച്ചതോടെ രക്ഷാകർത്താക്കളും രംഗത്തെത്തി. വിദ്യാർത്ഥികളുടെ പരീക്ഷകൾ യഥാസമയം നടത്തുന്നില്ലെങ്കിൽ നിലവിൽ അംഗീകരിച്ച ഫണ്ടിങ്ങ് പോലും നഷ്ടപ്പെടുമെന്നാണ് ഒക്ലഹോമ സ്‌കൂൾ സൂപ്രണ്ട് അറിയിച്ചത്.