മെയ്‌വഴക്കമാണ് ജിംനാസ്റ്റിക്‌സിന് ഏറ്റവും അത്യാവശ്യം വേണ്ട കാര്യം. കൗമാരം വിടുംമുമ്പെയാണ് ജിംനാസ്റ്റിക്‌സ് താരങ്ങളുടെ നല്ല കാലം എന്ന് കരുതുന്നതും അതുകൊണ്ടുതന്നെ. എന്നാൽ, ഈ കളിയിൽ പ്രായത്തിന് വലിയ പ്രാധാന്യമില്ലെന്ന് തെളിയിച്ചുകൊണ്ട് ഒരാൾ റിയോയിൽ എത്തിയിട്ടുണ്ട്.

തന്റെ ഏഴാം ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഉസ്‌ബെക്കിസ്താൻകാരി ഒക്‌സാന ചുസോവിറ്റിനയാണ് അത്. തന്റെ മക്കളാകാൻ പ്രായമുള്ള താരങ്ങൾക്കൊപ്പമാണ് ഈ 41-കാരി മത്സരിച്ചത്. യഥാർഥത്തിൽ ഒക്‌സാനയ്ക്ക് 17 വയസ്സുള്ള മകനുമുണ്ട്. ഒളിമ്പ്ക്‌സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതയെന്ന ഖ്യാതിയും അവർ സ്വന്തമാക്കി.

വെറുതെ പങ്കെടുത്ത് ചരിത്രം സൃഷ്ടിക്കുകയല്ല ഒക്‌സാനയുടെ ലക്ഷ്യം. എതിരാളികളുമായി പോരടിക്കാൻ ഉറച്ചെത്തിയ ഈ മധ്യവയസ്‌ക വോൾട്ട് വ്യക്തിഗത ഇനത്തിൽ ഫൈനലിൽ കടക്കുകയും ചെയ്തു. തന്റെ പ്രായത്തിനുകൂടി മാർക്ക് നൽകേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ് മത്സരശേഷം അവർ പങ്കുവച്ചത്.

24 വർഷം മുമ്പ് 1992-ൽ ബാഴ്‌സലോണ ഒളിമ്പിക്‌സിൽ സ്വർണം നേടിയ ഒക്‌സാന, 2008-ൽ ബെയ്ജിങ്ങിൽ വെള്ളിമെഡലും കരസ്ഥമാക്കിയിട്ടുണ്ട്. ലോകചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണം, നാല് വെള്ളി, നാല് വെങ്കലം എ്ന്നിവയും എക്കാലത്തെയും മികച്ച ജിംനാസ്റ്റുകളിലൊരാളായി പരിഗണിക്കപ്പെടുന്ന ഒക്‌സാന നേടിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം എന്നിവയാണ് അവരുടെ നേട്ടങ്ങൾ.

മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളുടെ ഐക്യ ടീമായ യൂണിഫൈഡ് ടീമിനൊപ്പമെത്തിയാണ് 1992-ൽ ഒക്‌സാന സ്വർണം അണിഞ്ഞത്. ജർമനിക്കുവേണ്ടിയും മത്സരിച്ചിട്ടുള്ള ഒക്‌സാന, ഇക്കുറിയും മെഡൽ നേടാനാവുമെന്ന പ്രതീക്ഷയിലാണ്.