ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിലെ അവസാന സംഘം ഇന്ത്യയിൽ തിരിച്ചെത്തി. താരങ്ങളെ സ്വീകരിക്കാൻ ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആയിരക്കണക്കിന് ആരാധകരെത്തി.

ജാവലിൻ ത്രോയിൽ സ്വർണം നേടി ചരിത്രമെഴുതിയ നീരജ് ചോപ്രയും ഗുസ്തിയിൽ വെള്ളി നേടിയ രവി കുമാർ ദഹിയയും വെങ്കലം നേടിയ ബജ്റംഗ് പുനിയയും ബോക്സിങ്ങിൽ വെങ്കലം സ്വന്തമാക്കിയ ലവ്ലിനയും സംഘത്തിലുണ്ടായിരുന്നു.

 

ഈ സ്വീകരണം പ്രതീക്ഷിച്ചിരുന്നതായും രാജ്യത്ത് തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും നീരജ് പ്രതികരിച്ചു. താരത്തിന്റെ കുടുംബാംഗങ്ങളും ഹരിയാണയിൽ നിന്ന് ന്യൂഡൽഹിയിലെത്തിയിരുന്നു.

പുരുഷന്മാരുടെ 4ഃ400 മീറ്റർ റിലേയിൽ പങ്കെടുത്ത മലയാളി താരങ്ങളായ മുഹമ്മദ് അനസ് യഹിയയും അമോജ് ജേ്ക്കബും നോഹ നിർമൽ ടോമും സംഘത്തിലുണ്ടായിരുന്നു. ഇവരുൾപ്പെട്ട റിലേ ടീം ടോക്യോയിൽ പുതിയ ഏഷ്യൻ റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തു.

 

ഒളിംപിക്‌സിലെ അവിസ്മരണീയ പ്രകടനത്തിനുശേഷം ഇന്ത്യയുടെ പുരുഷ-വനിതാ ഹോക്കി ടീമുകളും തിരിച്ചെത്തി. ഹോക്കി താരങ്ങൾക്ക് വീരോചിത വരവേൽപ്പാണ് ലഭിച്ചത്. ഒളിംപിക്‌സിൽ ഇന്ത്യക്കായി മെഡൽ നേടിയ താരങ്ങളെ കായിക മന്ത്രാലയം ആദരിക്കുന്നുണ്ട്.

ഒളിംപിക്‌സ് ഹോക്കിയിൽ വീരോചിത പ്രകടനം നടത്തിയ പുരുഷ ടീം 41 വർഷത്തിനുശേഷം ആദ്യമായി മെഡലുമായാണ് രാജ്യത്ത് തിരിച്ചെത്തിയത്. സെമിയിൽ ലോക ചാമ്പ്യന്മാരായ ബെൽജിയത്തോട് തോറ്റ പുരുഷ ടീം വെങ്കല പോരാട്ടത്തിൽ ജർമനിയെ വീഴ്‌ത്തിയാണ് 1980നുശേഷമുള്ള ഹോക്കിയിലെ ആദ്യ മെഡൽ സ്വന്തമാക്കിയത്. ടീമിലെ മലയാളിയായ ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ പ്രകടനും ഇന്ത്യയുടെ വെങ്കല നേട്ടത്തിൽ നിർണായകമായി. സെമിയിലും ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്‌ട്രേലിയയോടും മാത്രമാണ് ഇന്ത്യൻ ടീം തോറ്റത്.

 

വനിതാ ടീമാകട്ടെ തുടർച്ചയായ മൂന്ന് തോൽവികൾക്കുശേഷം രണ്ട് തുടർ ജയങ്ങളുമായി ഗ്രൂപ്പിലെ നാലാം സ്ഥാനക്കാരായാണ് ക്വാർട്ടറിലെത്തിയത്. ക്വാട്ടറിൽ കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ചരിത്രത്തിലാദ്യമായി സെമിയിലെത്തുകയും ചെയ്തു. സെമിയിൽ അർജന്റീനയോടും വെങ്കല പോരാട്ടത്തിൽ ബ്രിട്ടനോടും തോറ്റ് നാലാം സ്ഥാനത്തായെങ്കിലും ഇന്ത്യൻ വനിതാ ടീം പുറത്തെടുത്ത പോരാട്ടവീര്യം ആരാധകരുടെ ഹൃദയം കവർന്നിരുന്നു.

 

ഭാരോദ്വഹനത്തിലെ വെള്ളി ജേതാവ് മീരാബായ് ചാനുവും ബാഡ്മിന്റണിൽ വെങ്കലം നേടിയ പിവി സിന്ധുവും നേരത്തെ തന്നെ ഇന്ത്യയിലെത്തിയിരുന്നു.