ലോകത്തെവിടെയും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ ഉത്കണ്്ഠപ്പെടുന്നവരാണ് അമേരിക്കക്കാർ. എന്നാൽ, സ്വന്തം രാജ്യത്ത് നടക്കുന്ന ഹീനകൃത്യങ്ങൾ അവർ കാണാറില്ല. കെയർ ഹോമിൽനിന്ന് ഇറങ്ങാൻ വിസമ്മതിച്ച 93-കാരിയെ അമേരിക്കയിൽ കൈയാമംവെച്ച് ജയിലിടച്ച വാർത്തയാണ് ഇപ്പോൾ ലോകമെങ്ങും ചർച്ച ചെയ്യുന്നത്.

ഫ്‌ളോറിഡയിലെ ലേക്ക് കൗണ്ടിയിൽനിന്നുള്ള ജുവാനിറ്ര ഫിറ്റ്‌സ്‌ജെറാൽഡിലാണ് ഈ ദുരനുഭവമുണ്ടായത്. നാഷണലൽ ചർച്ച റെസിഡന്റ്‌സിന്റെ ഫ്രാങ്കഌൻ ഹൗസിൽ താമസിച്ചിരുന്ന ജുവാനിറ്റയെ അധികൃതർ അവിടെനിന്ന് ഇറക്കിവിട്ടു. എന്നാൽ പോകാൻ കൂട്ടാക്കാതിരുന്നപ്പോഴാണ് പൊലീസെത്തി കൈയാമംവെച്ച് ജയിലിലടച്ചത്.

തിങ്കളാഴ്ച തന്നെ ജുവാനിറ്റയ്ക്ക് നോട്ടീസ് നൽകിയിരുന്നുവെന്നും അത് പാലിക്കാതിരുന്നതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. തന്നെ ഇവിടെനിന്ന് ബലമായി പുറത്തേയ്ക്കു കൊണ്ടുപോയാലല്ലാതെ താൻ ഇറങ്ങില്ലെന്ന് ജുവാനിറ്റ വാശിപിടിച്ചതായും പൊലീസ് രേഖകളിൽ കാണുന്നു.

ബന്ധുക്കളെ വിവരമറിയിക്കാമെന്ന് അധികൃതർ പറഞ്ഞെങ്കിലും ജുവാനിറ്റ അത് നിഷേധിച്ചതായി ലേക്ക് കൗണ്ടി പൊലീസ പറഞ്ഞു. കെയർ ഹോമിലെ നഴ്‌സിനൊപ്പം താമസിക്കാമെന്ന വാഗ്ദാനവും അവർ അംഗീകരിച്ചില്ല. പൊലീസെത്തി അനുനയിപ്പിച്ച് പുറത്തേയ്ക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ജുവാനിറ്റ വഴങ്ങിയില്ല.

നിലത്തേയ്ക്ക് ഇരുന്ന് ജുവാനിറ്റ തന്നെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ച പൊലീസിനെ തടഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് ബലംപ്രയോഗിച്ച് പുറത്തുകൊണ്ടുപോയത്. പൊലീസ് കാറിൽ കൊണ്ടുപോയ ഇവർക്ക് കൈയാമം വെച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കോടതി ഇവരെ തൽക്കാലത്തേക്ക് തടവിൽ സൂക്ഷിക്കാനും ഉത്തരവിട്ടു.

തന്റെ 94-ാം പിറന്നാൾ ജയിലിൽ ആഘോഷിക്കേണ്ട അവസ്ഥയിലാണ് ജുവാനിറ്റ ഇപ്പോൾ. വെള്ളിയാഴ്ചയാണ് ജുവാനിറ്റയുടെ പിറന്നാൾ. കെയർ ഹോമിൽ അതിക്രമം കാട്ടിയതിന് കോടതി നടപടികളും അവർ നേരിടേണ്ടിവരും. ഡിസംബർ 27-ന് കോടതിയിൽ ഹാജരാകണമെന്ന് ജുവാനിറ്റയോട് നിർദേശിച്ചിട്ടുണ്ട്.

താൻ വേഗം മരിക്കുമെന്നും അതുകൊണ്ട് ഇനി വാടക നൽകേണ്ടതില്ലെന്നുമുള്ള നിലപാടിലായിരുന്നു ജുവാനിറ്റയെന്ന് നാഷണൽ ചർച്ച് റെസിഡൻസസിലെ വക്താവ് കാരൻ ട്വിനെം പറഞ്ഞു. എന്നാൽ, ഇക്കാര്യങ്ങളൊക്കെ ജുവാനിറ്റ നിഷേധിച്ചു. തന്നെ മനപ്പൂർവം പൊലീസിനെക്കൊണ്ട് പുറത്താക്കിക്കുകയായിരുന്നുവെന്നാണ് അവർ പറയുന്നത്.